വിശന്ന വയറില്‍ ഒരു ചെറുപ്പക്കാരനെ 'ആള്‍ക്കൂട്ട നീതി' കൊന്നു കളഞ്ഞിട്ട് അഞ്ചാണ്ട്; അട്ടപ്പാടി മധു കേസില്‍ ഇന്ന് വിധി പറയും
വിശന്നൊട്ടിയ വയറുമായി തനിക്കു ചുറ്റും തിങ്ങിയ ആള്‍ക്കൂട്ടം പറയുന്നതൊന്നും മനസ്സിലാകാതെ ചിരിച്ചു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍. തനിക്കുമേല്‍ ഘോരഘോരം ഓരോ അടി വീഴുമ്പോഴും അവന്‍ നിഷ്‌ക്കളങ്കമായി ചിരിച്ചു. തന്നെ വിചാരണ നടത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തോട് വിശക്കുന്നൂ എന്ന് പറയുമ്പോഴും അവന്‍ ചിരിച്ചു..ഒടുവില്‍ വലിയൊള്‍ക്കൂട്ടത്തിന്റെ 'നീതി' നടപ്പാക്കലിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ അതിദരിദ്രനും നിസ്സഹായനും ഒട്ടും കായബലമില്ലാത്തവനും അതിലേറെ ഭദ്രമല്ലാത്ത ഒരു മനോനിലയുടെ ഉടമയുമായ ആ ചെറുപ്പക്കാരന്‍ തളര്‍ന്നു പോയി. തീര്‍ത്തും അവശനായ അവന്‍ ഏറെ താമസിയാതെ ഈ 'പ്രബുദ്ധ' ലോകത്തോട് വിടപറഞ്ഞു.
ലോകത്തിനു മുന്നില്‍ 'പ്രബുദ്ധ' കേരളം നാണംകെട്ട് നിന്ന സംഭവമായിരുന്നു അത്. പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് അഞ്ചാണ്ട് പിന്നിട്ടിരിക്കുന്നു. 2018 ഫെബ്രുവരി 22നാണ് 27കാരനായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ ഇന്ന് വിധി പറയുകയാണ്. മണ്ണാര്‍ക്കാട് എസ് സിഎസ്ടി കോടതിയാണ് കേസില്‍ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നീതി പ്രതീക്ഷിച്ചു കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്.
നീണ്ടു പോയ വിചാരണ, കൂറുമാറുന്ന സാക്ഷികള്‍
ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് നാലുവര്‍ഷത്തിലേറെക്കഴിഞ്ഞാണ് കേസില്‍ വിചാരണ ആരംഭിച്ചതുതന്നെ. പൊലിസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണക്കോടതിയില്‍ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്.പി.പി.) നിയമിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ആദ്യകാലത്ത് താത്പര്യക്കുറവ് കാട്ടി. ഒരൊറ്റ കേസിനുവേണ്ടിമാത്രം ഒരു എസ്.പി.പി.യെ നിയമിക്കുകയോ എന്നായിരുന്നു സര്‍ക്കാരിന്റെ ചോദ്യം. പിന്നീട് നിയമിച്ചപ്പോഴാകട്ടെ, ആ പദവിയില്‍ ആളുകള്‍ മാറിമാറിവന്നതും കേസിന് തിരിച്ചടിയായി. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
കേസിലെ പ്രതികളില്‍ മിക്കവരും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രബലകക്ഷികളുടെ പ്രവര്‍ത്തകരാണെന്നാണ് പറയുന്നത്. കേസിലെ രണ്ട് മുന്‍ എസ്.പി.പി.മാരുടെ ഭാഗത്തുനിന്ന് പ്രതികള്‍ക്ക് അനുകൂലമായ നീക്കങ്ങളുണ്ടായതായും ആരോപണമുയര്‍ന്നിരുന്നു. കേസിലുടനീളം പ്രതികളുടെ സ്വാധീനശക്തി പ്രകടമായിട്ടുണ്ടെങ്കിലും, ശുഭപ്രതീക്ഷ കൈവിടുന്നില്ലെന്ന് മധുവധത്തെത്തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ വി.എസ്. മുരുകന്‍ പറയുന്നു.
അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയ വിചാരണ ഘട്ടം
അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.
പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ കേസിലെ വിധി പ്രഖ്യാപനം ഏപ്രില്‍ നാലിലേക്ക് മാറ്റുകയായിരുന്നു.
വിധി വരുമ്പോഴുള്ള ആകാംക്ഷ പലതാണ്. കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി ഉണ്ടാകുമോ? കൂറുമാറ്റാന്‍ ഇടനില നിന്നവര്‍ക്ക് എതിരെ കേസുണ്ടാകുമോ, പ്രതിഭാഗം അഭിഭാഷകര്‍ കൂറുമാറ്റാന്‍ ഇടപെട്ടോ, മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിനെ തെളിവായി പരിഗണിച്ചോ എന്നെല്ലാം ചോദ്യങ്ങളുണ്ട്. ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ ഇന്നത്തെ വിധി പ്രസ്താവത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."