ശുചിമുറിയിലെ ടൈല്‍സില്‍ രക്തക്കറ; പാലത്തായി കേസില്‍ പീഡനം നടന്നതായി ശാസ്ത്രീയ തെളിവ്
തലശേരി: വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്്. പാലത്തായില്‍ ഒന്‍പത് വയസുകാരി പീഡനത്തിന് ഇരയായെന്ന്് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍വെച്ച് പീഡിപ്പിച്ചവെന്നും പീഡനത്തെത്തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതായും പെണ്‍കുട്ടി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശുചിമുറിയില്‍ നടത്തിയ പരിശോധനയില്‍ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തി. വിദ്യാലയത്തിലെ രണ്ട് ശുചി മുറികളിലെയും ടൈല്‍സ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്ത പൊലിസ് ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി.
കേസില്‍ ഉടന്‍ തന്നെ പൊലിസ് തലശേരി പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാലത്തായിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. 2020 ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില്‍ നിരവധി തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് കേസ്.
ലോക്കല്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഐജിയുടെ ഫോണ്‍ സംഭാഷണം പുറത്തായത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."