സർക്കാർ സർവിസിൽ ഈ മാസം കൂട്ടവിരമിക്കൽ 10,207
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ഫയലുകളിൽ കുരുങ്ങിയ സെക്രട്ടേറിയറ്റിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും പതിനായിരത്തിലധികം ജീവനക്കാർ ഇനി വിശ്രമ ജീവിതത്തിലേക്ക്.
ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ വിരമിക്കൽ തീയതിയായി ജീവനക്കാർ രേഖപ്പെടുത്തിയത് അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം 10,207 ജീവനക്കാർ തിങ്കളാഴ്ച വിരമിക്കും.
ഇതു കൂടാതെ സ്പാർക്കിൽ ബന്ധപ്പെടുത്തിയിട്ടില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, കുസാറ്റ് ഒഴികെയുള്ള സർവകലാശാലകളിൽനിന്ന് നൂറു കണക്കിനു പേരാണ് വിരമിക്കുന്നത്.
സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽനിന്ന് 81 പേർ, ധനകാര്യ വകുപ്പിൽനിന്ന് 24, നിയമ വകുപ്പിൽനിന്ന് ഏഴു പേരും വിരമിക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.എഫ്.ഇയിൽനിന്ന് 119 പേർ, കെ.എസ്.ഇ.ബിയിൽനിന്ന് 870 പേരും വിരമിക്കും. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കണക്കു ശേഖരിക്കുന്ന നടപടികൾ എല്ലാ വകുപ്പുകളിലും തുടരുകയാണ്.
സർവിസിൽനിന്ന് അടുത്ത അഞ്ച് വർഷം വിരമിക്കുന്നത് 1,12,010 പേരാണ്. കെ.മോഹൻദാസ് ഐ.എ.എസ് ചെയർമാനായ 11ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ പേർ വിരമിക്കുന്നത് 2027 ലാണ്, 23,714 പേർ. കുറവ് 2023ൽ- 21,083 പേർ. ഈ വർഷം വിരമിക്കുന്നത് 21,537 പേർ.
സർക്കാർ വകുപ്പുകളിലെ മാത്രം കണക്കാണിത്. പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകളിലെ കണക്കുകൾ കൂടി കൂട്ടിയാൽ ഓരോ വർഷവും വിരമിക്കുന്നവരുടെ എണ്ണം ഇനിയും വർധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."