ബ്രസീലിൽ ഡേ കെയർ സെന്ററിൽ ആക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്
ബ്ലുമെനൗ: ബ്രസീലിൽ ഡേ കെയർ സെന്ററിൽ ഉണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ സാന്ത കതാരിനയിലെ ബ്ലുമെനൗ നഗരത്തിലെ കാന്റിനോ ബോം പാസ്റ്റർ ഡേ കെയർ എന്ന സ്ഥാപനത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 24 കാരനായ പ്രതിയെ പൊലിസ് പിടികൂടി.
5 മുതൽ 7 വയസ്സ് പ്രായമുള്ള മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഡേ കെയർ സെന്ററിൽ അതിക്രമിച്ച് കയറിയ യുവാവ് മഴുവും കത്തിയുപയോഗിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയത്. പരിക്കേറ്റ അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പ്രതിയെ പിടികൂടിയ പൊലിസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിച്ച് വരുന്നതായി സാന്ത കതാരിനയിലെ ഗവർണർ ജോർജിനോ മെല്ലോ അറിയിച്ചു. സംഭവത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ ദുഃഖം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."