ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍; ഉടന്‍ ജയിലിലേക്ക് മാറ്റും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈമാസം 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ നില തൃപ്തികരമായതിനാല് ഷാറൂഖിനെ ഉടന്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് ജിയിലിലേക്ക് മാറ്റുന്നതില്‍ തീരുമാനമായത്.
മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണ് ഷാറൂഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശരീരത്തിലേറ്റ പൊള്ളലേറ്റത് സാരമല്ലെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ട്രെയിനില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളും ഗുരുതമല്ലെന്നും എക്സറേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.വെള്ളിയാഴ്ച രാവിലെ നടത്തിയ രക്തപരിശോധനയിലും പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ആശുപത്രിയില്‍ വെച്ചും ഷാറൂഖ് സെയ്ഫിയെ പൊലിസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങള്‍ തിരക്കാനായി എന്‍.ഐ.എ സംഘവും കോഴിക്കോട്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴകണ്ണൂര്‍ എക്സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖിനെ കേരളത്തിലേക്ക് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."