റാഷിദിയ ബസ്സപകടം: ഇന്ത്യന്‍ യുവാവിന് പതിനൊന്നര കോടി രൂപ നഷ്ടപരിഹാരം
ദുബൈ: മൂന്നര വര്‍ഷം മുന്‍പ് ദുബൈ റാഷിദിയയിലുണ്ടായ ബസ്സപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് അഞ്ച് മില്യണ്‍ ദിര്‍ഹം (ഏകദേശം പതിനൊന്നര കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. റാസല്‍ഖൈമയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് ബെയ്ഗ് മിര്‍സക്കാണ് ദുബായ് കോടതി കോടതി ചെലവടക്കമുള്ള ഈ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്. ഒമാനില്‍ നിന്നും ദുബായ് റാഷിദിയയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 2019 ജൂണിലായിരുന്നു സംഭവം. അപകടത്തില്‍ മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് സാരമായി പരിക്കേറ്റു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ എന്നിവരാണ് മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് വേണ്ടി കേസ് ഏറ്റെടുത്ത് നടത്തിയത്.
പെരുന്നാള്‍ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ വന്നെത്തിയ വാഹനാപകടം യുഎഇയിലെ വലിയ അപകടങ്ങളിലൊന്നായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി പോയിന്റിലേക്ക് വഴിമാറി അശ്രദ്ധമായി പ്രവേശിച്ച് ഹൈബാറില്‍ ബസ്സിടിച്ചാണ് അപകട ദുരന്തമുണ്ടായത്. അപകടത്തില്‍ ബസ്സിന്റെ ഇടത് മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തില്‍ മരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. നഷ്ടപരിഹാരത്തുകക്ക് അര്‍ഹനായ മുഹമ്മദ് ബെയ്ഗ് മിര്‍സക്ക് അപകടം നടക്കുമ്പോള്‍ 20 വയസ്സായിരുന്നുവെന്ന് മാതാപിതാക്കളായ മിര്‍സ ഖദീര്‍ ബെയ്ഗ്, സമീറ നസീര്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെരുന്നാളിന് ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മസ്‌കത്തിലേക്ക് പോയി മടങ്ങി വരവേയാണ് അപകടത്തില്‍പ്പെട്ടത്. 2019 ജൂണ്‍ 6ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമയുടെ അവസാന വര്‍ഷ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ദുബായിലേക്ക് മടങ്ങുകയായിരുന്നു. ജൂണ്‍ 9 മുതലാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, അപകടത്തെ തുടര്‍ന്ന് യുവാവിന്റെ പഠനം നിലയ്ക്കുക മാത്രമല്ല, സ്വാഭാവിക ജീവിതം തന്നെ താറുമാറായി.
രണ്ടര മാസത്തോളം ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബെയ്ഗ് 14 ദിവസത്തോളം അബോധാവസ്ഥയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സ തേടി. ചികിത്സക്ക് ശേഷവും മസ്തിഷ്‌കത്തിന് 50% സ്ഥിര വൈകല്യം നിലനില്‍ക്കുന്നത് കാരണം മുഹമ്മദ് ബെയ്ഗ് മിര്‍സ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. മസ്തിഷ്‌ക ക്ഷതത്തിന് പുറമെ, തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകള്‍ക്കും കാലുകള്‍ക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്ന് ഷാര്‍ജ കോടതിയിലെ ഫോറന്‍സിക് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് കോടതി അഞ്ച് മില്യണ്‍ നഷ്ടപരിഹാരത്തുക ബസിന്റെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് വിധിച്ചത്.
അപകടത്തെ തുടര്‍ന്ന് ഒമാന്‍ സ്വദേശിയായ ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവും കൂടാതെ, മരിച്ച 17 വ്യക്തികളുടെയും അനന്തരാവകാശികള്‍ക്ക് രണ്ടു ലക്ഷം വീതം ദിയാ ധനവും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഏകദേശം ഒന്നര വര്‍ഷത്തിലധികം നീണ്ടുപോയ ട്രാഫിക് ക്രിമിനല്‍ കേസില്‍ ഡ്രൈവറുടെ തടവ് ശിക്ഷ അപ്പീല്‍ കോടതി ഒരു വര്‍ഷമാക്കി ഇളവ് നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിലധികം ഇന്‍ഷുറന്‍സ് അഥോറിറ്റി മുതല്‍ സുപ്രീം കോടതി വരെയുള്ള കോടതികളില്‍ നടന്ന കേസുകള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ ഹാജരായത് ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്‌സിലെ മുഖ്യ ഉപദേഷ്ടാവ് ശരീഫ് അല്‍ വര്‍ദയുടെ മേല്‍നോട്ടത്തില്‍ യുഎഇ അഭിഭാഷകരായ ഹസ്സന്‍ അശൂര്‍ അല്‍ മുല്ല, ഫരീദ് അല്‍ ഹസ്സന്‍ എന്നിവരായിരുന്നു.
പ്രാരംഭ ഘട്ടത്തില്‍ യുഎഇ ഇന്‍ഷുറന്‍സ് അഥോറിറ്റി കോടതിയില്‍ കേസ് പരിഗണിച്ചെങ്കിലും 1 മില്യണ്‍ ദിര്‍ഹം മാത്രമാണ് നഷ്ടപരിഹാര സംഖ്യയായി വിധിച്ചത്. ഇതിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയും നഷ്ട പരിഹാര സംഖ്യ 5 മില്യണ്‍ ദിര്‍ഹമായി വര്‍ധിപ്പിച്ച് വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനി രണ്ടു തവണ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി അപ്പീല്‍ കോടതിയുടെ വിധി ശരി വെക്കുകയാണ് ചെയ്തത്. യുഎഇയുടെ ചരിത്രത്തില്‍ ഒരിന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ വാഹന അപകട നഷ്ട പരിഹാര തുകയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."