പ്രഫുല്‍ കെ. പട്ടേലിന്റെ ഗസ്റ്റ് ഹൗസിന് മുന്നിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ചുമാറ്റണമെന്ന് കലക്ടര്‍
കവരത്തി: ലക്ഷദ്വീപില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ ഗസ്റ്റ് ഹൗസിനു മുന്നിലുള്ള വടക്കേ പള്ളിയാണ് പൊളിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കലക്ടര്‍ അസ്‌കര്‍ അലി വിളിച്ചുചേര്‍ത്ത യോഗത്തില്‍ റോഡിന് വീതി കൂട്ടുന്നതിനായി പള്ളി തടസമാണെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും വടക്കേ പള്ളി മുദരിസ് ഹമീദ് പറഞ്ഞു. മസ്ജിനോട് ചേര്‍ന്നുനില്‍ക്കുന്ന ഖബര്‍സ്ഥാനില്‍ ഇനി മൃതദേഹം മറവു ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടുംബ പള്ളിയാണ് വടക്കേ പള്ളിയെന്നും അത് ലക്ഷദ്വീപിന്റെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണെന്നും അതിനാല്‍ പള്ളി പൊളിക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും യോഗത്തില്‍ പങ്കെടുത്തല്‍ കലക്ടറെ അറിയിച്ചു.
'പള്ളി പൊളിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. കലക്ടര്‍ ഞങ്ങളോട് പള്ളി പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയിലെ ഖബര്‍സ്ഥാന്‍ മാറ്റാനും ഞങ്ങളോട് ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ ഇവിടെയുള്ളവര്‍ക്ക് സ്വസ്ഥതയില്ലാത്ത ജീവിതമാണ്'- ഹമീദ് പറഞ്ഞു.
പുതിയ നീക്കത്തിന് പിന്നില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലാണെന്ന് ലക്ഷദ്വീപ് നിവാസികള്‍ ആരോപിക്കുന്നുണ്ട്.
'ഇപ്പോള്‍ ഖബറടക്കം പള്ളിയില്‍ നടത്തേണ്ട, ഇതിനായി വേറെ സ്ഥലം നല്‍കാമെന്നും പറഞ്ഞു. വേണമെങ്കില്‍ പള്ളി പൊളിച്ച് പുതുക്കി നല്‍കാമെന്നും പറഞ്ഞു. പള്ളി മാറ്റി സ്ഥാപിക്കാമെന്നും ഞങ്ങളോട് പറഞ്ഞു. പക്ഷേ, പള്ളിയുടെ കാര്യത്തില്‍ മാറ്റിയെടുക്കാനുള്ള അധികാരമില്ല. ഖബറക്കം തല്‍ക്കാലത്തേക്ക് വേറെ സ്ഥലത്തേക്ക് മാറ്റുന്ന കാര്യം നമുക്ക് ആലോചിക്കാം. പള്ളിയുടെ സൈഡിലൂടെ മൂന്ന് മീറ്റര്‍ റോഡ് വേണമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അഞ്ച് മീറ്ററാക്കി. അഞ്ച് മീറ്റര്‍ റോഡ് വന്നാല്‍ അത് ബുദ്ധിമുട്ടാവും. ഇവിടെ ആകെ കുറച്ച് സ്ഥലമല്ലേയുള്ളു. ഏതൊരു മതസ്ഥനായാലും മരിച്ചു കഴിഞ്ഞാല്‍ ആറടി മണ്ണ് നല്‍കേണ്ടേ? മരിച്ചവര്‍ക്ക് അതുപോലും നല്‍കാന്‍ കഴിയുന്നില്ലെന്നത് വിഷമകരമാണ്. എന്തു ചെയ്യാനാവും. പ്രതിഷേധിക്കാന്‍ പറ്റിയ സാഹചര്യമല്ല ദ്വീപിലുള്ളത്'- ലക്ഷദ്വീപ് സ്വദേശി ജാഫര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."