തെരുവു നായ ശല്യം; ഭീതിയോടെ കോട്ടയവും
തെരുവു നായ ശല്യം;
883 നായ്ക്കളെ വന്ധ്യംകരണം നടത്തി
2 കോടി 28 ലക്ഷത്തിന്റെ പദ്ധതിക്ക് ലഭിച്ചത് ഒന്നര കോടി മാത്രം
കോട്ടയം: നാടും നഗരവും കൈയടക്കി തെരുവ് നായകള്‍ വിലസുമ്പോള്‍ ഭീതിയോടെ നാട്ടുകാര്‍. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്നും ഒട്ടും വിഭിന്നമല്ല കോട്ടയത്തെയും സ്ഥിതി. തെരുവുനായകള്‍ കൂട്ടത്തോടെ പലപ്പോഴും നാട്ടുകാരെ അക്രമിക്കുന്ന രീതിയിലാണ് ജില്ലയില്‍ കാര്യങ്ങള്‍. അക്ഷരനഗരി പുല്ലുവിളയാകുമെയെന്ന ഭീതിയിലാണ് നഗരവാസികള്‍.
രാവും പകലും വ്യത്യാസമില്ലാതെ നഗരങ്ങളില്‍ തെരുവ് നായ്ക്കള്‍ വിലസുകയാണിവിടെ. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലപ്പോഴും നായകളുടെ അക്രമത്തിന് ഇരയാകുന്നു. ഈ വര്‍ഷം തന്നെ 3114 പേരാണ് മൃഗങ്ങളുടെ ആക്രമണത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വളര്‍ത്തുനായയുടെയും തെരുവ് നായയുടെയും ആക്രമണം തന്നെ. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 1952 പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ ഒരു സ്ത്രീ മരിക്കുകയും ചെയ്തു. ഇന്നലെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മാത്രം ചികിത്സതേടിയെത്തിയത് എട്ടുപേര്‍.
ജില്ലയുടെ ഏതുഭാഗത്തും തെരുവുനായകളുടെ കൂട്ടമാണിപ്പോള്‍ കാണാന്‍ കഴിയുന്നത്. രാത്രികാലങ്ങളില്‍പലപ്പോഴും ഇവയുടെ ആക്രമണത്തിന് നിരവധിയാളുകള്‍ ഇരയാകുന്നുവെന്നതും വാസ്തവം. കോട്ടയം നഗരം, ജില്ലാ ആശുപത്രി പരിസരം, പച്ചക്കറി ചന്ത, കോടിമത, റെയില്‍വെ സ്റ്റേഷന് സമീപം എന്നിവടങ്ങളില്‍ പകല്‍ സമയത്തും ജനങ്ങള്‍ ഭീതിയോടെയാണ് നടക്കുക. ഏതു സമയത്തും ആക്രമണമുണ്ടാകുമെന്ന ഭീതിയാണ് നാട്ടുകാര്‍ക്ക്. ചിങ്ങവനം, കുറിച്ചി മന്ദിരം, ഔട്ട്‌പോസ്റ്റ്, കടുത്തുരുത്തി, കുറവിലങ്ങാട്, പരുത്തുംപാറ എന്നി സ്ഥലങ്ങളുള്‍പ്പെടെ ജില്ലിയിലെ ഗ്രാമങ്ങളിലും നായശല്യം രൂക്ഷമാണ്. ഗ്രാമപ്രദേശങ്ങളിലെ വീടുകളുടെ വരാന്ത പോലും രാത്രികാലങ്ങളില്‍ തെരുവ് നായകള്‍ ഇഉടത്താവളമാക്കുന്ന സ്ഥിതിയാണ് നിലവില്‍.
തെരുവ് നായകള്‍ പൊതുസമൂഹത്തെ ഭീതിയിലാക്കുമ്പോളും വന്ധ്യംകരണമടക്കമുള്ള പദ്ധതികള്‍ക്ക് വൈകുന്നുവെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് വരെ 883 നായ്ക്കളെയാണ് വന്ധ്യംകരണത്തിന് വിധേയമാക്കിയത്. മാര്‍ച്ചിന് ശേഷം ഇതുവരെ വന്ധ്യംകരണം നടത്തിയിട്ടില്ല. പദ്ധതിയുടെ അംഗീകാരം വൈകുന്നതാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ മുന്‍പോട്ടുവെക്കുന്ന ന്യായം. ഫണ്ടുകള്‍ ഉണ്ടെന്നും പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടന്‍ ഊ വര്‍ഷത്തെ പദ്ധതി നടപ്പാക്കുമെന്ന ബന്ധപ്പെട്ടവര്‍ പറയുന്നു. അതേ സമയം ലഭിക്കേണ്ട ഫണ്ട് ത്രിതല പഞ്ചായത്തുകളില്‍ നിന്ന് ആദ്യത്തെ പദ്ധതിക്കും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യം മറച്ചുവയ്ക്കാനാണ് അധികൃതരുടെ ശ്രമം.
നായക്കളുടെ എണ്ണം പെരുകുമ്പോഴും വന്ധ്യംകരണം വിജയകരമായിരുന്നുവെന്ന് ഭരണാധികാരികള്‍ പറയുന്ന വിചിത്രസംഭവത്തിനാണ് ഇപ്പോള്‍ അക്ഷരനഗരി സാക്ഷ്യംവഹിക്കുന്നത്. നായ്ക്കളെ വന്ധ്യംകരണം ചെയ്യുവാനുള്ള പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത് ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുവഴിയാണ്. ഗ്രാമപഞ്ചായത്തുകള്‍ രണ്ടു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ 3 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപയുമാണ് ഈ പദ്ധതിക്ക് നല്‍കേണ്ടിയിരുന്നത്.ആകെ രണ്ടു കോടി 28 ലക്ഷം. എന്നാല്‍ മുന്‍ വര്‍ഷം ലഭിച്ചതാകട്ടെ ഒരുകോടി 50 ലക്ഷം.
തെരുവ്‌നായ പൊതുജനങ്ങളുടെ ജീവന് ഭീതി വിതയ്ക്കുമ്പോള്‍ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ വീഴ്ച്ച വരുത്തുന്നതിനെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.വന്ധ്യംകരണത്തിന് എല്ലാ സഹായവും മൃഗസംരക്ഷണവകുപ്പ് പ്രഖ്യാപിച്ചിട്ടും വേണ്ട പണം കണ്ടെത്താത്തത് വന്‍ വീഴ്ച്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജില്ലയില്‍ തെരുവ്‌നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റത് മനുഷ്യര്‍ക്ക് മാത്രമായിരുന്നില്ല. വളര്‍ത്തുമൃഗങ്ങളും പക്ഷികളും ഇരയായിട്ടുണ്ട്. കടുത്തുരുത്തിയില്‍ ഒരുമാസം മുന്‍പ് നിരവധിയാടുകളെയാണ് തെരുവാനായകള്‍ ആക്രമിച്ചത്. നിരവധി താറാവുകളും കോഴികളും ചത്തു. പാലായില്‍ തെരുവ്‌നായയുടെ ആക്രമണത്തിന് പശുവും ഇരയായിട്ടുണ്ട്. പറമ്പില്‍ കെട്ടിയിരുന്ന പശുവിനെ കൂട്ടത്തോടെയാണ് നായ്ക്കള്‍ അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."