ലക്ഷദ്വീപിലെ ജനവിരുദ്ധ, വംശീയ സംഘ്പരിവാർ അജണ്ടകൾക്കെതിരെ മക്ക ഇന്ത്യൻ അസോസിയേഷൻ
മക്ക: പതിറ്റാണ്ടുകളായി നിരവധി പ്രതിസന്ധികളോട് പൊരുതി നെയ്തെടുത്ത ലക്ഷദ്വീപുകാരുടെ ജീവിതം ദുസ്സഹമാക്കുന്ന അടിസ്ഥാന രഹിതവും ക്രൂരവുമായ നിയമ പരിഷ്കാരങ്ങളിലൂടെ സംഘ്പരിവാർ ഭരണകൂടം നടപ്പിലാക്കികൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്നു മക്ക ഇന്ത്യൻ അസോസിയേഷൻ (എം ഐ എ) ആവശ്യപ്പെട്ടു.
വ്യാപകമായ പ്രതിഷേധത്തിനിടയിലും, ഡിസംബർ 2020 ൽ നിയമിതനായ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനഹിതത്തിനെതിരെ ഒട്ടനവധി പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഗുണ്ടാ നിയമങ്ങൾ പോലുള്ള കരിനിയമങ്ങൾ നടപ്പിലാക്കുന്നത് വ്യാപകമായി ദുരുപയയോഗപ്പെടുമെന്ന ആശങ്ക പരിഹരിക്കപ്പെടണം.
70,000 ത്തോളം ആളുകൾ അധിവസിക്കുന്ന ലക്ഷദ്വീപിലെ ഭൂരിഭാഗം ആളുകളും ഗവണ്മെന്റ് ജോലിയോ, മത്സ്യബന്ധനവുമായോ ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമിതനായ ശേഷം ഒട്ടനവധി ആളുകളെ ഗവണ്മെന്റ് കരാർ ജോലികളിൽ നിന്നും പിരിച്ചുവിടുകയും, തീരദേശ നിയമത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികൾ അവരുടെ വലകളും, മറ്റു ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകൾ പൊളിച്ചുമാറ്റുകയും, ചില ജില്ലാപഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളിന്മേലുള്ള നിയന്ത്രണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുക്കുയും ചെയ്തു. രണ്ടിലധികം കുട്ടികളുള്ളവരെ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുന്നതുൾപ്പടെ നിരവധി മനുഷ്യത്വ രഹിത നിയമപരിഷ്കാരങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾക്കിടിയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. പുതിയ നിയമപ്രകാരം ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേൽ ദ്വീപുകാർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും അഡ്മിനിസ്ട്രേറ്റർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുക വഴി ദ്വീപിന്റെ പാരിസ്ഥികവും, സാമൂഹികവും, സാമ്പത്തികവുമായ മുഴുവൻ മേഖലകളെയും തകർക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. പുതിയ നിയമത്തിന്റെ മറവിൽ കോർപറേറ്റുകളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനും, ലക്ഷദ്വീപിൽ അവരുടെ കുത്തക കൊണ്ടുവരാനും വഴിവിട്ട് സഹായിക്കുന്നതായും ഉയർന്ന വ്യാപകമായ ആക്ഷേപം ശരിവെക്കുന്നതാണ് ഓരോ സംഭവങ്ങളും വ്യക്തമാക്കി തരുന്നത്.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ലക്ഷദ്വീപിൽ കർശനമായി പാലിച്ചിരുന്ന കൊവിഡ് പ്രോട്ടോകോളുകൾ എടുത്തുകളഞ്ഞത് നിരവധി പുതിയ കേസുകൾ വർധിക്കാൻ കാരണമായി. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച പരാജയം മറച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ പുതിയ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ബേപ്പൂർ തുറമുഖവുമായി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ച് എല്ലാ ചരക്കുകളും ഇനി മംഗലാപുരം വഴി ആവണമെന്നടക്കമുള്ള ടൂറിസത്തിന്റെ പേരിൽ മദ്യ വിൽപ്പനശാലകൾ അനുവദിക്കുന്നതും, ബീഫ് നിരോധനം, അംഗൻവാടി ഭക്ഷണത്തിൽ മാംസ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതുമെല്ലാം ലക്ഷദ്വീപ് നിവാസികളുടെ ജീവിത രീതികൾക്കും, സംസ്കാരത്തിനും എതിരായ നടപടികളാണെന്ന് മക്ക ഇന്ത്യൻ അസോസിയേഷൻ ചൂണ്ടികാട്ടി. മക്കയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് മക്ക ഇന്ത്യൻ അസോസിയേഷൻ (എം ഐ എ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."