കുഴല്‍ വഴി ഒഴുകുന്ന ദേശസ്‌നേഹം
മറ്റു സംസ്ഥാനങ്ങളില്‍ പുലികളായ പല രാഷ്ട്രീയകക്ഷികള്‍ക്കും കേരളത്തില്‍ ഘടകങ്ങളുണ്ട്. അവയുടെയൊക്കെ ആളുകളെ നാട്ടില്‍ അധികമൊന്നും കാണാറില്ലെങ്കിലും എവിടെയെങ്കിലുമൊക്കെ സംസ്ഥാന, ജില്ലാ കമ്മിറ്റി ഓഫിസുകളും കൊടികളുമൊക്കെ കാണാം. ഈ പാര്‍ട്ടികളുടെ കുറച്ചു സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറുമുണ്ട്. കിട്ടുന്ന വോട്ട് നോട്ടയ്ക്കും ഏറെ പിറകിലാകുമെങ്കിലും അവരൊന്നും മത്സരിക്കേണ്ടെന്നു കരുതാറില്ല. അതൊരു തെറ്റൊന്നുമല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ആര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി ചെറുതാണെങ്കിലും ജയിപ്പിച്ചേക്കാമെന്ന് നാട്ടുകാര്‍ കരുതിയാല്‍ ജയിക്കാന്‍ സാധ്യതയുമുണ്ട്. ജനാധിപത്യത്തില്‍ എന്തും സംഭവിക്കാമല്ലോ.
അതെന്തായാലും ഈ പാര്‍ട്ടികളുടെ ചിഹ്നത്തില്‍ മത്സരിക്കാനും ചിലര്‍ ഗ്രൂപ്പുണ്ടാക്കുകയും തമ്മില്‍ത്തല്ലുകയുമൊക്കെ ചെയ്യും. ജയിച്ച് അധികാരത്തില്‍ വരാനൊന്നുമല്ല അത്. ആര്‍ക്കെങ്കിലും സ്വന്തം നിലക്കു കിട്ടുന്ന വോട്ടായാലും അത് പാര്‍ട്ടി വോട്ടായി ദേശീയതലത്തില്‍ കണക്കുകാണിക്കാന്‍ വേണ്ടിയാണ് നേതാക്കള്‍ ആരെയെങ്കിലുമൊക്കെ ഇവിടെ മത്സരിപ്പിക്കുന്നത്. നേതാക്കളുടെ ആവശ്യമായതിനാല്‍ തെരഞ്ഞെടുപ്പ് ചെലവിനെന്ന പേരില്‍ ഇങ്ങോട്ട് പണമൊഴുകും. തോല്‍വി ഉറപ്പായാതിനാല്‍ പ്രചാരണം ഒരു ഷോയില്‍ ഒതുക്കിയാല്‍ മതി. ബാക്കി കാശ് കൈയിലിരിക്കും. സ്ഥാനാര്‍ഥിക്കും തൊട്ടടുത്ത ശിങ്കിടികള്‍ക്കും അടുത്ത തെരഞ്ഞടുപ്പ് വരെ തട്ടിമുട്ടി കഴിഞ്ഞുകൂടാന്‍ അതു മതിയാകും.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും കേരളത്തില്‍ ബി.ജെ.പിയുടെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെയാണ്. ഇത്തിരി വോട്ടുണ്ടെങ്കിലും ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാല്‍ ജയിക്കുമെന്നും മുഖ്യമന്ത്രിവരെ ആകുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ ഇ. ശ്രീധരന്‍, സുരേഷ് ഗോപി, കൃഷ്ണകുമാര്‍ തുടങ്ങി വിരലിലെണ്ണാവുന്ന മനുഷ്യര്‍ മാത്രമാണ്. പാര്‍ട്ടിയുടെ വലിയ നേതാക്കള്‍ മുതല്‍ രാഷ്ട്രീയത്തിന്റെ തറയും പറയും പോലും ശരിക്കറിയാത്ത സാദാ സംഘമിത്രങ്ങള്‍ വരെയുള്ളവര്‍ അങ്ങനെ കരുതുന്നില്ല. ആയെങ്കിലായി എന്നു കരുതി കൂടുതല്‍ വോട്ടുള്ള ചില മണ്ഡലങ്ങളില്‍ നേതാക്കള്‍ ഗ്രൂപ്പ് മല്‍പ്പിടുത്തങ്ങള്‍ നടത്തി സ്ഥാനാര്‍ഥിത്വം ഒപ്പിച്ചെടുത്ത് മത്സരിക്കും. മറ്റുള്ള സീറ്റുകളിലും സ്ഥാനാര്‍ഥിത്വത്തിന് ഇടിയും ബഹളവുമായിരിക്കും. കേന്ദ്രത്തിലും കുറെ സംസ്ഥാനങ്ങളിലും അധികാരമുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കിട്ടുന്ന ഫണ്ടിനു കനം കൂടുന്നതു തന്നെ കാരണം.
അങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ അതിനൊരു 'എത്തിക്കല്‍' പ്രശ്‌നമുണ്ട്. മോദിജി തന്നെ ഉണ്ടാക്കിവച്ച ചില ഗുലുമാലുകള്‍ കാരണം കാശ് കൊണ്ടുവരുന്ന പരമ്പരാഗത രീതികളില്‍ പലതും മുടങ്ങിയിട്ടുണ്ട്. പിന്നെയുള്ള വഴി ദേശീയനേതാക്കള്‍ ഹവാല എന്നും കേരളത്തില്‍ കുഴല്‍പ്പണമെന്നുമൊക്കെ പറയുന്ന വഴിയാണ്. ആ വഴി ഒന്നു പരീക്ഷിച്ചതാണ് ഇപ്പോള്‍ പുലിവാലായത്. ദേശസ്‌നേഹികളായ ചില സംഘമിത്രങ്ങള്‍ കേസില്‍ അന്വേഷണം നേരിടുകയാണ്.
ഇക്കാലത്തെ കണക്കുവച്ചു നോക്കുമ്പോള്‍ മൂന്നരക്കോടിയൊക്കെ ഏതോ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രം വന്നതാണ്. അതാരായാലും അതിന്റെ മുക്കാല്‍ പങ്കും അയാളുടെ പോക്കറ്റില്‍ പോകുമെന്ന് മനസിലാക്കാന്‍ ബുദ്ധിയുള്ള ഏതോ ഒരു സംഘമിത്രം അതു കുഴല്‍പ്പണമായതിനാല്‍ പുറത്തറിയില്ല എന്ന ധൈര്യത്തില്‍ ആളുകളെ വിട്ട് വഴിയില്‍ വച്ച് തട്ടിയെടുത്തതാണെന്നാണ് സംഗതികളുടെ കിടപ്പുകണ്ടിട്ടു തോന്നുന്നത്. അങ്ങനെയാണെങ്കില്‍ തന്നെ അതില്‍ തകരാറൊന്നുമില്ല. കാശ് പ്രസ്ഥാനത്തിനു പുറത്തേക്കോ ഏതെങ്കിലും ദേശദ്രോഹികളുടെ കൈകളിലേക്കോ ഒന്നും പോയിട്ടില്ലല്ലോ.
പിന്നെ കുഴല്‍പ്പണ ഇടപാട് മുസ്‌ലിം ഭീകരവാദികളും മറ്റു രാജ്യദ്രോഹികളും ചെയ്തുപോരുന്ന പാതകമാണെന്നാണ് സംഘനേതാക്കളും മിത്രങ്ങളുമൊക്കെ പറഞ്ഞുപോരുന്നത്. എന്നാലും ഗതികെട്ടാല്‍ ദേശസ്‌നേഹികളുടെ വോട്ടുപെട്ടിയിലെ എണ്ണം കൂട്ടാന്‍ ശത്രുക്കളുടെ തന്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. ധര്‍മയുദ്ധം ജയിക്കാന്‍ ഇത്തിരി തരികിടകളൊക്കെ ആവാമെന്ന് കുരുക്ഷേത്ര യുദ്ധം തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ.
കോണ്‍ഗ്രസിലെ
ഗാന്ധിയന്‍ പോരുകള്‍
കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. സംസ്ഥാന ഘടകങ്ങളില്‍ ചേരിപ്പോര് നടക്കുമ്പോള്‍ പറഞ്ഞുതീര്‍ക്കാന്‍ ദേശീയനേതാക്കളെ വിടുന്നതും സ്ഥിരം ഏര്‍പ്പാടാണ്. കേരളത്തിലെ കോണ്‍ഗ്രസുകാരും ചേരിപ്പോരിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. അതുകൊണ്ടുതന്നെ ഇവിടെയും ഓരോ വര്‍ഷവും പലതവണ തര്‍ക്കം തീര്‍ക്കാന്‍ ദേശീയനേതാക്കള്‍ വന്നുപോകാറുണ്ട്.
അങ്ങനെ വരുന്ന നേതാക്കള്‍ക്ക് ഇവിടെ കിട്ടാറുള്ളത് അത്ര നല്ല സ്വീകരണമൊന്നുമല്ല. പണ്ടൊരിക്കല്‍ വന്ന കിഷോര്‍ ചന്ദ്രദേവ് നന്നായി തല്ലുകിട്ടിയാണ് തിരിച്ചുപോയത്. കറുപ്പയ്യ മൂപ്പനാരും വീരപ്പമൊയ്‌ലിയുമടക്കമുള്ള നേതാക്കള്‍ ഇഷ്ടംപോലെ തെറികേട്ടിട്ടുമുണ്ട്. അതെല്ലാം മയാളത്തിലായതുകൊണ്ട് അവര്‍ക്ക് അധികമൊന്നും മനസിലായിക്കാണില്ല. പാര്‍ട്ടി യോഗത്തില്‍ കലഹം മൂത്ത് അടികിട്ടി നേതാക്കളുടെ മുണ്ടഴിയുകയും കുപ്പായം കീറുകയുമൊക്കെ ഉണ്ടായ സന്ദര്‍ഭങ്ങളുമുണ്ട്.
കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ, എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളും ഇടക്കാലത്ത് ഇത്തിരി കാലം ഒരു തിരുത്തല്‍വാദി ഗ്രൂപ്പും മാത്രമുണ്ടായിരുന്ന കാലത്താണ് അതൊക്കെ സംഭവിച്ചത്. പാര്‍ട്ടിയുടെ പ്രതാപകാലവുമായിരുന്നു അത്.
ആ അവസ്ഥയ്‌ക്കൊക്കെ ഒരുപാട് മാറ്റം വന്നു. ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത് രണ്ടോ മൂന്നോ ഗ്രൂപ്പുകളൊന്നുമല്ല. പഴയ എയും ഐയും ചില വകഭേദങ്ങളോടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനു പുറമെ വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍, കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ പേരില്‍ ഗ്രൂപ്പുകളുണ്ടെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. പാര്‍ട്ടിയുടെ പഴയ പ്രതാപത്തിന് ഇത്തിരി മങ്ങലേറ്റിട്ടുമുണ്ട്. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പൊന്നുമില്ലാത്തവിധം സംഭവിച്ച തുടര്‍തോല്‍വിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ കാര്യങ്ങള്‍ പൂര്‍വാധികം സംഘര്‍ഷഭരിതമാണെന്നും കേള്‍ക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോള്‍ അത്തരം കൈയ്യാങ്കളിയകളൊന്നും നടക്കുന്നില്ല. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് അയച്ച അശോക് ചവാന്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇവിടെ വന്നുപോകുന്നു. വല്ലപ്പോഴും അദ്ദേഹത്തിന്റെ യാത്ര മുടങ്ങുന്നത് കൊവിഡ് കാരണമാണ്. അല്ലാതെ സംസ്ഥാന നേതാക്കള്‍ എന്തെങ്കിലും പറഞ്ഞിട്ടോ ചെയ്തിട്ടോ ഒന്നുമല്ല.
സംഘര്‍ഷഭരിതമെങ്കിലും സമാധാനസമ്പൂര്‍ണമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ അന്തരീക്ഷം. കടുത്ത പ്രതിഷേധമുള്ള നേതാക്കള്‍ പോലും ഇപ്പോള്‍ തികഞ്ഞ ഗാന്ധിയന്‍ മാതൃകയിലുള്ള പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുകയാണ്. പ്രതിപക്ഷനേതാവിന്റെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ചെന്നിത്തല പരസ്യമായി ഒന്നും പറയാതെ സോണിയാഗാന്ധിക്ക് പ്രതിഷേധക്കത്ത് അയയ്ക്കുക മാത്രമാണ് ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുമെന്ന വാര്‍ത്ത പരന്നപ്പോള്‍ മുല്ലപ്പള്ളിയും പരസ്യപ്രതിഷേധത്തിനു നിന്നില്ല. പകരം ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിക്കുകയും യു.ഡി.എഫ് യോഗത്തിനു പോകാതിരിക്കുകയുമൊക്കെയാണ് അദ്ദേഹം ചെയ്യുന്നത്. യോഗത്തിനു പോയ ചില നേതാക്കള്‍ അവിടെ മൗനം പാലിച്ചതായും വാര്‍ത്തയുണ്ട്.
നിവേദനം നല്‍കല്‍, ബഹിഷ്‌കരണം, മൗനവ്രതം എന്നിവയൊക്കെ ഗാന്ധിയന്‍ സമരരീതികളാണ്. പ്രതിഷേധം വല്ലാതെ രൂക്ഷമായാല്‍ കൂടിവന്നാല്‍ അവര്‍ ഇന്ദിരാഭവനു മുന്നില്‍ കടല്‍വെള്ളം കുറുക്കി ഉപ്പുണ്ടാക്കി. 'ക്വിറ്റ് ചവാന്‍' എന്ന് മുദ്രാവാക്യം വിളിച്ചേക്കും. അതല്ലാതെ പഴയതുപോലെ നേതാക്കളുടെ മുണ്ടഴിഞ്ഞുപോകുന്നതു കാണാനൊന്നും ആരും കാത്തിരിക്കേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."