എലത്തൂർ ട്രെയിൻ ആക്രമണ റിപ്പോർട്ടിങ് പാളം തെറ്റിയോ
റജിമോൻ കുട്ടപ്പൻ
കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറിയ അജ്ഞാതവ്യക്തി യാത്രക്കാരുടെ ദേഹത്ത് ദ്രാവകരൂപത്തിലുള്ള ഇന്ധനം തളിച്ച് തീ കൊടുത്ത സംഭവത്തിൽ മൂന്നുപേർ മരണപ്പെടുകയും എട്ടുപേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരിനും കോഴിക്കോടിനും ഇടയിലുള്ള കോരപ്പുഴ പാലം കടക്കുന്നതിനു തൊട്ടുമുമ്പ്, രാത്രി 9.45നാണ് ഈ ദാരുണ സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണോയും സംഭവത്തോട് പ്രതികരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും നിലവിലെ അന്വേഷണം ഊർജിതമാക്കുമെന്നും ആഭ്യന്തരകാര്യ ചുമതലയുള്ള പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പൊലിസ് തലവൻ അനിൽ കാന്തിനാണ് അന്വേഷണ മേൽനോട്ടം.
ട്രെയിനിൽ തീവച്ച കേസിൽ മേൽപ്പറഞ്ഞവയാണ് വസ്തുതകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നാം ടി.വിയിൽ കണ്ടതും കേട്ടതും ഓൺലൈൻ മാധ്യമങ്ങളിൽ വായിക്കുന്നവയുമെല്ലാം 'ചില സ്രോതസുകളിൽ' നിന്നുള്ള വിവരങ്ങൾ മാത്രമാണ്. കൂടാതെ ഈ കേസിൽ പല റിപ്പോർട്ടർമാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പല റിപ്പോർട്ടും പുറത്തുവിടുന്നത്. സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽ കേട്ട വാർത്തകളെന്തെല്ലാമായിരുന്നു? ഒന്ന്, ചുവന്ന ഷർട്ട് ധരിച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വ്യക്തിയെക്കുറിച്ചായിരുന്നു. എന്നാൽ കുറച്ചുനിമിഷം മാത്രമേ ആ വാർത്തക്ക് ആയുസുണ്ടായിരുന്നുള്ളൂ. അതൊരു വിദ്യാർഥിയാണെന്ന് പിന്നീട് കണ്ടെത്തി. പിന്നെ കേട്ടത് പ്രതിയെന്ന് സംശയിക്കുന്ന ആൾ കസ്റ്റഡിയിലുണ്ടെന്നാണ്. ഇയാൾ നോയിഡയിൽ നിന്നുള്ള ആശാരിയാണ്, ഒരു ബാഗ് കണ്ടെത്തി, അതിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായി കുറിപ്പുകൾ, പ്രാർഥനാ സമയങ്ങൾ... അങ്ങനെ പോകുന്നു വിവരങ്ങൾ. എന്നാൽ സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടും റിപ്പോർട്ട് ചെയ്ത വിവരങ്ങൾ ഇതുവരെ പരിശോധിക്കപ്പെടുകയോ സ്ഥിരീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല.
ഇവിടെ കേരളത്തിലെയോ ഇന്ത്യയിലെയോ മാധ്യമങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുകയല്ല. പക്ഷേ, ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള തിടുക്കം മാധ്യമസ്ഥാപനങ്ങൾക്ക് വളരെയേറെ ദോഷം ചെയ്യും. ഒരു സംഭവത്തെക്കുറിച്ച് തുടർച്ചയായി വാർത്ത കൊടുക്കാൻ ന്യൂസ് ഡെസ്‌കിൽ തീരുമാനമാവുന്നതോടെ സംഭവസ്ഥലത്ത് റിപ്പോർട്ടിങ്ങിനെത്തുന്ന പത്രപ്രവർത്തകരും പ്രതിസന്ധിയിലാവുകയാണ്. പുതിയ വിവരങ്ങൾക്കായി അവർക്കുമേൽ സമ്മർദങ്ങളുണ്ടാവുന്നതോടെ വസ്തുനിഷ്ഠമായതിൽനിന്ന് വ്യതിചലിക്കും. പിന്നെ, തീവ്രവാദ സ്വഭാവമുള്ള വാർത്തകൾ കവർ ചെയ്യുമ്പോൾ പത്രസ്ഥാപനത്തിന്റെ എഡിറ്റോറിയൽ താത്പര്യങ്ങളെ സംബന്ധിച്ചും ചോദ്യങ്ങളുയരും. അപ്പോൾ ഇവിടെയുള്ള പോംവഴി വ്യത്യസ്തമായൊരു മാർഗം സ്വീകരിക്കുക എന്നതു മാത്രമാണ്.
സമയമെടുത്താൽ പോലും ഓരോ വാർത്തയും പരിശോധനയ്ക്കുശേഷം നൈതികവശങ്ങളെക്കൂടി കണക്കിലെടുത്തു വേണം പ്രസിദ്ധീകരിക്കാൻ. ചില മാധ്യമങ്ങൾ അവരുടെ തീരുമാനങ്ങൾ പൊതുജനത്തിനു മുന്നിൽ തത്സമയം വിശദീകരിക്കും. മറ്റു ചിലർ അവർ പ്രസിദ്ധീകരിച്ചതിനെതിരേ ചോദ്യങ്ങൾ ഉയർന്നാൽ മാത്രം അതിനെ ന്യായീകരിക്കും. സുസ്ഥിരപ്രയോഗത്തിലൂടെ മാത്രം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് വിശ്വാസ്യത. സുതാര്യത എന്നതിന്റെ ഉപലക്ഷ്യം തെറ്റുകൾ സംഭവിച്ചാൽ അത് പ്രത്യക്ഷമായും സത്യസന്ധമായും തിരുത്തുക എന്നതു കൂടിയാണ്. ഇത്തരം സംഭവങ്ങളിലും സാഹചര്യങ്ങളിലും അതുവരെ നടന്ന റിപ്പോർട്ടുകളെ പരിശോധിച്ചുകൊണ്ട്, അതിലെ തെറ്റുകളും പിഴവുകളും പൊതുവായി തന്നെ വിശകലനം ചെയ്യുന്ന 'പബ്ലിക് പോസ്റ്റ് മോർട്ടം' എന്ന രീതി ശീലിക്കുന്നത് മാധ്യമമൂല്യങ്ങളുടെ വിശ്വാസ്യതയെ ഉയർത്തുന്നതാണ്. ഇതിന്റെ മികച്ച ഉദാഹരണമാണ് ന്യൂയോർക് ടൈംസ് 2004, മെയ് ഇരുപത്തിയാറിനു പ്രസിദ്ധീകരിച്ച റിപ്പോർട്ട്. 2003ലെ ഇറാഖ് അധിനിവേശത്തെക്കുറിച്ചുള്ള ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ ഉഗ്ര സംഹാരശേഷിയുള്ള ആയുധങ്ങളെക്കുറിച്ച് വാർത്ത നൽകിയതിലുള്ള പിഴവുകളെക്കുറിച്ചെല്ലാം സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പുനർവിചിന്തനങ്ങളും സുതാര്യതയുമെല്ലാം ദീർഘകാലം നിലനിൽക്കുന്ന വിശ്വാസ്യത മാധ്യമങ്ങളെ സംബന്ധിച്ച് സമൂഹത്തിലുണ്ടാക്കിയെടുക്കും.
വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയെ ഉൾപ്പെടുത്തിയോ അല്ലെങ്കിൽ ഒഴിവാക്കിയോ ഉള്ള മാധ്യമ റിപ്പോർട്ടുകൾ ഇവയുടെ പ്രതിച്ഛായയെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ, മാധ്യമങ്ങൾ പത്ര സ്വാതന്ത്ര്യത്തെ, മാധ്യമ അവകാശങ്ങളെ എപ്പോഴും മാധ്യമധർമങ്ങളുമായി തുലനം ചെയ്തു നോക്കേണ്ടതുണ്ട്. വാർത്തകളറിയിക്കാനുള്ള അവകാശത്തെ പ്രയോജനപ്പെടുത്തുമ്പോൾ വാർത്തകളിൽ ഒരു സംഭവത്തിൽ ഇരകളായവരുടെ സാമൂഹിക പദവിക്ക് കോട്ടം വരുത്തുന്ന വിവരങ്ങളും ബന്ദിയാക്കപ്പെട്ടവരുടെ സുരക്ഷക്ക് വിഘാതം സൃഷ്ടിക്കുന്ന വിവരങ്ങളും സുരക്ഷാ സന്നാഹങ്ങളുടെ പ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്ന വിവരങ്ങളും ഇല്ലാതിരിക്കാൻ ജാഗ്രത പുലർത്തണം. അതേസമയം, മാനവിക ബോധത്തിലൂന്നിനിന്നു കൊണ്ട് വളരേയധികം വിവരങ്ങൾ മറച്ചുവെക്കുന്നത് പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനും വിള്ളൽ വീഴ്ത്തുന്നതാണ്. മാധ്യമധർമം എന്നാൽ പൊതുജനങ്ങളുടെ മാനസികാവസ്ഥയ്‌ക്കോ അധികാരികളുടെ ഉത്തരവുകൾക്കോ അതീതമായ പൊതുതാത്പര്യ വിഷയങ്ങളിൽ ആവശ്യാനുസരണം സംവേദനക്ഷമതയോടെ അറിയിക്കാനുള്ള കടമയാണ് അർഥമാക്കുന്നത്.
പൊതുതാത്പര്യം എന്ന ആശയം നിർവചിക്കാൻ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. ഒന്നാമതായി താത്പര്യം എന്ന വാക്കിനുതന്നെ രണ്ടുതലങ്ങളുണ്ട്. അതിലൊന്ന്, പൊതുജനത്തിനു താത്പര്യമുള്ളത് എന്ന അർഥം, മറ്റൊന്ന് പൊതുജനം മുമ്പ് തത്പരരല്ലാത്തതും എന്നാലിപ്പോൾ തത്പരരായേക്കാവുന്നതും എന്നൊരു അർഥവും. ഈ സാഹചര്യത്തിൽ പൊതുജന താത്പര്യം എന്നതിന്റെ രണ്ടുതലങ്ങളും പ്രസക്തമാണ്.
വളരെ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമേ ഒരു വാർത്ത പുറത്തുവിടാവൂ. അതും കഴിയുന്നത്ര വിശദമായി തന്നെ നൽകാനും ശ്രമിക്കണം. തീവ്രവാദ സ്വഭാവമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കാരണങ്ങളും സാഹചര്യവും വിശദമാക്കണം. ഇത്തരം വിശദീകരണങ്ങൾ നൽകുന്നത് ഒരിക്കലും തീവ്രവാദത്തെ ന്യായീകരിക്കുകയല്ല, പകരം സമൂഹത്തിന് സമഗ്ര ധാരണ നൽകുന്നതാണ്. നടന്ന സംഭവത്തിന്റെ സങ്കീർണതയെ അപ്രസക്തമാക്കി ഏതെങ്കിലും ഒരൊറ്റ സംഭവത്തിലേക്ക് ഇതിന്റെ കാരണത്തെ പൂർണമായും വലിച്ചുകെട്ടുന്ന തരത്തിലുള്ള വിശദീകരണങ്ങൾ നൽകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിനുള്ളിൽ കാവൽനായയെ പോലെ പ്രവർത്തിക്കുക എന്നതാണ് മാധ്യമപ്രവർത്തക ധർമമെങ്കിൽ എല്ലാ തരത്തിലുള്ള സമ്മർദങ്ങളിൽ നിന്നും മുൻധാരണകളിൽ നിന്നും ആ വ്യക്തി മുക്തമായിരിക്കണം.
തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളിൽ വാർത്തകൾ കൊടുക്കുമ്പോൾ പ്രത്യാഘാതം എത്ര ആഴത്തിലുള്ളതാണെന്നും അതാരെയൊക്കെ, ഏതെല്ലാം വിധത്തിൽ ബാധിക്കും എന്നതിനെ കുറിച്ചും പലവുരു ചിന്തിക്കേണ്ടതുണ്ട്. സംഭവത്തിലെ കുറ്റക്കാർ, അവരുടെ കുടുംബം, ഇരകൾ, അവരുടെ കുടുംബം, സംശയിക്കപ്പെടുന്നവർ, ഇവരെല്ലാം ഉൾപ്പെടുന്ന സ്ഥലം, സമുദായം, അതിലെ മറ്റു അംഗങ്ങൾ എന്നിവയെയെല്ലാം ഇത്തരത്തിലുള്ള റിപ്പോർട്ടിങ്ങുകൾ ദോഷകരമായി ബാധിച്ചേക്കാം. ഓരോ മാധ്യമസ്ഥാപനങ്ങളും അവരുടെ ഓൺലൈൻ പോർട്ടലുകളിൽ വരുന്ന സ്പർദ്ധ പരത്തുന്നതും അരോചകവുമായ പ്രസ്താവനകളും അഭിപ്രായങ്ങളും നീക്കം ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സാക്ഷികളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുക എന്നതും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേസമയം, തെറ്റായ വിവരങ്ങളും വ്യാജപ്രചാരണങ്ങൾക്കും നേതൃത്വം നൽകുന്നവർക്ക് ഈ സ്വകാര്യതാ അവകാശം അനുവദിക്കുകയും ചെയ്യരുത്.
ഏതെങ്കിലും തരത്തിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയോ സംപ്രേഷണം ചെയ്യപ്പെടുകയോ ചെയ്താൽ പൊതുവായിത്തന്നെ സമ്മതിക്കാനും തിരുത്തി പ്രസിദ്ധീകരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സമിതികൾ, പ്രസ് കൗൺസിലുകൾ, മറ്റു മേൽനോട്ട നിയന്ത്രണ ചുമതലയുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അഭിപ്രായങ്ങളെ എപ്പോഴും മുഖവിലയ്ക്കെടുക്കണം. ഓരോ പത്രപ്രവർത്തകനും ലഭിക്കുന്ന വിവരങ്ങളെ അളക്കേണ്ടത് പൊതുജന താത്പര്യാർഥം ഉള്ളതാണോ അതോ താത്പര്യം ഉണ്ടാവുന്നതാണോ എന്ന അളവുകോലുപയോഗിച്ചാണ്. ഈ ലേഖനം പൂർത്തിയാവുമ്പോൾ ഓപ് ഇന്ത്യയിൽ വായിച്ചത് പ്രതിയെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയെന്നാണ്. അത്ഭുതകരമെന്നു പറയട്ടെ, ആ വാർത്ത ഏതെങ്കിലും പൊലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നില്ല. ഐ.എ.എൻ.എസ് മാധ്യമപ്രവർത്തകന്റെ ട്വീറ്റിനെയും ദൈനിക് ഭാസ്‌കർ റിപ്പോർട്ടിനെയും അധികരിച്ചായിരുന്നു! അവിടെയും ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ല. ഇവിടെ റിപ്പോർട്ടിങ് പാളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."