നടിയെ അക്രമിച്ച കേസ്: വിമര്‍ശനങ്ങള്‍ കണക്കിലെടുക്കുന്നില്ല, പോരാട്ടവുമായി മുന്നോട്ട്; മുഖ്യമന്ത്രി പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയെന്നും അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
കേസിലുള്ള ആശങ്കകളാണ് പങ്കുവെച്ചതെന്ന് കൂടിക്കാഴ്ചക്കു ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിലെ കാര്യങ്ങള്‍ സംസാരിച്ചു. നിഷ്പക്ഷമായ അന്വേഷണം മുഖ്യമന്ത്രി ഉറപ്പു നല്‍കി. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പൂര്‍ണ പിന്തുണയും മുഖ്യമന്ത്രി ഉറപ്പു നല്‍കി.കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ നേരില്‍ കാണേണ്ട സമയം ഇതാണെന്നു തോന്നി. അതിനാലാണ് അദ്ദേഹത്തെ ഇപ്പോള്‍ കണ്ടത. മന്ത്രിമാരുടെ വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. തന്റെ ഹരജി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. അതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ കണക്കിലെടുക്കുന്നില്ല. ആരുടേയും വായടപ്പിക്കാനില്ല. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തീരുമാനിച്ചതു കൊണ്ടാണ് മുന്നോട്ടു പോവുന്നത്. ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് മുന്നോട്ടുള്ള യാത്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാറും കൂടിക്കാഴ്ച നടത്തിയത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ നടിയെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്.
എന്നാല്‍ നടിക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം നടി പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നല്‍കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.
പ്രതിഭാഗം കേസില്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."