കഥകള്‍ പറഞ്ഞുതീരാതെ ആ കുഞ്ഞുകഥാകാരന്‍ യാത്രയായി ; ഓര്‍മയായത് രോഗത്തോടു പോരാടിയ മുഹമ്മദ് ഡാനിഷ്
കണ്ണൂര്‍: രോഗം തളര്‍ത്തിയിട്ടും കുഞ്ഞുപ്രായത്തിലെ നിരവധി കഥകളെഴുതി ശ്രദ്ധേയനായ കഥാകാരന്‍ മുഹമ്മദ് ഡാനിഷ് യാത്രയായി. കാഞ്ഞിരോട് പടന്നോട്ട് മീത്തലെവീട്ടില്‍ മുത്തലിബിന്റെയും നിഷാനയുടെയും മകന്‍ പതിമൂന്നുകാരന്‍ മുഹമ്മദ് ഡാനിഷാണ് കഥപറഞ്ഞു തീരാതെ വിടവാങ്ങിയത്.
കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു പ്രഥമ കഥാസമാഹാരം 'ചിറകുകള്‍' പുറത്തിറങ്ങിയത്. ഇപ്പോള്‍ മുണ്ടേരി ഹൈസ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്. ഹാനി ദര്‍വിഷാണ് സഹോദരന്‍.
ജീവിതത്തില്‍ പറന്നുയരാനായി ഓരോ മനുഷ്യനും ഇരു ചിറകുകളുണ്ടെന്നും അതിലൊന്ന് കഴിവും മറ്റൊന്ന് ആ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന നല്ല മനുഷ്യരാണെന്നും കുറിക്കുന്നുണ്ട് മുഹമ്മദ് ദാനിഷ് തന്റെ കഥകളിലൊന്നില്‍.
'ഉയരങ്ങളിലേക്ക് എത്താന്‍'എന്ന ആദ്യ കഥ മുതല്‍ 'അല്‍ത്താഫിന്റെ കഥ'വരെയുള്ള പത്തു കഥകളിലായി, മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റവും കുട്ടികളുടെ ഡിജിറ്റല്‍ സ്‌ക്രീനിന്റെ അമിത ഉപയോഗവും മുതിര്‍ന്നവരോടുള്ള അവഗണനയും ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതിലെ അപാകതകളിലേക്കെല്ലാം ഈ കഥാകാരന്‍ വിരല്‍ ചൂണ്ടുന്നു.
ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായിരുന്നു മുഹമ്മദ് ഡാനിഷ്. ഒന്നരവയസ്സിലാണ് എസ്.എം.എ സ്ഥിരീകരിക്കപ്പെട്ടത്. ജീവിതത്തിലൊരിക്കലും എഴുതാനോ ചലിക്കാനോ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചുവെങ്കിലും ഡാനിഷ് പഠനം തുടര്‍ന്നു. കഥകളെഴുതി ഗ്രന്ഥകാരനുമായി. ആ നിശ്ചയദാര്‍ഢ്യത്തിന്റെ പേരാണിപ്പോള്‍ ഓര്‍മയായത്.
ചലനശേഷി നഷ്ടമായ ഡാനിഷ് എഴുതിയ പുസ്തകം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 10 കഥകളായിരുന്നു പുസ്തകത്തിലുണ്ടായിരുന്നത്. ജീവിത പരിസരങ്ങളുടെ എല്ലാ തലങ്ങളേയും സ്പര്‍ശിക്കുന്നതായിരുന്നു ഡാനിഷിന്റെ കഥകള്‍. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ഡാനിഷിന്റെ വേര്‍പ്പാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."