HOME
DETAILS
MAL
മഹാമാരിക്കിടയിലെ നയപ്രഖ്യാപനം
backup
May 28 2021 | 20:05 PM
ഒന്നാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നു വ്യത്യസ്തമായൊരു നിലപാടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സ്വീകരിച്ചത്. പ്രതിപക്ഷ ബഹിഷ്‌കരണവും കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപനത്തില്‍ വായിക്കുകയില്ലെന്ന ഗവര്‍ണറുടെ കടുംപിടുത്തവും ഒന്നാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ സംഘര്‍ഷ ഭരിതമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരേയും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്ന വിമര്‍ശനങ്ങളെ ചൊല്ലിയായിരുന്നു കഴിഞ്ഞ തവണ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഉടക്കിയത്. ഈ സംഭവത്തിനുശേഷം ഗവര്‍ണറില്‍ നിന്നു കാര്യമായ എതിര്‍പ്പുകളൊന്നും സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടില്ല. സൗഹാര്‍ദപരവും സഹകരാണത്മകവുമായ സമീപനമായിരുന്നു പിന്നീട് ഗവര്‍ണറില്‍ നിന്നുണ്ടായതും. അത്തരമൊരു സമീപനത്തിന്റ തുടര്‍ച്ചയായി വേണം ഗവര്‍ണറുടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ കാണാന്‍. ഇന്നലെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനമുണ്ട്. പ്രസ്തുത ഭാഗങ്ങള്‍ നീക്കണമെന്നോ, താന്‍ വായിക്കുകയില്ലെന്നോ ഉള്ള കടുംപിടുത്തമൊന്നും ഇത്തവണ ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ശ്രദ്ധേയമായി. പ്രതിപക്ഷ നിരയില്‍ നിന്നു സൗഹാര്‍ദപരമായ സമീപനമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്.
സംസ്ഥാനത്തിന്റെ വായ്പാപരിധി വര്‍ധിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിലും സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ചും നയപ്രഖ്യാപന പ്രസംഗത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫെഡറലിസത്തിനെതിരാണെന്നും പിന്തിരിപ്പനാണെന്നുമുള്ള കടുത്ത പ്രയോഗങ്ങളും പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാതൊരു ഭാവഭേദവുമില്ലാതെ സ്വാഭാവികരീതിയില്‍ അതു വായിച്ചു പോവുകയും ചെയ്തു. എന്നാല്‍, വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാത്ത, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പദപ്രയോഗങ്ങളൊന്നും കണ്ടതുമില്ല. വാക്‌സിനുവേണ്ടി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ അതേക്കുറിച്ച് പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല. നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ മാത്രം വായിച്ചു ബാക്കി ഭാഗങ്ങള്‍ ഗവര്‍ണര്‍ മേശപ്പുറത്തു വയ്ക്കുകയായിരുന്നു. താന്‍ അപ്രകാരം ചെയ്യാന്‍ പോകുന്നത് ഗവര്‍ണര്‍ സഭയെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.
കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന സന്ദേഹമുയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു നയപ്രഖ്യാപന പ്രസംഗം. 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് റവന്യൂ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതിനാല്‍ 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ആശങ്കയിലാണ്. എങ്കിലും വികസനത്തിനും കരുതലിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതാണ് നയപ്രഖ്യാപനം. വികസനവും ക്ഷേമവും ഒന്നിച്ചു കൊണ്ടുപോകുവാനുള്ള ഒരു പ്രവര്‍ത്തനരൂപരേഖയെന്ന് വേണമെങ്കില്‍ നയപ്രഖ്യാപനത്തെ വിശേഷിപ്പിക്കാം. താഴേത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ് ക്ഷേമപ്രവര്‍ത്തനങ്ങളിലധികവും.
ഒന്നാം കൊവിഡ് തരംഗത്തില്‍ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് നല്‍കിയതുപോലുള്ള പാക്കേജ് പദ്ധതി തുടരുമെന്നും വിവിധ വിഭാഗങ്ങള്‍ക്ക് അത്തരമൊരു പാക്കേജ് കൈത്താങ്ങായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന സര്‍ക്കാര്‍ നയം ആവര്‍ത്തിക്കുന്നുമുണ്ട്. ഇതിനായി ആയിരം കോടി അധികമായി ചെലവാക്കുമെന്നും പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് ചികിത്സ തുടരും. കൊവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നു. അഞ്ചു വര്‍ഷം കൊണ്ട് കാര്‍ഷികോത്പന്നങ്ങള്‍ അന്‍പത് ശതമാനം വര്‍ധിപ്പിക്കും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും.കേരള ബാങ്ക് ആധുനികവല്‍ക്കരണം വേഗത്തിലാക്കും. വെസ്റ്റ് കോസ്റ്റ് വഴിയുള്ള ജലഗതാഗത പദ്ധതി വേഗത്തിലാക്കും. കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം. എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കും. മദ്‌റസാ അധ്യാപകര്‍ക്ക് കൊവിഡ് സമാശ്വാസമായി രണ്ടായിരം രൂപ. ഇതുവഴി 12,500 പേര്‍ക്ക് പ്രയോജനം. ഭൂരഹിതര്‍ക്കെല്ലാം പട്ടയം. നഗര കൃഷിയുടെ സാധ്യത പരിശോധിക്കും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം. സ്ത്രീ സമത്വത്തിനു പ്രാധാന്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍. ഇങ്ങനെ പോകുന്നു വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍. ഇതെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചത്.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലക്ക് ഏല്‍പ്പിച്ച ആഘാതം മറികടന്നുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്ന ക്ഷേമ ,വികസന പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് പോവുക എന്നത് സര്‍ക്കാരിന്റെ മുന്‍പിലുള്ള വെല്ലുവിളിയാണ്. മുന്‍പോട്ട് പോകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ നികുതിയിനത്തിലും അല്ലാതെയുമുള്ള റവന്യൂ വരുമാനം മെച്ചപ്പെടാന്‍ ഇനിയും സമയമെടുക്കും. ലോക്ക്ഡൗണ്‍ അടുത്ത മാസം പിന്‍വലിച്ചാലും സാധാരണ ജീവിതം സാധ്യമാകണമെങ്കില്‍ പിന്നെയും സമയം വേണ്ടിവരും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കുകയും വേണ്ട. സംസ്ഥാനത്തിന്റെ വായ്പാപരിധി കൂട്ടാനും കേന്ദ്രം തയാറല്ല. ഈയൊരു സാമ്പത്തിക പ്രതിസന്ധിയെ മുന്‍കൂട്ടി കണ്ടതുകൊണ്ടു കൂടിയായിരിക്കണം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം സാരമായി കുറയുമെന്ന ആശങ്ക നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവുക.
സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ അടുത്ത് അവതരിപ്പിക്കുന്ന ബജറ്റില്‍ സാധാരണ ജനങ്ങള്‍ക്കുമേല്‍ കനത്ത നികുതിഭാരം ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, കൊവിഡിന്റെ രണ്ട് മഹാതരംഗത്തില്‍ നടുവൊടിഞ്ഞ സാധാരണക്കാരനുമേല്‍ ഏല്‍പിക്കുന്ന മറ്റൊരു മഹാമാരിയായിരിക്കുമത്. അത്തരമൊരു നീക്കത്തിന് രണ്ടാം ഇടത് മുന്നണി സര്‍ക്കാര്‍ തയാറാകുകയില്ലെന്ന് കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."