'ചോട്ടാ വോട്ടര്‍മാര്‍' ചൊവ്വാഴ്ച്ച പോളിങ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് ചൂടില്‍ ലേബര്‍ ഇന്ത്യ ഗുരുകുലം സ്‌കൂള്‍
കോട്ടയം: മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലില്‍ സകൂളിലെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പു ചൂടിലാണ്.
സ്‌കൂളിലെ നഴ്‌സറി കുട്ടികള്‍ മുതല്‍ പ്ലടു വിദ്യാര്‍ഥികള്‍ വരെ കാത്തിരിക്കുകയാണ് ചൂണ്ടുവിരലില്‍ മായാത്ത മഷി പതിയാന്‍.
23 ന് രാവിലെ എട്ടു മണിക്ക് വോട്ടാരംഭിക്കുമ്പോള്‍ ലേബര്‍ ഇന്ത്യ സ്‌കൂളും സ്ഥാനാര്‍ഥികളും വോട്ടര്‍മാരും ചരിത്രത്തില്‍ ഇടം നേടും. കാരണം മറ്റൊന്നുമല്ല, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട് നടത്തുന്ന ആദ്യ സ്‌കൂള്‍ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ തന്നെ എല്ലാവരും ആകാംക്ഷയുടെ കൊടുമുടിയിലാണ്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഔദ്യോഗിക ചിഹ്നങ്ങളാണെന്ന പ്രത്യേകതും ഈ തെരഞ്ഞെടുപ്പിനുണ്ട്. വീറും വാശിയുമേറിയ മത്സരത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പരമാവധി വോട്ട് തനിക്കനുകൂലമാക്കാനുള്ള തിരക്കിലാണ്.
തെരഞ്ഞെടുപ്പ് ദിനത്തിലും സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷകര്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സ്‌കൂളില്‍ എത്തും.
റിട്ടേണിംഗ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസേഴ്‌സ്, പോളിംഗ് ഓഫീസേഴ്‌സ് എന്നിവരെ സ്‌കൂള്‍ അദ്ധ്യാപകരില്‍ നിന്നും തന്നെയാണ് നിയമിച്ചിരിക്കുന്നത്. സ്‌കൂള്‍ പ്രസിഡന്റ്, ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേക്കാണ് വാശിയേറിയ തെരഞ്ഞെടുപ്പ്. 20ലേറെ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.ആകെ വോട്ടര്‍മാരുടെ എണ്ണം 619. വോട്ടര്‍ ഐഡിയുടെ സ്ഥാനത്ത് സ്‌കൂള്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് പരിശോധിച്ചു വോട്ടറുടെ നിജസ്ഥതി ഉറപ്പുവരുത്തും.
രാവിലെ എട്ടിന് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അതാതു ബൂത്തുകളില്‍ എത്തും. വോട്ടിംഗ് ക്രമീകരണങ്ങളും മോക്ക് പോളും നടത്തി കൃത്യം ഒന്‍പതിന് വോട്ടിംഗ് ആരംഭിക്കും. 1.30ന് വോട്ടിംഗ് അവസാനിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ചെയ്യുന്നത് ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും തന്നെയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റീസ് ഭാസ്‌കരന്‍ അധ്യക്ഷനായുള്ള സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഓഫീസില്‍ നിന്നും ജില്ലാ കലക്ടര്‍ക്കും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും ലഭിച്ചു.
ഇതിന്‍ പ്രകാരം ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കമുള്ള പരിശീലക ടീമിനെ സ്‌കൂളിലേക്ക് നിയോഗിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
മൂന്നു ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ഓരോന്നിലും നാല് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ടാകും. സമ്മതിദായകര്‍, ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും നോക്കി വോട്ടു രേഖപ്പെടുത്താം.
കഴിഞ്ഞ തലമുറ ത്യാഗപൂര്‍വം നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു വളര്‍ന്നെങ്കില്‍ മാത്രമേ നാളത്തെ തലമുറ ജനാധിപത്യ സംവിധാനങ്ങളെ മാനിക്കുകയുള്ളുവെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."