HOME
DETAILS
MAL
'പെര്‍മിറ്റുകാര്‍ കടക്ക് പുറത്ത് '
backup
May 30 2021 | 04:05 AM
സന്ദര്‍ശനത്തിനും നിയന്ത്രണം
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിന്റെ ജന വിരുദ്ധ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായതോടെ പെര്‍മിറ്റുകാരെ ലക്ഷദ്വീപില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. എല്ലാതരം പെര്‍മിറ്റുകാരേയും ഒരാഴ്ചയ്ക്കുള്ളില്‍ പുറത്താക്കാനാണ് നീക്കം. ദ്വീപ് സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
തിരുമാനങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി.നിലവില്‍ ദ്വീപില്‍ ജോലി ചെയ്യുന്നവരും സന്ദര്‍ശനത്തിനെത്തിയവരും ഒരാഴ്ചയ്ക്കുള്ളില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്കോ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യണം.
ഇവരില്‍ ആരുടേയെല്ലാം പെര്‍മിറ്റ് നീട്ടി നല്‍കണമെന്നത് എ.ഡി.എം തീരുമാനിക്കും. തുടര്‍ന്ന് അംഗീകാരമില്ലാതെ ദ്വീപില്‍ താമസിക്കുന്നവരെ കണ്ടെത്തി പുറത്താക്കാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പുതിയതായി പെര്‍മിറ്റ് അനുവദിക്കുന്നതിന് ഡാനിക് ഓഫിസറായ എ. ഡി.എം ശശിപാല്‍ ഡബാസിന് മാത്രമാണ് അധികാരം. ദ്വീപിലേക്ക് തിരിച്ചു വരുന്നവര്‍ക്കും പുതിയതായി പെര്‍മിറ്റ് വേണ്ടവരും വകുപ്പ് തലവന്മാരും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ വഴി അപേക്ഷ എ.ഡി.എമ്മിന് നല്‍കണം. കൊവിഡ് വ്യാപനം
തടയുന്നതിനുള്ള ക്രമീകരണത്തിന്റെ പേരുപറഞ്ഞാണ് പുതിയ നിയന്ത്രണം. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ എ.ഡി.എമ്മിന് മാത്രമായിരിക്കും പെര്‍മിറ്റില്‍ തീരുമാനം എടുക്കാനുള്ള അധികാരമെന്നും എ.ഡി.എം ഇറക്കിയ സര്‍ക്കുലറില്‍ വൃക്തമാക്കുന്നു.
കേരളത്തില്‍ നിന്ന് സി.പി.എം, യു.ഡി.എഫ് എം.പി മാരുടെ സംഘം ദ്വീപ് സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയുടെ ആവശ്യം നിരസിച്ച അഡ്മിനിസ്‌ട്രേഷന്‍, കോണ്‍ഗ്രസ് സംഘത്തിന്റെ സന്ദര്‍ശനാനുമതിയിലും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കപ്പല്‍, വ്യോമ, ചരക്ക്
മേഖലയില്‍ കൂടുതല്‍ നിയന്ത്രണം
പട്ടേലിന്റെ നിര്‍ദേശപ്രകാരം പുതിയ ഉത്തരവുകള്‍ ഓരോ ദിവസവും ഇറങ്ങുകയാണ്.
കപ്പല്‍ ഗതാഗതം, വ്യോമ ഗതാഗതം, ചരക്ക് ഗതാഗതം എന്നിവ സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ജനപ്രതിനിധികളെ ഒഴിവാക്കി ആറംഗ ഉദ്യോഗസ്ഥ കമ്മിറ്റി രൂപീകരിച്ചു.
പ്രതിഷേധങ്ങള്‍ ശക്തമാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം തുറമുഖങ്ങളിലും അനുബന്ധ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇവിടെയുള്ള സുരക്ഷ ലെവല്‍ -2 ലേക്ക് മാറ്റി ഉത്തരവിറക്കി. സംശയമുള്ളവരുടെ യാത്ര വിലക്കാനും കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനും കൂടുതല്‍ അധികാരം നല്‍കുന്നതാണ് ലെവല്‍ -2 സുരക്ഷ. ഇതിനിടെ ദ്വീപിലേക്ക് ജൂണ്‍ ഒന്നിന് പട്ടേല്‍ എത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."