'കാക്കയുടെ നിറം, കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല': കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നര്‍ത്തകി സത്യഭാമ
കൊച്ചി: പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നര്‍ത്തകി സത്യഭാമ. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് സത്യഭാമയുടെ പരാമര്‍ശം. പുരുഷന്‍മാരിലും സൗന്ദര്യം ഉള്ളവര്‍ ഇല്ലേ അവര്‍ കളിക്കട്ടേ എന്നാണ് നര്‍ത്തകി പറയുന്നത്. ഇയാളെ കാണാന്‍കൊള്ളില്ല. കണ്ടാല്‍ ദൈവം പോട്ടെ പെറ്റ തള്ള പോലും സഹിക്കില്ല എന്നൊരു പ്രസ്താവനയും ഇറക്കുന്നു അവര്‍ അഭിമുഖത്തില്‍. സത്യഭാമ പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസരി ആര്‍.എസ്.എസ്.മുഖപത്രമായ കേസരി വാരികയിലെ എഴുത്തുകാരിയാണ് ഇവരെന്നും റിപ്പോര്‍ട്ടുണ്ട്.
നിരവധി പേരാണ് ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.
പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍.എല്‍.വി രാമകൃഷണന്‍ പ്രതികരിച്ചു. ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഞാന്‍ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാന്‍ ഏതോ ഒരു സ്ഥാപനത്തില്‍ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവര്‍ പുലമ്പുന്നത്. എന്നാല്‍ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാന്‍ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്.' അദ്ദേഹം പറഞ്ഞു.
'കലാമണ്ഡലം പേരോടു ചേര്‍ത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി നേടുന്നതും ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു.
ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യു'മെന്നും രാമകൃഷ്ണന്‍ കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."