ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ): നീതിയുടെ രണ്ടാം ഉമര്‍
മുഹമ്മദ് സിറാജുദ്ദീന്‍ റഹ്മാനി വേങ്ങൂര്‍
ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ)വിന്റെ വുളൂഅ് ചെയ്യാനുള്ള ചൂടുവെള്ളം പാത്രത്തിലാക്കി കൊണ്ടുവന്നിരുന്നത് മുസാഹിം എന്ന പരിചാരകനായിരുന്നു. ഒരിക്കല്‍ ഖലീഫ അവനോട് ചോദിച്ചു: ”മുസ്‌ലിംകളുടെ പൊതു അടുക്കളയില്‍ പോയിട്ടാണോ നീ ഈ പാത്രത്തില്‍ വെള്ളം ചൂടാക്കിക്കൊണ്ടുവരുന്നത്?” പരിചാരകന്‍ മറുപടി പറഞ്ഞു: ‘അതെ, അല്ലാഹു നിങ്ങള്‍ക്ക് നന്മ വരുത്തട്ടെ.” ഇത് കേട്ട മാത്രയില്‍ ഖലീഫ ഭയവിഹ്വലനായി പറഞ്ഞു: ”ഇത്രയും കാലം ആ വെള്ളം എന്റെ കാര്യത്തില്‍ നീ നശിപ്പിച്ചുകളഞ്ഞല്ലോ?” ഉടനെ തന്നെ മുസാഹിമിനോട് ആ പാത്രത്തില്‍ വെള്ളം നിറച്ച് തിളപ്പിക്കാനും അതിന് എത്ര വിറക് വരുമെന്ന് കണക്കാക്കാനും ഖലീഫ ഉത്തരവിട്ടു. എന്നിട്ട് മുസ്‌ലിംകളുടെ പൊതു അടുക്കളയില്‍നിന്ന് ആ പാത്രത്തില്‍ വെള്ളം തിളപ്പിച്ച ദിവസത്തിന്റെ കണക്കനുസരിച്ച് അവിടേക്ക് വിറക് തിരിച്ചെത്തിക്കാന്‍ അദ്ദേഹം നടപടി സ്വീകരിക്കുകയുണ്ടായി.
ഇസ്‌ലാമിക ചരിത്രത്തില്‍ അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന രണ്ടാം ഉമര്‍, ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ)വിന്റെ സൂക്ഷ്മത നിറഞ്ഞ ജീവിതത്തില്‍ നിന്നുള്ള ഓരേടാണിത്. രാജകീയവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഖലീഫ. ഭരണം ഏറ്റെടുത്തതോടുകൂടി പരിത്യാഗിയാവുകയും അവസാനം ദിരദ്രനായി വിടവാങ്ങുകയും ചെയ്യുകയായിരുന്നു.
ഹിജ്‌റ 61 ല്‍ അബ്ദുല്‍ അസീസ് ബ്‌നു മര്‍വാന്റെയും ലൈലാ ബിന്‍ത് ആസിമുബ്‌നു ഉമറുബ്‌നുല്‍ ഖത്താബ്(റ)വിന്റെയും മകനായി മദീനയില്‍ ജനിച്ചു. മദീനയില്‍ തന്റെ മാതാവിന്റെ (ഉമറുബ്‌നു ഖത്താബ്(റ)വിന്റെ പേരക്കുട്ടി) കുടുംബത്തോടൊപ്പമാണ് ചെറുപ്പത്തില്‍ വളര്‍ന്നത്. ഉമ്മയുടെ പിതൃസഹോദരനായ അബ്ദുല്ലാഹ് ബ്‌നു ഉമര്‍(റ)വിന്റെ അടുക്കല്‍ സദാപോയി വന്നിരുന്ന മഹാന്‍ ഉമ്മയോട് പറയുമായിരുന്നു: ”ഉമ്മാ, ഞാന്‍ നിങ്ങളുടെ പിതൃസഹോദരനെപോലെ ആകാന്‍ ആഗ്രഹിക്കുന്നു. ഉമ്മ ആദ്യമൊക്കെ ഈ വാക്കുകള്‍ അവഗണിച്ചു.
ഇടക്കിടക്ക് ഈ ആഗ്രഹം പൊന്നുമോന്‍ ആവര്‍ത്തിച്ചപ്പോള്‍ ഉമ്മ പറഞ്ഞു. ആശ്ചര്യജനകം തന്നെ, നീ അദ്ദേഹത്തെ (അബ്ദുല്ലാഹ്ബനു ഉമര്‍) പോലെയാകും.’ പില്‍കാലത്ത് പിതാവ് അബ്ദുല്‍ അസീസ് ഈജിപ്തിന്റെ ഭരണകര്‍ത്താവായി അവിടേക്ക് പോയപ്പോഴും ഉമ്മയോടൊപ്പം ഈജിപ്തില്‍ പോകാന്‍ ഈ പൊന്നുമോന്‍ വിസമ്മതിച്ചു. കുട്ടിയെ ഈജിപ്തിലേക്ക് കൂട്ടുന്നതിനെ കുറിച്ച് അഭിപ്രായം ആരായാന്‍ ചെന്ന ഉമ്മയോട് ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ഈ കുട്ടിയെ ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തുക. കാരണം ഞങ്ങള്‍ അഹ്‌ലുബൈത്തിനോട് നിങ്ങളില്‍നിന്ന് ഏറ്റവും സദൃശനാണീ കുട്ടി.” ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) തന്റെ ബാല്യവും കൗമാരവും ഉമര്‍ബ്‌നു ഖത്താബ്(റ)വിന്റെ കുടുംബത്തോടൊപ്പം സ്വഹാബി പ്രമുഖരുടെ ശിക്ഷണത്തില്‍ മദീനയില്‍ കഴിച്ചുകൂട്ടി.
കുട്ടിക്കാലത്ത് തന്നെ അറിവ് സമ്പാധനത്തോടും ജീവിതത്തിന്റെ നല്ല ശീലങ്ങളോടും ഉല്‍ക്കടമായ താല്‍പര്യം മഹാന്‍ പുലര്‍ത്തിപോന്നു. പണ്ഡിതന്മാരെ കൊണ്ടും സല്‍വൃത്തരെ കൊണ്ടും സമ്പന്നമായ അക്കാലത്തെ മദീനയിലെ വിജ്ഞാന സദസ്സുകളില്‍ ഉമര്‍ എന്ന കുട്ടി സ്ഥിരം സന്ദര്‍ശകനായി. അപാരമായ ഓര്‍മശക്തികൊണ്ടും കഠിന പ്രയത്‌നംകൊണ്ടും ചെറുപ്പത്തിലേ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഹൃദ്യസ്തമാക്കി ആ കുട്ടി. മാത്രമല്ല, ഖുര്‍ആനിക ആന്തോളനങ്ങള്‍ സൃഷ്ടിച്ചു. കുട്ടിത്തം വിട്ടുമാറാത്ത ആ കുഞ്ഞിളം മനസ്സ് മരണത്തെ ഓര്‍ത്ത് പലപ്പോഴും തേങ്ങാറുണ്ടായിരുന്നത്രെ. ഒരിക്കല്‍ വിങ്ങി കരയുന്നത് കണ്ട ഉമ്മ ചോദിച്ചു: ”മോനെന്തിനാണ് കരയുന്നത്?” കുട്ടി പറഞ്ഞു: ”മരണത്തെ ഓര്‍ത്തുകൊണ്ടാണ്.” പിന്നെ അവിടെ ഒരു കൂട്ടക്കരച്ചിലായിരുന്നു. എട്ട് സ്വഹാബി പ്രമുഖരില്‍നിന്നും ഇരുപത്തിയഞ്ച് താബിഉകളില്‍ നിന്നുമായി ഹദീസിന്റെയും ഫിഖ്ഹിന്റെയും ആഴവും പരപ്പും മഹാന്‍ മനസ്സിലാക്കി.
പ്രവാചകന്‍(സ)യെ പിന്‍പറ്റുന്നതില്‍ വലിയ ജാഗ്രത പാലിച്ചിരുന്ന അദ്ദേഹം അനുഷ്ഠാനങ്ങളില്‍ തിരുനബി(സ)യെ കൃത്യമായി അനുധാവനം ചെയ്തു. നീണ്ട പത്താണ്ട് കാലം പ്രവാചകന്‍ (സ)യുടെ ചലനങ്ങളും നിശ്ചലനങ്ങളും ഒപ്പിയെടുത്ത അനസ് ഇബ്‌നു മാലിക്(റ) അതുകൊണ്ടാണ് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയത്. ഈ ചെറുപ്പക്കാരനെക്കാള്‍ തിരുദൂതരുടെ നിസ്‌കാരത്തോട് കൂടുതല്‍ സാദൃശ്യമായി നിസ്‌കരിക്കുന്ന വേറൊരാളെയും ഞാന്‍ കണ്ടിട്ടില്ല.”
ഇരുപത്തി അഞ്ചാം വയസ്സില്‍ ഖലീഫ വലീദ്ബ്‌നു അബ്ദുല്‍ മലികിന്റെ ആജ്ഞപ്രകാരം അദ്ദേഹത്തെ മദീനയുടെ ഗവര്‍ണറാക്കി. മസ്ജിദുന്നബവിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. പിന്നീട് സുലൈമാന്‍ ബ്‌നു അബ്ദുല്‍ മലികിന്റെ കാലത്ത് തീര്‍ത്തും അപ്രതീക്ഷിതമായി മുസ്‌ലിം സമുദായത്തിന്റെ ഖലീഫയായി മഹാന്‍ അവരോധിതനായി. സ്ഥാനാരോഹണത്തിന് ശേഷം മിമ്പറില്‍ കയറി ജനങ്ങളോട് അദ്ദേഹം നടത്തിയ പ്രഥമ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്. ”ഓ ജനങ്ങളേ, എന്റെ അഭിപ്രായമോ ആവശ്യപ്പെടലോ ഇല്ലാതെ മുസ്‌ലിംകള്‍ക്കിടയില്‍ കൂടിയാലോചിക്കാതെ ഞാനിതാ ഈ അധികാരം കൊണ്ട് ഇവിടെ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ചെയ്ത ബൈഅത്ത് ഞാനിതാ ഒഴിവാക്കിയിരിക്കുന്നു. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി മറ്റൊരാളെ തെരഞ്ഞെടുക്കുക. ഇതുകേട്ടപ്പോള്‍ ജനങ്ങള്‍ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: ”ഓ അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്. ഞങ്ങളെ നിങ്ങള്‍ ഭരിച്ചാലും.”
ഖലീഫ ആയതോടെ കൂടുതല്‍ വിനയാന്വിതനായി. ആഡംബരങ്ങളും സുഖസൗകര്യങ്ങളും വേണ്ടെന്നു വച്ചു. ബനൂ ഉമയ്യ അന്യായമായി വച്ചിരുന്ന സ്വത്തുവകകള്‍ പൊതുഖജനാവിലേക്കുമാറ്റി. രണ്ടരവര്‍ഷത്തോളം നീതിയും ധര്‍മവും കളിയാടിയ അദ്ദേഹത്തിന്റെ ഭരണത്തിന് നാല്‍പതാം വയസ്സില്‍ തന്റെ നിര്യാണത്തോടെ തിരശ്ശീല വീഴുകയായിരുന്നു. അല്ലാഹുവിനോടുള്ള ഭയവും ജനങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്വബോധവും അദ്ദേഹത്തെ മരണശയ്യയിലേക്ക് തള്ളിയിട്ടുവെന്ന് ഭാര്യ ഫാത്വിമ ബിന്‍ത് അബ്ദുല് മലിക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സുഖസൗകര്യങ്ങള്‍ വിലക്കപ്പെട്ടതില്‍ വിളറിപൂണ്ട ബനൂ ഉമയ്യ, അദ്ദേഹത്തിന്റെ അടിമക്ക് ആയിരം ദീനാറും മോചനവും വാഗ്ദാനം നല്‍കി ഖലീഫയെ വിഷംകൊടുത്ത് കൊല്ലാന്‍ പദ്ധതിയിടുകയും നിരന്തരമായ പ്രലോഭനത്തിന് വഴങ്ങി അടിമ വിഷം കൊടുക്കുകയും ചെയ്തത്. ചരിത്രത്തിലെ കറപുരണ്ട അധ്യായമായി അവശേഷിക്കുന്നു. മഹാന്‍ വിടവാങ്ങുമ്പോള്‍ വെറും 17 ദീനാറായിരുന്നു അനന്തര സ്വത്ത്. അതില്‍ അഞ്ച് ദീനാര്‍ കഫന്‍പുടക്കും രണ്ട് ദീനാര്‍ ഖബ്‌റിനും കഴിച്ച് ബാക്കി പത്ത് ദീനാര്‍ പതിനൊന്ന് മക്കള്‍ക്ക് വീതം വയ്‌ക്കേണ്ടിവന്ന കരളലയിപ്പിക്കുന്ന വിടവാങ്ങലായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരം കൈയില്‍ വന്നതോടെ പരമദരിദ്രനായി ജീവിച്ച അദ്ദേഹം ഒരു കുല മുന്തിരി വാങ്ങാനുള്ള പണം പോലും കൈയിലില്ലാതെ അതിനുള്ള തന്റെ ആഗ്രഹം ഭാര്യയോട് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ ഇന്നും മലയാളിയുടെ നാവിലുണ്ട്.
”ഉണ്ടോ സഖീ ഒരു കുല മുന്തിരി
വാങ്ങിടുവാനായ് നാലണ കൈയില്‍.
ഉണ്ട് പ്രിയേ ഖല്‍ബിലൊരാശ
മുന്തിരി തിന്നിടുവാന്‍…
അങ്ങാര് എന്നറിയില്ലേ
അങ്ങീ നാട്ടിലെ രാജാവല്ലേ
അങ്ങ് വെറും നാലണയില്ലാ
യാചകനാണെന്നോ…
പ്രാണസഖീ നന്നായറിയാം,
ഞാനിന്നാട്ടിലമീറാണെന്ന്..
എന്നാലും എന്റേതായൊരു
ദിര്‍ഹമുമില്ല പ്രിയേ…”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."