ഉദാരനാവണം വിശ്വാസി
അറബികളുടെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ് ദാനധര്‍മം. തങ്ങളുടെ ധര്‍മത്തിന്റെയും ഔദാര്യത്തിന്റെയും പേരില്‍ അവര്‍ മേനി നടിക്കാറുണ്ടായിരുന്നു. ഇസ്‌ലാമാവട്ടെ അവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും, ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവന്‍ ഓരോ കതിരിലും നൂറ് ധാന്യമണികളുള്ള ഏഴ് കതിരുകള്‍ ഉത്പാദിപ്പിക്കുന്ന ധാന്യം പോലെയാണ്. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു വര്‍ധിപ്പിച്ചു കൊടുക്കുന്നു. അവന്‍ സര്‍വശക്തനും സര്‍വ്വജ്ഞനുമത്രെ'( അല്‍ ബഖറ 271).
ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കേണ്ട മാസമാണ് റമദാന്‍. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'നബി തിരുമേനി (സ) ഏറ്റവും വലിയ ധര്‍മിഷ്ടന്‍ ആയിരുന്നു. റമദാനില്‍ ജിബ്‌രീലിനെ കണ്ടു മുട്ടുമ്പോള്‍ അവിടുന്ന് കൂടുതല്‍ ഉദാരനാവും. റമദാനിലെ എല്ലാ രാത്രികളിലും ജിബ്‌രീല്‍ നബിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തിരുമേനി (സ) ജിബ്‌രീലിന്റെ മുന്നില്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ അവിടുന്ന് അടിച്ച് വീശുന്ന കാറ്റിനെപ്പോലെ (കയ്യില്‍ കിട്ടുന്നതെല്ലാം) ദാനം ചെയ്യുമായിരുന്നു (ബുഖാരി).
അല്ലാഹു ഔദാര്യം ഇഷ്ടപ്പെടുന്നവനാണെന്നു പ്രവാചകര്‍ (സ) പഠിപ്പിക്കുന്നു. 'രണ്ട് കാര്യങ്ങളെ അല്ലാഹു ഇഷ്ടപ്പെടുകയും രണ്ട് കാര്യങ്ങളില്‍ നമ്മളോട് ദേഷ്യപ്പെടുകയും ചെയ്യും. സല്‍ സ്വഭാവവും ദാന ശീലവുമാണ് അവന്‍ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങള്‍. ദുഃസ്വഭാവവും പിശുക്കും ആണ് അവന്‍ വെറുക്കുന്ന രണ്ട് കാര്യങ്ങള്‍. അല്ലാഹു ഒരാളില്‍ നന്മ ഉദ്ദേശിക്കുന്നുവെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവനെ ഉപയോഗിക്കുന്നതാണ്. (ബൈഹഖി)നിശ്ചയം അല്ലാഹു ഔദാര്യവാനും ഔദാര്യത്തെ ഇഷ്ടപ്പെടുന്നവനും മ്ലേഛസ്വഭാവത്തെ വെറുക്കുന്നവനുമാണ് എന്ന് നബി തങ്ങള്‍ പറഞ്ഞതായി ഇമാം ഹാകിം മുസ്തദ്‌റകില്‍ രേഖപ്പെടുത്തുന്നു.
വാക്കുകള്‍ കൊണ്ട് ജനങ്ങളെ ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത് പോലെ പ്രവാചകര്‍ കര്‍മം കൊണ്ട് മാതൃകയാവുകയും ചെയ്തു. അനസ് (റ) പറയുന്നു: ഒരാള്‍ നബി തങ്ങളോട് വല്ലതും നല്‍കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി തിരുമേനി അയാള്‍ക്ക് രണ്ട് മലകള്‍ക്ക് ഇടയിലുള്ള ആട്ടിന്‍ കൂട്ടത്തെ നല്‍കി. അദ്ദേഹം തന്റെ നാട്ടിലേക്ക് പോയിട്ട് ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കൂ. തീര്‍ച്ചയായും മുഹമ്മദിന് ദാരിദ്ര്യത്തെ ഭയമില്ല. അവിടുന്ന് ധാരാളമായി ധര്‍മം ചെയ്യുന്നു.
ദുനിയാവിനെ മാത്രം ആഗ്രഹിച്ച് ഒരാള്‍ പ്രവാചകരെ കാണാന്‍ പോയാല്‍ തിരിച്ച് വരുമ്പോഴേക്ക് അയാളുടെ മനസില്‍ ദീന്‍ ദുനിയാവിനെക്കാള്‍ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ടാവും(മുസ്‌നദു അഹ്മദ്). നബിയുടെ അനുചരന്മാരും ദാനധര്‍മത്തിന്റെ അര്‍ഥം കൃത്യമായി മനസിലാക്കിയവരും അതനുസരിച്ച് ജീവിച്ചവരും ആയിരുന്നു.
ഒരിക്കല്‍ ആഇശ ബീവി(റ)യുടെ അടുത്തേക്ക് ഒരു ലക്ഷത്തിഎണ്‍പതിനായിരം ദിര്‍ഹം വരികയുണ്ടായി. അന്ന് നോമ്പ്കാരിയായിരുന്ന അവര്‍ അത് മുഴുവനും ജനങ്ങള്‍ക്ക് വീതിച്ച് നല്‍കി. വൈകുന്നേരമായപ്പോള്‍ അവര്‍ ഭൃത്യയോട് തനിക്കു നോമ്പ് തുറക്കാനുള്ള ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവള്‍ റൊട്ടിയും സൈത്തും കൊണ്ട് വന്നിട്ട് ചോദിച്ചു: ഇന്ന് നിങ്ങള്‍ വീതിച്ചതില്‍ നിന്ന് അല്പം കൊണ്ട് ഇറച്ചി വാങ്ങാമായിരുന്നില്ലെ..? അപ്പോള്‍ ആയിശ ബീവി പറഞ്ഞു: നീ എന്നെ ഓര്‍മിപ്പിച്ചുവെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു. ഞാന്‍ അത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചിരിക്കുന്നു.
നുബുവ്വതിന്റെ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ച ആഇശ ബീവി ഇത് ചെയ്തതില്‍ അല്‍ഭുതം ഒന്നും തന്നെ ഇല്ല. എങ്ങിനെയാണ് അവര്‍ അത് ചെയ്യാതിരിക്കുക?. 'പരസ്പരം മേനി നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധര്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ഖബര്‍ കാണുന്നത് വരെ' എന്ന് അല്ലാഹുവിന്റെ റസൂല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അവര്‍ കേട്ടിരുന്നുവല്ലോ..
'മനുഷ്യന്‍ പറയുന്നു എന്റെ ധനം, എന്റെ ധനം എന്ന്. എവിടെയാണ് നിനക്ക് ധനം ഉള്ളത്? നീ തിന്നത് നീ നശിപ്പിച്ച് കളഞ്ഞു, നീ ധരിച്ചത് നുരുമ്പിപ്പോയി, നീ ദാനം ചെയ്തത് മാത്രം ബാക്കിയാവുകയും ചെയ്തിരിക്കുന്നു' എന്ന നബി വചനവും അവര്‍ കേട്ടിരുന്നല്ലോ.
ദാനധര്‍മത്തിന് അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമാണുള്ളത്. ദാനം ചെയ്യുന്നത് മനുഷ്യന്‍ അല്ലാഹുവിന് നല്‍കുന്ന കടമായിട്ടാണ് അവന്‍ വിശേഷിപ്പിക്കുന്നത്. ചുരുക്കത്തില്‍, മേല്‍ പറഞ്ഞ സൂക്തങ്ങളും നബി വചനങ്ങളും സൂചിപ്പിക്കുന്നത് ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്നതാണ്. അതിന് ഈ റമദാന്‍ നമുക്ക് പ്രചോദനമാവട്ടെ.
(പ്രമുഖ സിറിയന്‍ പണ്ഡിതനായ ലേഖകന്‍ കവിയും കോളമിസ്റ്റുമാണ്)
മൊഴിമാറ്റം:മുഹമ്മദ് ജാബിര്‍ വാഫി പുന്നാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."