വ്രതം: വിശക്കുന്നവന്റെ ഓരം ചേരാനുള്ള അവസരങ്ങളാകട്ടെ
ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത
ഔഖാഫ് മന്ത്രി എന്നു പറഞ്ഞാല്‍ ഇസ്‌ലാം മതത്തിന്റെ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്നല്ല, പകരം മതകാര്യമന്ത്രി എന്നു മനസിലാക്കണം. എല്ലാ മതങ്ങളിലുംപെട്ട ആളുകളുടെ ആരാധനാ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മന്ത്രി എന്നാണ് മനസിലാക്കേണ്ടത്.
ഞങ്ങള്‍ക്ക് താമസസൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന് ഈ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1980 മുതല്‍ 1988വരെ, കൃത്യമായി പറഞ്ഞാല്‍ 1988 ഓഗസ്റ്റ് എട്ടിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം 1990-ലാണ് ഞങ്ങള്‍ ഇറാഖിലേക്ക് പോയത്. ഇറാനും ഇറാഖും തമ്മില്‍ ഉണ്ടായിരുന്ന യുദ്ധം അവസാനിച്ച് ആദ്യമായി ഞങ്ങള്‍ അവിടെ പോയപ്പോള്‍ യുദ്ധത്തിനു ശേഷം നടക്കുന്ന പുരോഗതി കാണിക്കുന്നതിന് എന്നേയും ബിഷപ്പ് പൗലോസ് മാര്‍ പൗലോസിനേയും ഓഖാഫ് ഉദ്യോഗസ്ഥന്‍ ബഗ്ദാദില്‍ നിന്ന് മൂസള്‍ പട്ടണത്തിലേക്ക് കൊണ്ടുപോയി.
സാമിയെന്നു പേരായ ഒരു ക്രിസ്ത്യന്‍ ഉദ്യോഗസ്ഥനായിരുന്നു ഞങ്ങളെ അനുഗമിച്ചിരുന്നത്. പിറ്റേ ദിവസം മൂസള്‍ പട്ടണത്തിലെ പള്ളിയില്‍ കുര്‍ബാന ചൊല്ലിയ ശേഷം മാത്രമാണ് ഞങ്ങളെ സാമി ബഗ്ദാദിലേക്ക് മടക്കികൊണ്ടുവന്നത്. ഞങ്ങള്‍ക്ക് മൂസള്‍ പട്ടണത്തില്‍ കുര്‍ബാന ചൊല്ലണമെന്ന് പറഞ്ഞപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ അതിനും തയാറായി.
ഞങ്ങള്‍ക്ക് ഒരു’ളോഹ’യ്ക്കുള്ള തുണിയും നല്ല മധുരമുള്ള ഹല്‍വയുടെ പാക്കറ്റുകളും തന്നു. നാട്ടിലേക്കു മടങ്ങുന്നതിനു മുന്‍പ് സമ്മാനങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ വേണ്ടി ആ ഹല്‍വാ പായ്ക്കറ്റ് കാലിയാക്കിയത് പ്രമേഹരോഗിയായ എനിക്ക് വളരെ ദോഷമായി ഭവിച്ചു എന്ന് വ്യക്തം.
മദ്യപാനത്തിന്റെയും പുകവലിയുടെയും ഉപയോഗം ചിത്രീകരിക്കുന്ന ടി.വി ചിത്രങ്ങളില്‍ ‘ആരോഗ്യത്തിനു ഹാനികരം’ എന്ന് എഴുതിവച്ചിരിക്കുന്നതു പോലെ മധുരമുള്ള ഹല്‍വ പായ്ക്കറ്റുകളിലും ‘ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിവെക്കണം എന്ന് നിയമം വന്നാല്‍ നാം നന്നാകുമോ എന്ന് തോന്നിപ്പോയി.
റമദാന്‍ അനുഷ്ഠാനങ്ങള്‍ മറ്റുള്ളവരെ, വിശക്കുന്നവരെ ഒക്കെ സഹായിക്കുവാനുള്ള അവസരങ്ങളാകട്ടെ. മറ്റു മതങ്ങളിലുള്ളവരെ മതസൗഹാര്‍ദത്തില്‍ കൂടി കൂട്ടിയിണക്കുവാനും ഭൂമിയില്‍ സമാധാനം നിലനില്‍ക്കുവാനും സര്‍വശക്തന്‍ സഹായിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."