കരുണയുള്ളവരുടെ തണല്‍
ഇവിടെ എത്തുന്നവര്‍ ഫീസടക്കേണ്ടതിനെ ചൊല്ലി ആകുലപ്പെടേണ്ട. കാരണം ഇവിടെ ഫീസില്ല. രോഗിക്കും കുടുംബത്തിനും വീട്ടില്‍ നിന്ന് ആതുരാലയത്തിലേക്ക് എത്താന്‍ വാഹനത്തിന് പണം ചെലവഴിക്കേണ്ടതില്ല. കാരണം ആമ്പുലന്‍സ് സൗജന്യ സേവനത്തായി രംഗത്തുണ്ട്.ചികിത്സയ്ക്കായി ശുപാര്‍ശക്കത്തോ രേഖകളോ ആവശ്യമില്ല. രോഗിയുടെ അപേക്ഷ മാത്രം മതി. ജാതി, മാത, കക്ഷിരാഷ്ട്രീയമോ ഇവിടെയില്ല, മനുഷ്യ നന്മയ്ക്കായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ വ്യവസായികള്‍ മുതല്‍ സാധാരണക്കാരന്‍ വരെ നല്‍കുന്ന തുക കൊണ്ട് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കി കേരളത്തില്‍ മാതൃകയാവുകയാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഒന്നര വര്‍ഷം മുമ്പ് കൊണ്ടോട്ടിയില്‍ തുടക്കമിട്ട ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍. ഒരു മാസം ഒന്‍പത് ലക്ഷം രൂപ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍ സുമനസുകളുടെ സഹായത്താല്‍ മാത്രമാണ് പ്രവര്‍ത്തിപ്പിച്ചു വരുന്നത്. ദിനേന 28 പേര്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തിവരുന്ന സ്ഥാപനത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിനിടെ ഡയാലിസിസ് സേവനം ലഭിച്ചവരുടെ എണ്ണം 7,500 ആയി.
ജീവിത ശൈലിയില്‍ വരുന്ന മാറ്റങ്ങള്‍ സാമ്പത്തിക ഭേദങ്ങളില്ലാതെ ജനങ്ങളെ വൃക്ക രോഗികളാക്കുമ്പോള്‍ തങ്ങളുടെ സ്‌നേഹ മാതൃകയില്‍ ഈ ഡയാലിസിസ് സെന്റര്‍ പുനരാവിഷ്‌കരിക്കുന്നു. ജീവിതത്തിന്റ അവസാനത്തില്‍ ആശ്വാസം തേടിയെത്തുന്ന ആര്‍ക്കും ജാതി മത വ്യത്യസങ്ങളോ ഉച്ഛനീചത്വങ്ങളോ ഇല്ലാതെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയ തങ്ങളുടെ മൂല്യം ഇവിടെ സംരക്ഷിപ്പെടുന്നു.
തുടക്കം
വൃക്ക രോഗികള്‍ പെരുകുന്നു എന്ന വാര്‍ത്തയില്‍ നിന്നാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റര്‍ എന്ന ആശയവുമായി മുന്നോട്ടുവന്നത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പഠനത്തില്‍ കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കാണാനായത്. ആഴ്ചയില്‍ വന്‍തുക മുടക്കി ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ തേടിയുള്ള യാത്രയില്‍ പലര്‍ക്കും കിടപ്പാടവും കെട്ടുതാലിയും പണയം വയ്‌ക്കേണ്ട അവസ്ഥയിലായിരുന്നു. ഉള്ളതെല്ലാം പെറുക്കി വിറ്റ് വാടകയ്ക്ക് അന്തിയുറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലുപരി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടുള്ളവരും ഏറെയാണ്.
കൊണ്ടോട്ടി ബ്ലോക്കിന് പരിധിയില്‍ മാത്രം നൂറിലേറെ പേര്‍ ഇത്തരത്തില്‍ വൃക്ക രോഗികളായി ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ഇതോടെയാണ് 2011-2012ല്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന പി.എ ജബ്ബാര്‍ ഹാജിയും മെമ്പര്‍മാരും സൗജന്യ ഡയാലിസിസ് സെന്റര്‍ എന്ന ആശയത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. 40 ലക്ഷം രൂപ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തി.
കൈത്താങ്ങ്
1,500 മുതല്‍ 3,500 വരെയാണ് ആശുപത്രികളില്‍ ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിനായി വാങ്ങുന്നത്. ഇത് ആഴ്ചയില്‍ ദിനേന ചെയ്യുന്നവരും മൂന്നു തവണ ചെയ്യുന്നവരുമുണ്ട്. സൗജന്യ ഡയാലിസിസിന് ദിനേന വന്‍തുക ചെലവും വരുമെന്നായി. ഡയാലിസിസ് മെഷിനും ഇതിനുള്ള കെട്ടിടവും വേണമെന്നുള്ളതിനാല്‍ സാമ്പത്തികം പ്രശ്‌നമായി. ഇതിനിടയിലാണ് സംരംഭം വിജയിപ്പിക്കാനായി, ബ്ലോക്ക് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി ചെയര്‍മാനും റിട്ട. എസ്.പി കൊട്ടപ്പുറം പി.വി മൂസ സി.ഒ.എയും അഡ്വ. പി.എ സിദ്ദീഖ് സെക്രട്ടറിയുമായി ഒരു സൊസൈറ്റിക്ക് രൂപംനല്‍കിയത്. പിന്നീട് സംരംഭ വിജയത്തിനായി കൂട്ടായ്മയിലൂടെയുള്ള പ്രവര്‍ത്തനമായിരുന്നു.
ഡയാലിസിസിനായുള്ള യന്ത്രങ്ങളെത്തിക്കുകയായിരുന്നു ആദ്യ കടമ്പ. അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ പണം നല്‍കി മെഷിന്‍ വാങ്ങാന്‍ കഴിയുന്നില്ല. പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആധിയിലിരിക്കുമ്പോഴാണ് സഊദിയിലെ അല്‍നഹ്ദി ഗ്രൂപ്പ് സഹായ ഹസ്തം നീട്ടുന്നത്. സഊദി പൗരന്‍ അബ്ദുല്ല ആമിര്‍ ഇബ്‌നു മുനീഫ് അല്‍നഹ്ദി നാലു ഡയാലിസിസ് മെഷിന്‍ നല്‍കാമെന്നേറ്റു. അല്‍നഹ്ദി ഗ്രൂപ്പ് മാനേജറും കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിയുമായ സിദ്ദീഖ് ഹസന്‍ ബാബു മുഖേനയാണ് മെഷിനുകള്‍ നല്‍കിയത്. ഇതോടെയാണ് സൊസൈറ്റിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജമുണ്ടായത്.
പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ടു നീങ്ങുകയാണ് പിന്നീട് ചെയ്തതെന്ന് ജബ്ബാര്‍ ഹാജി പറയുന്നു. എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. കാരണം ഒരുമാസം തന്നെ ലക്ഷങ്ങള്‍ ചെലവിടണം ഡയാലിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന്. ഇതിനായി ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ പരിമിതമാണ്. പിന്നീട് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ വേറെ നിര്‍വാഹമില്ല. അല്‍ നഹ്ദി ഗ്രൂപ്പിന് പിറകെ വ്യക്തികളും മെഷിന്‍ വാഗ്ദാനം ചെയ്തതോടെ 10 മെഷിനുകളായി. പിന്നീട് കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയുമായി കൈകോര്‍ത്തു. അവരുടെ ജീവനക്കരെ വച്ച് സംരംഭത്തിന് തുടക്കമിട്ടു.
2015 ഏപ്രില്‍ മൂന്നിനാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ഡയാലിസിസ് സെന്റര്‍ അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തത്. കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. കെ. മുഹമ്മദുണ്ണിഹാജിയുടെ ശ്രമഫലമായി 50 ലക്ഷം രൂപ ചെലവില്‍ ആശുപത്രിയിലെ നിലവിലെ കെട്ടിടത്തിനു മുകളില്‍ പുതിയ കെട്ടിടം പണിതു. അബ്ദുസ്സമദ് സമദാനി എം.പിയായിരുന്ന കാലത്ത് നിര്‍മിച്ച കെട്ടിടവും ഇതിനായി സജ്ജീകരിക്കുകയായിരുന്നു. ബ്ലോക്ക് അംഗം പുതിയറക്കല്‍ സലീമിന് വാര്‍ഡിലേക്ക് ചെലവഴിക്കാനായി ലഭിച്ച 13 ലക്ഷം രൂപയും ഇതിലേക്കാണ് നീക്കിവച്ചത്.
രോഗികളെ തിരഞ്ഞെടുക്കുന്നത്
കൊണ്ടോട്ടി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തുന്നത്. സെന്ററില്‍ അപേക്ഷ നല്‍കുന്നതോടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. പിന്നീട് അപേക്ഷ നല്‍കിയവരെക്കുറിച്ച് സ്‌ക്രീനിങ് നടത്തും. സാമ്പത്തികമായി പിന്നാക്കമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. നിലവില്‍ ഡയാലിസിന് വിധേയരായവര്‍ക്ക് മരണം സംഭവിച്ചാല്‍ മാത്രമെ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ. ദിനേന ഷിഫ്റ്റുകളായി 28 പേരെ ഡയാലിസിസിന് വിധേയമാക്കുന്നുണ്ട്. ഒരാള്‍ക്ക് നാലുമണിക്കൂര്‍ വരെ സമയം എടുത്താണ് ഡയാലിസിസ് ചെയ്യുന്നത്. രോഗികള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണം എത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സെന്ററില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ നൂറിലേറെ പേരാണ്.
മഞ്ഞപ്പിത്തമടക്കമുള്ള പകര്‍ച്ചവ്യാധി രോഗമുള്ളവര്‍ക്ക് ഡയാലിസിസിനായി പ്രത്യേക ഇടം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പോസിറ്റീവ് ഡയാലിസിസ് സെന്റര്‍ എന്ന പേരിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സാധാരണ എത്തുന്നവര്‍ക്ക് രോഗം പടരാതിരിക്കാനാണ് പോസിറ്റീവ് ഡയാലിസിസ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്.
ബസ് തൊഴിലാളികള്‍ മുതല്‍ മഹല്ല് കമ്മിറ്റികള്‍ വരെ
മുസ്‌ലിംപള്ളികള്‍, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ചെറുതും വലുതുമായ തുക സെന്ററിനു വേണ്ടി സമാഹരിക്കുന്നു. കൊണ്ടോട്ടിയില്‍ ബസ് തൊഴിലാളികളും ഉടമകളും ഒരു ദിവസം തങ്ങളുടെ വരുമാനവും കൂലിയും ഇതിനായി സമര്‍പ്പിച്ചു. ഒറ്റ ദിവസം കൊണ്ട് ബസുകളില്‍ നിന്ന് മാത്രം ഒന്‍പത് ലക്ഷം രൂപയാണ് സമാഹരിച്ചത്. സ്വകാര്യ വ്യക്തികളും സംഘടനകളും വ്യാപാരികളും കൂടി കൈകോര്‍ത്തതോടെ നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി സെന്റര്‍ പ്രവര്‍ത്തനം സജീവമായി.
രോഗികളെ വീട്ടിലെത്തിക്കാന്‍ കൊണ്ടോട്ടി ജെ.സി.ഐ ആംബുലന്‍സ് എത്തിച്ചു നല്‍കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തമാണ് സെന്ററിന്റെ വിജയത്തിന് കാരണം.
ഒരു വര്‍ഷത്തിന് ഒരു കോടി ചെലവ് വരുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഇന്നും കൈത്താങ്ങാവുന്നത് സാധാരണക്കാരും പ്രവാസികളും തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."