ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു; യാത്രക്കിടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി, മണിക്കൂറിലേറെ പെരുവഴിയില്‍
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയെ ഒടുവില്‍ കോഴിക്കോട്ടെത്തിച്ചു. അറസ്റ്റ് മുതല്‍ തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. അനൗദ്യോഗിക വാഹനങ്ങളില്‍ റോഡ് മാര്‍ഗമാണ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. സെയ്ഫിയുമായി വന്ന വാഹനം കണ്ണൂരില്‍ വെച്ച് പഞ്ചറായി ഒന്നര മണിക്കൂറോളം പെരുവഴിയില്‍ കുടുങ്ങി. കണ്ണൂരില്‍ വെച്ച് പൊലിസിന് വഴിതെറ്റുകയും ചെയ്തു.
കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. മാമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. 45 മിനിറ്റിനുശേഷം എടക്കാട് പൊലിസ് സ്ഥലത്തെത്തി വാഹനത്തിന് സുരക്ഷയൊരുക്കി. പിന്നാലെ കണ്ണൂര്‍ എടിഎസിന്റെ വാഹനം പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എന്‍ജിന്‍ തകരാര്‍ കാരണം ബ്രേക്ക്ഡൗണ്‍ ആയി.
പിന്നീട് നാലേമുക്കാലോടെ സ്വകാര്യ വാഹനത്തില്‍ കയറ്റിയാണ് സൈഫിയെ കോഴിക്കോട് എത്തിച്ചത്. മാത്രമല്ല, മൂന്നു പൊലിസുകാര്‍ മാത്രമായിരുന്നു ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയില്‍ വെച്ചാണ് ഷാറൂഖ് സെയ്ഫി പിടിയിലായത്. തുടര്‍ന്ന് ഷഹീന്‍ബാഗ് പൊലിസ് സ്റ്റേഷനില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ കേരളത്തില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധസേന അന്വേഷണത്തിന് എത്തി. പ്രാദേശിക പൊലിസിന്റെ സഹായം അന്വേഷണ സംഘം തേടി. തുടര്‍ന്ന് എടിഎസില്‍ നിന്നും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ഷഹീന്‍ബാഗിലെ ഷാരൂഖ് സെയ്ഫിയുടെ വീട്ടില്‍ എത്തി. പ്രതിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യംചെയ്തു. വീടിനുള്ളില്‍ ഡല്‍ഹി പൊലിസിന്റെ സഹായത്തോടെയാണ് തീവ്രവാദ വിരുദ്ധ സേന പരിശോധന നടത്തിയത്. സമീപവാസികളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു. മാര്‍ച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മഹാരാഷ്ട്രയില്‍ വെച്ച് പൊലിസ് പിടികൂടിയത് തന്റെ മകനെ തന്നെ ആണെന്ന് ഷാറൂഖിന്റെ പിതാവും വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ഇന്നേവരെ പുറത്ത് പോകാത്ത ഷാറൂഖ് കേരളത്തില്‍ എത്തിയിട്ടുണ്ട് എങ്കില്‍ മറ്റാരെങ്കിലും മകനെ കൊണ്ടുപോയതാകും എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇത് ആരാണെന്ന് കണ്ടെത്തണമെന്നും മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുമാണ് പിതാവിന്റെ നിലപാട്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് പുറമെ കേരള പൊലിസ് അംഗങ്ങളും പരിശോധനയ്ക്ക് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."