HOME
DETAILS
MAL
ദ്വീപിലെ രാഷ്ട്രീയവും ഭരണകൂടത്തിന്റെ ലക്ഷ്യവും
backup
May 28 2021 | 20:05 PM
സ്‌നേഹവും മാനവികതയും മണ്ണിലും മനസിലും ലയിച്ചു ചേര്‍ന്ന നാടാണ് ലക്ഷദ്വീപ്. പരസ്പര സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിച്ചുപോന്ന ജനതയെയാണ് ഇന്ന് സംഘ്പരിവാര്‍ വിഷവിത്തുകള്‍ പാകി അസ്വസ്ഥമാക്കുന്നത്. അതിനെതിരായ പോരാട്ടത്തിലാണ് ദ്വീപ് നിവാസികള്‍. ഇവര്‍ക്ക് പിന്തുണയുമായി രാജ്യത്തെ മതേതര വിശ്വാസികളുമുണ്ട്.
1912ല്‍ ദ്വീപ് റെഗുലേഷന്‍ ആക്ട് നിലവില്‍ വന്നതോടെയാണ് ദ്വീപുകാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും മദ്രാസിനു കീഴില്‍ തുടര്‍ന്നു. 1950ല്‍ ആന്ത്രോത്തുകാരനായ എസ്.വി സെയ്തുകോയ തങ്ങളെ മദ്രാസ് ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. 1956ലാണ് ദ്വീപ്‌സമൂഹം കേന്ദ്രഭരണ പ്രദേശമായി മാറിയത്. 1967ല്‍ പി.എം സഈദ് ദ്വീപിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗമായി. ലക്ഷദ്വീപില്‍ 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.എം സഈദ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 1971 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് 10 തവണ അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ സ്പീക്കറായി, കാബിനറ്റ് മന്ത്രിയായി. ലക്ഷദ്വീപിന്റെ വസന്തകാലമായിരുന്നു അത്. സഈദിന്റെ മതബോധവും വ്യക്തിജീവിതവും സൂഫി സമാനമായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാവായ അദ്ദേഹത്തിന് പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ തന്നെ 'മഖ്ബറ' കെട്ടിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ജനങ്ങള്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ആദര്‍ശപരമായി അവര്‍ സുന്നികളാണ്. തീര്‍ത്തും സമസ്തക്കാര്‍. പിന്നീടുണ്ടായ വിഭാഗീയ ചേരിതിരിവില്‍ സഈദ് സമസ്തക്കൊപ്പം നിന്നു. മറുഭാഗത്തിനു ശക്തമായ എതിര്‍പ്പുണ്ടായി. അവര്‍ കോണ്‍ഗ്രസിനും എതിരായി. 'സഈദ്' എവിടെയും വിജയിയാണെന്ന് ശംസുല്‍ ഉലമ പറഞ്ഞിരുന്നതിനെ അമര്‍ഷത്തോടെയാണ് മറുഭാഗം ഉള്‍ക്കൊണ്ടത്. 2004 ലെ തെരഞ്ഞെടുപ്പില്‍ സഈദ് 71 വോട്ടിന് പരാജയപ്പെട്ടു. ശംസുല്‍ ഉലമയുടെ വാക്കിനെ മറുഭാഗം പരിഹസിച്ചു. എന്നാല്‍, വിജയിച്ച ജെ.ഡി.യു സ്ഥാനാര്‍ഥി പൂക്കുഞ്ഞിക്കോയ ഡല്‍ഹിയിലെത്തും മുമ്പേ ഊര്‍ജ വകുപ്പ് മന്ത്രിയായി കാബിനറ്റ് പദവിയില്‍ പ്രതിജ്ഞ ചെയ്ത് കഴിഞ്ഞിരുന്നു ഈ 'സഈദ്'.
ലക്ഷദ്വീപില്‍ മുസ്‌ലിം ലീഗ് രൂപീകരിക്കാന്‍ ദ്വീപിലെ ചിലര്‍ സി.എച്ച് മുഹമ്മദ് കോയയോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് - 'ഇപ്പോള്‍ അവിടെ കെട്ടുറപ്പുള്ള രാഷ്ട്രീയമാണ്, സമുദായത്തിന് ഗുണകരമായ കോണ്‍ഗ്രസാണുള്ളത്. അവിടെ മറ്റൊരു രാഷ്ട്രീയമുണ്ടാക്കിയാല്‍ സാമുദായിക ഭദ്രതയിലാണ് ഉലച്ചിലുണ്ടാക്കുക. നിങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക. ദ്വീപില്‍ മറ്റൊരു രാഷ്ട്രീയം സാമുദായിക സുസ്ഥിരതക്കു കോട്ടമുണ്ടാക്കും' എന്നാണ്.
2009ല്‍ സഈദിന്റെ മകന്‍ ഹംദുല്ല സഈദ് വിജയിച്ചു. പരമ്പരാഗത സുന്നികളായ ജനങ്ങളില്‍ ഭിന്നത വന്നപ്പോള്‍ രാഷ്ട്രീയ ചേരിയില്‍ കോണ്‍ഗ്രസ് പക്ഷത്തിനെതിരേ മറുഭാഗം നിലയുറപ്പിച്ചത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയിലാണ്. കോണ്‍ഗ്രസിനോടുള്ള വിരോധത്തില്‍ നിങ്ങള്‍ ബി.ജെ.പി ടീമിനെ പിന്തുണക്കുന്നത് ലക്ഷദ്വീപിന്റെയും സമുദായത്തിന്റേയും കെട്ടുറപ്പിനെ ബാധിക്കുമെന്നും നാം തമ്മിലുള്ള ഭിന്നത ഒന്നിരുന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും പലരും അന്ന് മറുഭാഗത്തെ ഉണര്‍ത്തിയിരുന്നു. എന്നാല്‍, മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരു കാണാന്‍ കൊതിച്ചത് പോലെയായിരുന്നു ചില സഹോദരന്മാര്‍. അവര്‍ക്ക് കരയില്‍ നിന്ന് പിന്തുണ കിട്ടി. 2014 ഹംദുല്ലക്കെതിരേ മത്സരിച്ച് ബി.ജെ.പി ടീമായ എന്‍.സി.പി സ്ഥാനാര്‍ഥി മുഹമ്മദ് ഫൈസലിനെ വിജയിപ്പിച്ചു. 2019 ലും അത് ആവര്‍ത്തിച്ചു. ഞങ്ങള്‍ ബി.ജെ.പിയെയല്ല എന്‍.സി.പിയെയാണ് പിന്തുണച്ചതെന്ന ന്യായം നിര്‍ഥകമാണ്. ഹംദുല്ല വിജയിച്ചാല്‍ ബി.ജെ.പി ടീമിന് ക്ഷയവും ഫൈസല്‍ വിജയിച്ചാല്‍ ക്ഷേമവുമാണെന്ന് ആര്‍ക്കുമറിയാം. ഫൈസല്‍ തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട് 'രാഹുല്‍ ഗാന്ധിയല്ല, നമുക്ക് നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രിയാവേണ്ടത്' എന്ന്. മോദിയെ ശക്തിപ്പെടുത്താനാണ് എന്‍.സി.പി എവിടെയും മത്സരിച്ചത്. പലയിടത്തും ബി.ജെ.പിക്ക് സ്ഥാനാര്‍ഥി നാമമാത്രമായി ഉണ്ടായിരിക്കാം. അവരും വിജയ സാധ്യത നോക്കി എന്‍.സി.പിയെ സഹായിച്ച് കോണ്‍ഗ്രസിനെ എതിര്‍ക്കുകയായിരുന്നു. ലക്ഷദ്വീപിലും ബി.ജെ.പിക്ക് നാമമാത്ര സ്ഥാനാര്‍ഥിയുണ്ടായിരുന്നു എന്നത് നാടകമാണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം.
ലക്ഷദ്വീപുപോലുള്ള സ്ഥലത്ത് ആദ്യഘട്ടം ബി.ജെ.പി അജന്‍ഡ നടപ്പാക്കിയില്ലെങ്കിലും പലതും പോലെ പിന്നീട് ഇവിടെയും നടപ്പാക്കിത്തുടങ്ങി. കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന സംഘ്പരിവാര്‍ രാഷ്ട്രീയക്കാരനെ ആദ്യം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ നിയമിച്ചതും പിന്നീട് ലക്ഷദ്വീപിന്റെ അധികച്ചുമതല നല്‍കിയതും. ഇദ്ദേഹം മോദി മുഖ്യമന്ത്രിയായ ഒരു ടേമില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. രാഷ്ട്രീയ ഔദ്യോഗിക ജീവിതത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പട്ടേല്‍, സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിലെ വിധിയെത്തുടര്‍ന്ന് മോദി സര്‍ക്കാറില്‍നിന്നു അമിത് ഷാ ഒഴിയേണ്ടിവന്നപ്പോഴാണ് ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിതനായത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എം.പിയായിരുന്ന മോഹന്‍ ദെല്‍ക്കറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസില്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എഫ്.ഐ.ആറില്‍ പേര് ചേര്‍ത്ത റിയല്‍ എസ്റ്റേറ്റുകാരുടെ സഹായിയായിരുന്നു പട്ടേല്‍.
ലക്ഷദ്വീപിന്റെ സ്വത്വത്തെയും സംസ്‌കാരത്തെയും കടന്നാക്രമിക്കുകയാണ് സംഘ്പരിവാര്‍ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രചാരണങ്ങളെയാകെ തടഞ്ഞിരുന്നു. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇപ്പോള്‍ ബീഫ് നിരോധിച്ചു. ടൂറിസം വികസനത്തിന് മദ്യശാലകള്‍ക്ക് ലൈസന്‍സ് വ്യാപകമായി നല്‍കുക
യാണ്. സ്‌കൂളുകളിലും അങ്കണവാടികളിലും മാംസഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തുകയും ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും വിശ്വാസങ്ങളെയും അധമവും നമ്മുടെ ദേശീയതക്ക് അഭിമതമല്ലെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.
പ്രഫുല്‍ പട്ടേലിന്റെ കരിനിയമങ്ങള്‍ ബി.ജെ.പി അജന്‍ഡയുടെ ഭാഗമാണെന്ന് പൊതുവായി പറയുമ്പോള്‍ ലക്ഷദ്വീപ് എം.പി ഫൈസല്‍ പറയുന്നത് അല്ല, അത് പ്രഫുല്‍ പട്ടേലിന്റെ വ്യക്തി താല്‍പര്യമാണെന്നാണ്. ഈ നാടകം ആര്‍ക്കും മനസിലാകും. ദ്വീപ് നിവാസികളുടെ പ്രീതി നേടുകയും വേണം കേന്ദ്ര അജന്‍ഡ നടപ്പാക്കുകയും വേണം. കേന്ദ്രം കുറ്റക്കാരല്ലെന്ന് എം.പി പറഞ്ഞുവച്ച ഉടനെയാണ് പ്രഫുല്‍ പട്ടേലിന്റെ കരിനിയമത്തെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ വിശകലനം നടത്തിയത്. കേന്ദ്രത്തിന്റെ മറുപടിയാവട്ടെ ഉള്ള ചോറും ചക്കയിലൊട്ടിയ പോലെ.
മദ്യം വ്യാപകമാക്കിയത് വ്യാജമദ്യം തടയാനാണെന്നാണ് കേന്ദ്ര ഭാഷ്യം. ഒരു തുള്ളി മദ്യം ലഭ്യമാവാത്ത ദ്വീപില്‍ വ്യാജ വാറ്റുണ്ടായതും എം.പിയുടെ കെടുകാര്യസ്ഥത കൊണ്ടാണത്രെ! വ്യാജനെ തടയാതെ ഒര്‍ജിനല്‍ കുടിക്കാന്‍ ഞങ്ങള്‍ നേരിട്ടു തരാമെന്നാണ് കേന്ദ്രം. ജനസംഖ്യ നിയന്ത്രിക്കാനാണ് രണ്ടിലധികം സന്താനങ്ങളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചത്. ദ്വീപില്‍ മാത്രമോ ജനസംഖ്യാ പെരുപ്പം? എങ്കില്‍ തെരഞ്ഞെടുപ്പ് നിഷേധത്തിന്റെ ലോജിക്ക് എന്ത്? 99 ശതമാനവും മുസ്‌ലിംകളായവര്‍ക്ക് ബീഫ് നിരോധിക്കുന്നതിന്റെയോ ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗമായ പശു ഫാം അടച്ചുപൂട്ടി ഗുജറാത്ത് കമ്പനിയുടെ പാല്‍ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തെ കുറിച്ചോ മോദി ഭരണത്തിന് മറുപടിയില്ല.
പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന കരിനിയമങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ എതിര്‍ത്ത് കൂടെനില്‍ക്കുമെന്ന വീരത്വം പറയുന്ന ഫൈസല്‍ എം.പി കേന്ദ്ര നിലപാടിനെക്കുറിച്ച് നയം വ്യക്തമാക്കേണ്ടതുണ്ട്. എന്‍.സി.പിയുടെ നിലപാട് അറിയേണ്ടതുണ്ട്. ഇതൊന്നുമറിയാതെയല്ല ചിലര്‍ എം.പിയെ ന്യായീകരിക്കുന്നതും ബി.ജെ.പി ചേരിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു കൊടുത്തതിനെ ഓര്‍ത്ത് ഇപ്പോഴും സായൂജ്യമടയുന്നതും. ഒന്നിച്ചുനിന്ന് ദ്വീപ് നിവാസികളെയും രാജ്യത്തിന്റെ പറുദീസയായ മണ്ണിനേയും നമുക്ക് ചേര്‍ത്തുനിര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."