15 വര്‍ഷം മുമ്പേ തുടങ്ങിയ പക, മാസങ്ങള്‍ നീണ്ട ഗൂഢാലോചന, ഒരു കൂസലുമില്ലാതെ പിതാവിനെ കൊന്ന യുവ ഡോക്ടര്‍
തൃശൂര്‍: അവണൂരില്‍ പിതാവിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള കാരണം മകന് പിതാവിനോടുള്ള പകയെന്ന് പൊലിസ്. 15 വര്‍ഷം മുമ്പാണ് മയൂരനാഥന്റെ അമ്മ മരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അച്ഛന്‍ ശശീന്ദ്രന്‍ പുനര്‍വിവാഹം കഴിച്ചു. അന്ന് മുതല്‍ അച്ഛനോട് മയൂരനാഥന് പകയുണ്ടായിരുന്നു.
15 വര്‍ഷം മുമ്പ് ശശീന്ദ്രന്റെ ആദ്യ ഭാര്യയും മയൂര്‍നാഥന്റെ അമ്മയുമായ ബിന്ദു തീക്കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അച്ഛനാണ് എന്നായിരുന്നു മയൂരനാഥ് കരുതിയിരുന്നത്. ഈ പകയാണ് കൊലപാതകത്തില്‍ എത്താനുള്ള കാരണം. ബിന്ദു മരിച്ച് ഒരു വര്‍ഷത്തിനകം പിതാവ് ഗീതയെ വിവാഹം കഴിച്ചു. ഇതിന്റെ പേരില്‍ പക സൂക്ഷിച പ്രതി പണം സംബന്ധിച്ചും പിതാവുമായി കലഹിച്ചിരുന്നു.
ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
എല്ലാവരും ഭക്ഷണം കഴിച്ചിട്ടും മയൂരനാഥന്‍ മാത്രം അന്ന് ഭക്ഷണം കഴിക്കാതിരുന്നതാണ് പൊലിസിനെ പ്രതിയിലേക്ക് എത്തിച്ചത്. ആദ്യം ഒഴിഞ്ഞ് മാറിയ മയൂരനാഥന്‍ തുടര്‍ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വിഷക്കൂട്ട് തയ്യാറാക്കാന്‍ മാസങ്ങളോളം ഗൂഢാലോചന നടത്തി. ഓണ്‍ലൈനില്‍ നിന്നാണ് രാസവസ്തുക്കള്‍ വാങ്ങിയത്. പൊലിസ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴും മയൂരനാഥന് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. ശശീന്ദ്രനുള്ള കടലക്കറിയില്‍ വിഷം കലര്‍ത്തിയ ഇടവും ഇതിനുള്ള വിഷക്കൂട്ട് തയാറാക്കിയ വീടിന്റെ മുകളിലെ നിലയിലെ മരുന്ന് പരീക്ഷണശാലയും പ്രതി പൊലിസിന് കാണിച്ചുകൊടുത്തു.
ശശീന്ദ്രനെ ഞായറാഴ്ച രാവിലെയാണ് പ്രഭാതഭക്ഷണം കഴിച്ചശേഷം രക്തം ചര്‍ദിച്ചത്. ആയുര്‍വേദ ഡോക്ടറായ മയൂരനാഥന്‍ ഓണ്‍ലൈനായി വാങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക വിഷക്കൂട്ട് ഉണ്ടാക്കി കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പ്രതി സമ്മതിച്ചിരിക്കുന്നത്.
ശശീന്ദ്രന്‍ കഴിച്ചതില്‍ ബാക്കിവന്ന കടലക്കറി ഭാര്യ ഗീത കറിപ്പാത്രത്തിലേക്ക് തിരിച്ച് ഒഴിച്ചു. ഇത് കഴിച്ച ഗീത, ശശീന്ദ്രന്റെ മാതാവ് കമലാക്ഷി, തെങ്ങ് കയറ്റ തൊഴിലാളികളായ ചന്ദ്രന്‍, ശ്രീരാമചന്ദ്രന്‍ എന്നിവരും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."