നിങ്ങളാണെന്റെ ശമനൗഷധം
വെള്ളിപ്രഭാതം
തൻസീർ ദാരിമി കാവുന്തറ
രക്തബന്ധത്തെക്കാൾ ചിലപ്പോൾ ഹൃദയത്തിൽ വേരൂന്നിക്കിടക്കുന്നത് സുഹൃദ്ബന്ധങ്ങളായിരിക്കും. നല്ല ബന്ധങ്ങൾ കൈവിടാതെ സൂക്ഷിക്കണം. ഓരോ ബന്ധവും ഓരോ പളുങ്കുപാത്രങ്ങളാണ്. ഉടയാതെയും തകരാതെയും സൂക്ഷിക്കാൻ ഏറെ ജാഗ്രത വേണം. ചീന്തിയെറിയാനല്ല, ചന്തം തീരാതെ കാത്തുവയ്ക്കാനാവണം നമ്മുടെ സൗഹൃദങ്ങൾ.
നിർവചനങ്ങൾക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങൾക്കും കാൽപനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരം സൗഹൃദങ്ങൾ പകരുന്നു. ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. സാദൃശ്യങ്ങളില്ലാത്ത അനുഭവമാണ് സ്‌നേഹം. നുകർന്നും പകർന്നും സൗന്ദര്യം വർധിക്കുന്ന വർണഭംഗിയുള്ള ചിത്രമാണത്. ഒരാളുടെ സ്‌നേഹം മറ്റൊരാൾക്ക് ലഭിക്കുമ്പോൾ അയാളിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്! വസന്തം വരുമ്പോൾ ചെടികൾക്കും പൂക്കൾക്കുമെല്ലാം പുതിയ ചന്തവും ചാരുതയും വർധിക്കുന്നതുപോലെ സ്‌നേഹത്തിന്റെ ഊർജം കൈവരുമ്പോൾ മുമ്പില്ലാത്ത ഉണർവ് ലഭിക്കുന്നു. പകരുമ്പോൾ പ്രൗഢി വർധിക്കുന്ന പ്രകാശമാണ് സ്‌നേഹത്തിന്റേത്.
അറിയാനും അടുക്കാനും സൗകര്യങ്ങൾ വർധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത്. സുഹൃത്തിനെ അറിയാനും പരിഗണിക്കാനും കഴിയാതെ പോകുന്നു. അടുത്തവർക്ക് അകലാൻ വേഗത്തിൽ കഴിയുന്നു. അകന്നാലും മനസ്സിൽ വേദനയില്ലാതാകുന്നു. പരസ്പരമുള്ള ബന്ധം ഏറ്റവും മികച്ച ആനന്ദമായിത്തീരേണ്ടതുണ്ട്. 'നിങ്ങളാണെന്റെ ശമനൗഷധം' എന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) സുഹൃത്തുക്കളായ സ്വഹാബിമാരോട് പറയുമായിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യവും സംസാരവും വേദനകൾക്കെല്ലാം മരുന്നായിത്തീരുന്നുവെന്ന്! നൽകിയും നുകർന്നും ആനന്ദം വർധിക്കുന്ന നല്ല സൗഹൃദങ്ങൾ നമുക്കിടയിൽ പൂക്കണം. നന്മയിലേക്കടുപ്പിച്ചും തിന്മയിൽ നിന്നകറ്റിയും ഈടും ഉറപ്പുമുള്ള ചങ്ങാത്തങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് മഹാ ഭാഗ്യമാണ്. അലി(റ) സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതു കണ്ടപ്പോൾ അതേപ്പറ്റി ആരോ ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: `ഇതെന്റെ ആത്മസുഹൃത്ത് ഉമറുൽ ഫാറൂഖ് (റ) എനിക്ക് സമ്മാനിച്ചതാണ്'.
നമ്മുടെ താൽപര്യങ്ങളും ചിന്തകളും അറിയുന്ന, ഏത് തിരക്കിനിടയിലും നമ്മെ ഓർക്കുന്ന ഒരാൾ, ക്ഷണിക്കാൻ മറന്നാലും നമ്മുടെ സന്തോഷവേളകളിൽ ഓടിയെത്തുന്നവർ, നമ്മുടെ സങ്കടങ്ങളിൽ സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും വാക്കുപറയുന്നവർ, നമ്മുടെ അസാന്നിധ്യത്തിലും നമുക്കുവേണ്ടി പ്രാർഥിക്കുന്നവർ, നമ്മുടെ വ്യക്തിത്വത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നവർ അങ്ങനെയുള്ളവനാണ് യഥാർഥ സുഹൃത്ത്.
ഒരിക്കൽ നബി(സ്വ) പറഞ്ഞു: ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് പരസ്പരം അടുക്കിപ്പണിത കെട്ടിടംപോലെയാണ്. പിന്നീട് നബി(സ്വ) തന്റെ വിരലുകൾ ചേർത്തുപിടിച്ചു'(ബുഖാരി, മുസ്‌ലിം). സൗഹൃദബന്ധത്തിന് നബി (സ്വ) ഉദാഹരണം നൽകുകയുണ്ടായി. 'നല്ല സുഹൃത്ത് കസ്തൂരി വിൽപ്പനക്കാരനെപ്പോലെയാണ്, അവനിൽനിന്ന് ഒന്നുകിൽ നിനക്കത് വാങ്ങുകയോ അതുമല്ലെങ്കിൽ അതിന്റെ സുഗന്ധം ആസ്വദിക്കുകയോ ചെയ്യാം. എന്നാൽ ചീത്ത സുഹൃത്തിന്റെ ഉപമ ഉലയിൽ ഊതുന്നവനെപ്പോലെയാണ്. അവിടെനിന്ന് തീപ്പൊരിയുടെ ദുർഗന്ധം കിട്ടുന്നതോടൊപ്പം അത് നിന്റെ വസ്ത്രത്തെ കരിച്ചുകളയുകയും ചെയ്യും'. 'ഒരാൾ തന്റെ കൂട്ടുകാരന്റെ മതദർശനങ്ങളിലായിരിക്കും. അതുകൊണ്ട് സൂക്ഷിച്ചുവേണം ഒരാളോട് കൂട്ടുകൂടാൻ' എന്ന് നബി (സ്വ) പറയുമായിരുന്നു.
യഥാർഥ സുഹൃത്തിന് ഉണ്ടാകേണ്ട ഏറ്റവും പ്രധാന ഗുണമാണ് പരസ്പരം അംഗീകരിക്കാനുള്ള കഴിവ്. നിങ്ങൾ ആരാണോ ആ അവസ്ഥയിൽ നിങ്ങളെ അംഗീകരിക്കാൻ കഴിയുന്ന ആളായിരിക്കും ഒരു യഥാർഥ സുഹൃത്ത്.
നിങ്ങളുടെ കഴിവുകളും കുറവുകളും എന്തുതന്നെയായിരുന്നാലും അത് മനസിലാക്കി പൂർണമായി അംഗീകരിക്കുന്നയാൾ തീർച്ചയായും ഒരു നല്ല സുഹൃത്തായിരിക്കും. നിങ്ങളുടെ സ്വഭാവത്തിലെ പ്രത്യേകത മനസിലാക്കി അംഗീകരിക്കുകയും എപ്പോഴും കുറ്റപ്പെടുത്തുന്ന രീതികൾ ഒഴിവാക്കി സ്നേഹപൂർണമായ ശാസനയിലൂടെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി തീർച്ചയായും ആത്മാർഥ സ്നേഹിതനായിരിക്കും.
ജാതി, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ അതിർവരമ്പുകൾ ഒന്നും ഇവരുടെ മനസിലുണ്ടാകില്ല. എപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രം നൽകുന്ന സുഹൃത്തിന് ആരുടെ മനസിലും ഇടം നേടാൻ കഴിയില്ല. അത്തരം സൗഹൃദങ്ങൾ ആരും അംഗീകരിക്കാനും തയാറാകില്ല. അതുകൊണ്ട് നല്ല സുഹൃത്തിനെ തിരിച്ചറിയുന്നതിനൊപ്പം മറ്റുള്ളവർക്ക് നല്ല സുഹൃത്തായിരിക്കാനും ശ്രമിക്കണം. സുഹൃദ് ബന്ധത്തിൽ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളെ വേഗത്തിൽ ക്ഷമിക്കാനും ഒരു നല്ല സുഹൃത്തിനേ കഴിയൂ.
ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആശ്രയിക്കാൻ കഴിയുന്നവരും ജീവിതത്തിന്റെ നിമ്‌നോന്നതികളിൽ കൂടെ നിൽക്കുന്നവരും പറയുന്ന കാര്യങ്ങളിലും ബന്ധങ്ങളിലും അങ്ങേയറ്റം സത്യസന്ധതയും വിശ്വാസവും നിലനിർത്തുന്നവരുമായിരിക്കും ഉത്തമ സുഹൃത്തുക്കൾ. നമ്മുടെ നന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നുള്ളത് പകരുന്ന ധൈര്യം ചെറുതല്ല. നിലനിൽപ്പിനുവേണ്ടി പറയുന്ന ചെറുകള്ളങ്ങൾ പോലും നല്ല സുഹൃദ്ബന്ധങ്ങളെ തകർത്തേക്കാം. പരസ്പരമുള്ള വിശ്വാസത്തിന് സത്യസന്ധത പ്രധാന ഘടകമാണ്. നല്ല സൗഹൃദങ്ങൾ ശിഥിലമാകാതെ ശാശ്വതമായി നിലനിൽക്കാൻ സത്യസന്ധമായ വാക്കും പ്രവൃത്തിയും സൗഹൃദത്തിൽ ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."