പ്രതിപക്ഷ ഐക്യം മാറ്റത്തിന്റെ സൂചനയോ?
പ്രൊഫ. റോണി കെ. ബേബി
ഇന്ത്യയുടെ ദേശീയ പതാകയിൽ ഈ രാജ്യത്തിനുവേണ്ടി ചിതറിത്തെറിച്ച എന്റെ കുടുംബാംഗങ്ങളുടെ ചോരത്തുള്ളികൾ പതിഞ്ഞിട്ടുണ്ട്' എന്ന് പ്രിയങ്ക ഗാന്ധി രാജ്ഘട്ടിൽ നിന്നുകൊണ്ട് പറയുമ്പോൾ വാക്കുകൾ ചാട്ടുളിപോലെ തുളഞ്ഞുകേറുന്നത് ബി.ജെ.പിയുടെ നെഞ്ചിലാണ്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെതിരേ രാജ്യവ്യാപക പ്രതിഷേധം കനക്കുമ്പോൾ ബി.ജെ.പി പ്രതിരോധത്തിലാവുകയാണ്.
രാഹുൽ ഗാന്ധിക്കെതിരായ വേട്ടകൾ അപ്രതീക്ഷിത പ്രതിപക്ഷ ഐക്യത്തിനുകൂടി വഴിയൊരുക്കുന്നുണ്ട്. മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതിയുടെ വിവാദ വിധിയെത്തുടർന്ന് പ്രതിപക്ഷത്തിന് ഒന്നിച്ചു അണിചേരാനുള്ള വേദി ഒരുങ്ങുകയാണ്. കോൺഗ്രസുമായി അകലം പാലിക്കുന്ന തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്.), സമാജ്‌വാദി പാർട്ടി എന്നീ പാർട്ടികൾ രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് പുറത്താക്കിയ നടപടിയെ അപലപിക്കുകയും സ്വേച്ഛാധിപത്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പിന്തുണ പ്രഖ്യാപിച്ചെത്തിയ പാർട്ടികളുമായി പാർലമെൻ്റിന് പുറത്തേക്കും സഹകരണം വ്യാപിപ്പിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കുകയാണ്. പൊതുതെരഞ്ഞെടുപ്പും നിർണായക നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ബി.ജെ.പിയെ കൂടുതൽ സമർദത്തിലാക്കാൻ ലക്ഷ്യമിടുന്നതാണ് പ്രതിപക്ഷം നീക്കം. പൊതുതെരഞ്ഞെടുപ്പിന് മുൻപ് സഖ്യമുൾപ്പെടെ അസാധ്യമെങ്കിലും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ നീക്കം സഹായകമാകും.
രാഹുൽ ഗാന്ധിക്കെതിരേ കേന്ദ്രസർക്കാർ സ്വീകരിച്ചത് അതിരുവിട്ട നടപടിയാണെന്നു വിലയിരുത്തിയുള്ള വിഷയാധിഷ്ഠിത, താൽക്കാലിക പിന്തുണയാണ് തൃണമൂൽ ഉൾപ്പെടെയുള്ള കക്ഷികൾ ഇപ്പോൾ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപുള്ള ഐക്യത്തിലേക്കും ധാരണയിലേക്കും അതു വളർത്തിയെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് കോൺഗ്രസിന് മുൻപിലുള്ളത്.
ദേശീയതലത്തിൽ രൂപപ്പെട്ട ഐക്യം മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിനു പിന്നാലെ വിവിധ പ്രതിപക്ഷ കക്ഷികളും രംഗത്തിറങ്ങുന്നു എന്നത് ശുഭസൂചനയാണ്. സാമൂഹിക നീതി വിഷയത്തിൽ ഡി.എം.കെ നടത്തുന്ന കോൺക്ലേവിലേക്ക് രാജ്യത്തെ 19 കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കു പിന്നാലെ കേന്ദ്രത്തെ വിമർശിച്ച് രംഗത്തിറങ്ങിയവരാണ് ഈ പാർട്ടികൾ. സ്റ്റാലിൻ കഴിഞ്ഞ ജനുവരിയിൽ പുതുതായി രൂപം നൽകിയ അഖിലേന്ത്യ സാമൂഹിക നീതി ഫെഡറേഷൻ എന്ന സംഘടനയാണ് പരിപാടി നടത്തുന്നത്.
രാഹുൽ ഗാന്ധിയെ മുൻപ് നിരന്തരം വിമർശിക്കുകയും മൂന്നാം മുന്നണി രൂപീകരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്ത മുഖ്യമന്ത്രിമാരായ മമത ബാനർജി(തൃണമൂൽ), അരവിന്ദ് കേജ്രിവാൾ(ആം ആദ്മി), കെ. ചന്ദ്രശേഖര റാവു(ബി.ആ.ർഎസ്) എന്നിവർ പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി നിൽക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്.
ചരിത്രം ആവർത്തിക്കുമോ
രാജ്യത്ത് ഇതിനുമുൻപ് പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചുനിന്നപ്പോൾ ഭരണകക്ഷി അധികാരത്തിൽനിന്ന് പുറത്തായ ചരിത്രമാണുള്ളത്. 1977 ലും 1989 ലും പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചപ്പോൾ ഭരണത്തിലിരുന്ന കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തായി. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ ചരിത്രം ആവർത്തിക്കപ്പെടാൻ രാഹുൽ ഗാന്ധിക്ക് എതിരായ നടപടികൾ കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിൽ ബി.ജെ.പിക്ക് ഭയപ്പെടാനുണ്ടെന്ന് പറയുന്നതിൽ പ്രധാന കാര്യം ലോക്‌സഭയിൽ സീറ്റുകളുടെ എണ്ണത്തിൽ മൂന്നു മുതൽ പത്തുവരെ സ്ഥാനങ്ങളിൽ എത്തിയ പ്രാദേശിക പാർട്ടികൾ ആകെ നേടിയ സീറ്റുകൾ 1999ൽ 123, 2004ൽ 158, 2019ൽ 123 ക്രമത്തിലാണ് എന്ന കണക്കുകളാണ്. ദേശീയതലത്തിൽ കോൺഗ്രസ് ദുർബലമായെങ്കിലും പ്രാദേശികപാർട്ടികൾ ഇന്നും കരുത്തുകാണിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 1999 ലും 2014 ലും ബി.ജെ.പിയേയും 2004ൽ കോൺഗ്രസിനെയും അധികാരത്തിൽ എത്തിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ബി.ജെ.പിയുടെ സ്വാധീനം വർധിക്കുമ്പോഴും ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ, ജനതാദൾ യുനൈറ്റഡ്, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ബി.ആർ.എസ്, തെലുഗുദേശം, ജാർഖണ്ഡ് മുക്തി മോർച്ച, ആസാം ഗണ പരിഷത് തുടങ്ങിയ പ്രാദേശിക പാർട്ടികൾ ഇപ്പോഴും അവരുടെ തട്ടകങ്ങളിൽ ശക്തമായി തുടരുന്നു. പിളർന്നെങ്കിലും അണ്ണ ഡി.എം.കെയും ശിവസേനയും ഇപ്പോഴും അവരുടെ സ്വാധീന മേഖലകളിൽ നിർണായക ശക്തികളാണ്. ദേശീയ പാർട്ടി പദവിയുള്ള ആം ആദ്മി പാർട്ടി ചില സംസ്ഥാനങ്ങളെങ്കിലും നിർണായക സ്വാധീനമുള്ളവരാണ്.
ദുർബലമാകുന്ന എൻ.ഡി.എ
മുൻപ് പല പ്രാദേശിക പാർട്ടികളും ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ തങ്ങളുടെ സംസ്ഥാനങ്ങളിൽ ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നതിലും പ്രാദേശിക പാർട്ടികൾ ഇപ്പോൾ അസ്വസ്ഥരാണ്. ഈ പാർട്ടികൾക്കൊക്കെ മുൻപ് കോൺഗ്രസിനോട് ഉണ്ടായിരുന്ന വിരോധം അത്ര ശക്തമല്ലതാനും. ബംഗാളിലും തൃപുരയിലും സി.പി.എമ്മും ആന്ധ്രയിൽ തെലുഗുദേശവും മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസുമായി കൂട്ടുചേർന്ന ഉദാഹരണങ്ങൾ ഇതിന്റെ സൂചനയാണ്.
ബി.ജെ.പി സഖ്യത്തിൽനിന്ന് പുറത്തുവന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യു, ഉദ്ധവ് താക്കറെയുടെ ശിവസേന, നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ, ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം, മെഹബൂബാ മുഫ്തിയുടെ പി.ഡി.പി തുടങ്ങിയ കക്ഷികളും ബി.ജെ.പിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതു പക്ഷപാർട്ടികൾ ഉൾപ്പടെയുള്ള സമാന ചിന്താഗതി പുലർത്തുന്ന പാർട്ടികളും യു.പി.എയിലെ നിലവിലുള്ള സഖ്യ കക്ഷികളുമടക്കം വിശാല പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത് . രാഹുൽ ഗാന്ധിക്ക് എതിരായ നടപടികൾ ഇതിന് ആക്കം കൂട്ടുകയാണ്.
2003 നൽകുന്ന പാഠം
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റ് പാർട്ടികളുമായി ചേർന്ന് വിശാല സഖ്യം രൂപീകരിക്കാനുള്ള 2003 ലെ സിംല കോൺഗ്രസ് ശിബിരത്തിന്റെ ആഹ്വാനമാണ് 2004 ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പുറത്താക്കി ഐക്യ പുരോഗമന സഖ്യത്തെ അധികാരത്തിൽ എത്തിച്ചത്. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു സാഹചര്യം ദേശീയരാഷ്ട്രീയത്തിൽ ഉരുത്തിരിയുന്നുണ്ട് എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
പ്രതിപക്ഷ ഐക്യത്തിന് ആദ്യമായി സിംല ശിബിരത്തിൽ ആഹ്വാനം ചെയ്ത കോൺഗ്രസ് അല്ല ഇന്നത്തേത്. 2003 ലെ ബി.ജെ.പിയുമല്ല ഇന്നത്തേത്. ദേശീയ രാഷ്ട്രീയം വല്ലാതെ മാറിയിരിക്കുന്നു. സിംല ശിബിരത്തിൽ പങ്കെടുത്തത് കോൺഗ്രസിലെ 15 സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നുവെങ്കിൽ റായിപൂരിലേക്ക് എത്തിയപ്പോൾ അത് മൂന്നായി ചുരുങ്ങി. 1999 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28.30 % വോട്ടു വിഹിതവും 114 സീറ്റുകളും ഉണ്ടായിരുന്നുവെങ്കിൽ 2019ൽ 19.49 % വോട്ടും 52 സീറ്റുകളുമായി പിന്നോക്കം പോയിരിക്കുന്നു.
1999 ൽ 23.75 % വോട്ടുകളും 182 സീറ്റുകളും ഉണ്ടായിരുന്ന ബി.ജെ.പി 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 37.36% വോട്ടും 303 സീറ്റുമായി കുതിച്ചുകയറിയിരിക്കുന്നു. 2004ൽ ഐക്യ പുരോഗമന സഖ്യത്തെ അധികാരത്തിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച് 43 സീറ്റ് നേടിയ സി.പി.എം, മൂന്നാം മുന്നണിയിലെ പ്രമുഖ പാർട്ടിയായി 1999ൽ 33 സീറ്റുമായി ലോക്‌സഭയിൽ മൂന്നാം സ്ഥാനത്തായിരുന്നുവെങ്കിൽ 2019ൽ മൂന്ന് സീറ്റുമായി പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നു. ദേശീയരാഷ്ട്രീയത്തിലും കോൺഗ്രസിന്റെ കരുത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ അത്തരം പ്രതിപക്ഷ ഐക്യം യാഥാർഥ്യമായാൽ ദേശീയതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."