'അങ്ങയെക്കുറിച്ച് മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ എന്തൊക്കെയോ പറഞ്ഞു പരത്തുന്നു, ഈ വേഷത്തില്‍ അഷ്‌റഫ് അയ്യപ്പന്‍മാരെ കൊണ്ടുപോയിട്ടുണ്ട്'; വിദ്വേഷ പ്രചാരണത്തിനെതിരേ സഹപ്രവര്‍ത്തകന്‍
യൂണിഫോം ധരിക്കാതെ ജുബ്ബയും തൊപ്പിയുമടങ്ങുന്ന വേഷം ധരിച്ച് പിഎച്ച് അഷ്‌റഫെന്ന ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ജോലിക്കെത്തിയെന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിനെതിരേ മുന്‍ സഹപ്രവര്‍ത്തകന്‍ കായംകുളം ഡിപ്പോയിലെ കണ്ടക്ടറായ ബിനു വാസവന്‍.
അഷ്‌റഫ് ഇതേ വേഷത്തില്‍ അയ്യപ്പന്‍മാരേയും കൊണ്ട് പമ്പയിലേക്ക് പോയിട്ടുണ്ടെന്ന് ബിനു കുറിപ്പില്‍ പറയുന്നു. ഉത്സവ, പള്ളി പെരുന്നാള്‍ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ വിശ്വാസികളെ കൊണ്ടുപോയതും ഇതേ വേഷത്തിലാണെന്നും ബിനു കൂട്ടിച്ചേര്‍ത്തു. ഒരു സാധു മനുഷ്യനായ അദ്ദേഹത്തെ കുറിച്ച് കുറച്ച് മനുഷ്യര്‍ എന്തൊക്കെയോ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പഴയ സഹപ്രവര്‍ത്തകന്‍ കുറിക്കുന്നു.സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍ അടക്കമുള്ളവര്‍ ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കെഎസ്ആര്‍ടിസി യൂണിഫോം മാറ്റിയോ? എന്നായിരുന്നു പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെഎസ്ആര്‍ടിസിയിലെ ഇളംനീല നിറത്തിലുള്ള സാധാരണ യൂണിഫോം ഷര്‍ട്ട് തന്നെയാണ് അഷ്‌റഫ് ധരിച്ചിരുന്നത്. ഇതിനും പാന്റിനും മുകളിലൂടെ ഒരു വെള്ള തോര്‍ത്ത് മടിയില്‍ വിരിച്ചിരുന്നു. ഇതാണ് ജുബ്ബയാണെന്ന് തോന്നിക്കാന്‍ കാരണം.സമൂഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്നും ഡ്രൈവര്‍ ധരിച്ചിരുന്നത് യൂണിഫോം തന്നെയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റന്റെ പൂര്‍ണ രൂപം...
ഇത് എന്റെ കൂടെ ജോലി ചെയ്ത പിഎച്ച് അഷ്‌റഫ്..ഒര് സാധു മനുഷ്യന്‍....പമ്പ യില്‍ ഞങ്ങള്‍ ഒന്നിച്ചു ഇതേ വേഷത്തില്‍ അയ്യപ്പന്‍ മാരെ കൊണ്ടുപോയിട്ടുണ്ട്... ചെട്ടികുളങ്ങര ഉത്സവ സ്‌പെഷ്യല്‍ സര്‍വീസ് പോയിട്ടുണ്ട് ഇതേ വേഷത്തില്‍.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍ ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തില്‍... അങ്ങയെ കുറിച്ച് മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങള്‍ എന്തൊക്കെയോ പറഞ്ഞു പരത്തുന്നു.. പ്രിയപ്പെട്ട അഷറഫ്... മാപ്പ്....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."