പൊരുതി തോറ്റ് സഞ്ജുവും കുട്ട്യോളും; പഞ്ചാബിനിത് രണ്ടാം ജയം
ഗുവാഹത്തി: ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് രാജസ്ഥാന്‍- പഞ്ചാബ് തീപാറും പോരാട്ടം. രാജസ്ഥാന്റെ ചുണക്കുട്ടികള്‍ പൊരുതിത്തോറ്റ മത്സരത്തില്‍ പഞ്ചാബിന് അഞ്ച് റണ്‍സ് ജയം. ആദ്യ മത്സര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ പഞ്ചാബിനെതിരെ പോരിനിറങ്ങിയ സഞ്ജുവിനും കൂട്ടര്‍ക്കും അവസാന നിമിഷം കാലിടറുകയായിരുന്നു.
രാജസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ സഞ്ജുവും ഷിംറോണ്‍ ഹെറ്റ്മീറും ധ്രുവ് ജുറെലും മാത്രമാണ് തിളങ്ങിയത്. ഓപണറായ ആര്‍ അശ്വിന്‍ തുടക്കം തന്നെ നിരാശപ്പെടുത്തി. പുറത്താവുമ്പോള്‍ നാല് പന്ത് നേരിട്ട അശ്വിന് ഒരു റണ്‍സ് പോലും സംഭാവന ചെയ്യാന്‍ സാധിച്ചില്ല. പിന്നീടെത്തിയ ജോസ് ബട്ട്‌ലര്‍ 11 പന്തില്‍ 19 റണ്ണെടുത്ത് നില്‍ക്കെ നഥാന്‍ എല്ലിസിന്റെ അടുത്ത പന്ത് അടിച്ചുപറത്താന്‍ ശ്രമിച്ചെങ്കിലും വിജയകരമായ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. വലിയ റണ്‍സിന് തോല്‍വി വഴങ്ങുമെന്ന് തോന്നിച്ച രാജസ്ഥാനെ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (36) ദ്രുവ് ജൂറലിന്റെയും (32) വാലറ്റത്തെ വെടിക്കെട്ടാണ് രക്ഷിച്ചത്. 25 പന്തുകളില്‍ 42 റണ്‍സ് എടുത്ത സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ (26 പന്തില്‍ 21) ഇത്തവണയും നിരാശപ്പെടുത്തി.
നായകന്‍ ശിഖര്‍ ധവാന്റെയും(86) പ്രഭ്മാന്‍ സിങ്ങിന്റെയും (60)അപരാജിത വെടിക്കെട്ട് പ്രകടനവും സഞ്ജു സാംസണിന്റെയടക്കം നാല് പ്രധാന വിക്കറ്റുകള്‍ പിഴുതുകൊണ്ടുള്ള നതാന്‍ ഇല്ലിസിന്റെ ബൗളിങ്ങുമാണ് പഞ്ചാബിന് കരുത്തായത്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ചിറകിലേറിയാണ് പഞ്ചാബ് നിര 197 റണ്‍സെന്ന കൂറ്റന്‍ സ്‌കോയുര്‍ത്തിയത്. 56 ബോള്‍ നേരിട്ട കപ്പിത്താന്‍ പുറത്താവാതെ 86 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. സഹ ഓപണറായ പ്രഭ്‌സിമ്രന്‍ സിങ്ങും ഫിഫ്റ്റിയോടെ മികച്ച പ്രകടനം കാഴ്ച വച്ചു. 34 പന്തില്‍ 60 റണ്‍സെടുത്താണ് സിങ് പുറത്തായത്. ജിതേശ് ശര്‍മ 16 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ രണ്ട് പന്ത് നേരിട്ടെങ്കിലും ഒരു റണ്‍സെടുക്കാനേ സിക്കന്ദര്‍ റാസയ്ക്ക് സാധിച്ചുള്ളൂ. തുടര്‍ന്നെത്തിയ ഷാരൂഖ് ഖാന്‍ പത്ത് പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി.
ഹോള്‍ഡറുടെ പന്തില്‍ ബട്ട്‌ലറുടെ കൈയിലാണ് ഷാരൂഖും കുടുങ്ങിയത്. തുടര്‍ന്നെത്തിയ സാം കരന് പ്രകടനം പുറത്തെടുക്കാന്‍ പന്തുകള്‍ ലഭിച്ചില്ല. രണ്ട് പന്തുകള്‍ നേരിട്ട കരണ്‍ ഒരു റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്ര അശ്വിനാണ് ഒരു വിക്കറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."