കൊവിഡ്: ബഹ്റൈനിൽ രണ്ടാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
മനാമ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ രണ്ടാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) അർദ്ധ രാത്രി മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന നാഷണൽ മെഡിക്കൽ ടീം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മാളുകൾ, സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സിനിമാ തിയറ്ററുകൾ എന്നിവ പൂർണ്ണമായും ജൂൺ 10 വരെ അടച്ചിടണം. അതേ സമയം റസ്റ്റോറൻറുകൾ, കഫേകൾ എന്നിവക്ക് ഡെലിവറിക്ക് അനുവാദമുണ്ട്. രാജ്യത്തെ ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ പച്ചക്കറിക്കടകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, ബേക്കറികൾ, പെട്രോൾ പമ്പുകൾ, ഗാസ് സ്റ്റേഷനുകൾ, സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്.ആർ.എ പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ), ബാങ്ക്, മണി എക്സ്ചേഞ്ച്, ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ, വാഹന റിപ്പയർ വർക്ഷോപ്പുകൾ, ഗാരേജുകൾ, സ്പെയർ പാർട്സ് കടകൾ, കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് സ്ഥാപനങ്ങൾ ഫാക്ടറികൾ എന്നിവക്കും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
എന്നാൽ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്സറികൾ, ട്രെയിനിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം മാത്രമേ പാടുള്ളൂ. എന്നാൽ അന്താരാഷ്ട്ര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഇളവുണ്ട്. ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രഖ്യാപിച്ചിട്ടുള്ള നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളും ശക്തമായി തുടരും.
പൗരന്മാർക്ക് പുറമെ ബഹ്റൈനിൽ റസിഡന്റ് വിസയുളളവർക്ക് മാത്രമാണിപ്പോൾ രാജ്യത്ത് പ്രവേശനാനുമതിയുള്ളത്. ഇന്ന് (വെള്ളിയാഴ്ച ) മുതൽ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും പൊതുജനങ്ങളും കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."