ജനസംഖ്യാനുപാതപ്രകാരം മറ്റു ജില്ലകളില്‍ ശരാശരി 27% പേര്‍ക്ക് വരെ വാക്‌സിനേഷന്‍ നല്‍കിയപ്പോള്‍ മലപ്പുറത്ത് വെറും 16% മാത്രം
മലപ്പുറം: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ വേഗതയില്ലെന്ന് കണക്കുകള്‍. മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് വ്യാപനക്കണക്ക് വരുന്ന മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും കടുത്ത നിയന്ത്രണവും തുടരുകയാണ്. എന്നാല്‍ വാക്‌സിനേഷന്‍ ജനസംഖ്യാനുപാത പ്രകാരം മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിലാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.
സംസ്ഥാന ആരോഗ്യവകുപ്പ് മെയ് 26ന് പുറത്തിറക്കിയ ഡെയ്‌ലി വാക്‌സിനേഷന്‍ ബുള്ളറ്റിന്‍ പ്രകാരമുള്ള കണക്കാണ് പട്ടികയില്‍. ഇതുപ്രകാരം മലപ്പുറത്ത് 6,66,870 (ഇതില്‍ ഒറ്റ വാക്‌സിനും രണ്ട് വാക്‌സിന്‍ പൂര്‍ത്തിയായതും പെടും) ഡോസുകളാണ് മൊത്തം വിതരണം ചെയ്തിരിക്കുന്നത്. 2021 ല്‍ മതിപ്പ് കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ 42,72,090 ആണ് ജനസംഖ്യ. 16 ശതമാനം പേര്‍ക്ക് മാത്രമാണ് മെയ് 26 വരെ മലപ്പുറത്ത് വാക്‌സിനേഷന്‍ നല്‍കാനായിട്ടുള്ളൂ എന്നു കണക്കാക്കാം.
ജനസംഖ്യാനുപാത പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയത്. 42 ശതമാനം പേര്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു. മറ്റെല്ലാ ജില്ലകളിലും 20 ശതമാനത്തിലധികം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. വയനാട് (35%), തിരുവനന്തപുരം (30%), പത്തനംതിട്ട (42%) ജില്ലകളില്‍ 30 ശതമാനത്തിനു മുകളില്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെ: 'മലപ്പുറത്ത് വാക്‌സിന്‍ ഇല്ലാത്തതിന്റെ മാത്രം പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ ഏതായാലും കുറച്ചുകൂടി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നല്ല പുരോഗതി അവിടെ ഉണ്ടാകുന്നുണ്ട്. കുറച്ചുദിവസം കൂടി കഴിയുമ്പോള്‍ കൂടുതല്‍ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.'
മലപ്പുറത്ത് ഇന്ന് 4212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4505 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്സിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.വി ഇബ്റാഹിം എം.എല്‍.എ ചീഫ് സെക്രട്ടറിക്കു കത്തുനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."