സത്യാനന്തര കാലത്തെ നീതി(അ)ന്യായങ്ങൾ
എൻ.കെ ഭൂപേഷ്
ആധുനിക ജനാധിപത്യ സമൂഹങ്ങൾ വ്യക്തികളുടെയോ കൂട്ടത്തിന്റെയോ വിശ്വാസങ്ങൾക്കോ തോന്നലുകൾക്കോ അപ്പുറത്തുള്ള നിയമക്രമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കാറുള്ളത്. അതാണ് ബഹുസ്വരസമൂഹത്തിന്റെ അടിത്തറ. വ്യക്തികളുടെയോ ഏതെങ്കിലും വിഭാഗത്തിന്റെയോ വിശ്വാസത്തിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ നിരപേക്ഷമായിരിക്കും അതിന്റെ രീതി. അങ്ങനെയാണ് ഇന്ത്യ എന്ന രാജ്യം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയാണ് അതിന്റെ അടിത്തറ. വിവിധ വിഭാഗങ്ങളിൽപെട്ടവരുടെ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമ്പോഴും അതൊന്നും നിയമസംവിധാനത്തെ സ്വാധീനിക്കാൻ പറ്റാത്ത രീതിയിലാണ് ഇന്ത്യയുടെ മതേതര സമൂഹം ഭരണഘടനയാൽ നിയന്ത്രിക്കപ്പെടുന്നത്.
സമീപകാലത്തുണ്ടായ വിഭാഗീയ നീക്കവും അതിനോടുള്ള ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ പ്രതികരണങ്ങളുമാണ് മേൽ സൂചിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ഹിന്ദുത്വശക്തികൾ ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടാക്കിയ തർക്കമാണ് വിഷയം. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദ് നേരത്തെ ക്ഷേത്രമായിരുന്നു എന്ന വാദം ഉന്നയിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ഈ പ്രശ്‌നം സജീവമായത്. അഞ്ച് സ്ത്രീകളാണ് മസ്ജിദ് സമുച്ചയത്തിൽ വിഗ്രഹാരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് കോടതി വിഡിയോ സർവേയ്ക്ക് അനുമതി നൽകുന്നു. വിശ്വവേദിക് സനാതൻ സംഘ് എന്ന സംഘടനാണ് അഞ്ച് സ്ത്രീകൾക്ക് വേണ്ടി കേസ് നടത്തിയത്. കുത്തബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘടനായാണിത്.
ഏകദേശം ഇതേസമയത്ത് തന്നെയാണ് ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്ന് അവകാശപ്പെട്ടുള്ള ഹരജിയും കോടതിയുടെ മുന്നിലെത്തുന്നത്. ഹരജി പരിഗണിക്കാവുന്നതാണെന്ന ജില്ലാകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാദം നടക്കുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ലെന്ന ഓർമപ്പെടുത്തലുകൾ കൂടിയാണ് ഇതെല്ലാമെന്ന് പറയുമ്പോഴും കൂടുതൽ സങ്കീർണമായ ചില വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. അത് നമ്മുടെ രാജ്യത്ത് നിയമസംവിധാനങ്ങളുമായി ബന്ധപ്പെട്ട് കൂടിയാണ്.
1980 കളിൽ ബാബരി മസ്ജിദിനെ മുൻനിർത്തി ബി.ജെ.പിയുടെ നേതൃത്വത്തിൽ ആർ.എസ്.എസും സംഘ്പരിവാർ സംഘടനകളും എങ്ങനെയാണോ ഇടപെട്ടത് അതിന്റെ തുടർച്ചകൾ ഇപ്പോഴത്തെ സംഭവങ്ങളിലും കാണാവുന്നതാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, മുസ്‌ലിം ആരാധനാലയമായ ബാബരി മസ്ജിദിന്റെ വാതിലുകൾ ഹിന്ദുത്വ പ്രീണനത്തിന്റെ ഭാഗമായി തുറന്നു കൊടുത്തതു മുതൽ പള്ളി പൊളിക്കുന്നതുവരെ ഭരണകൂടം ഹിന്ദുത്വവുമായി സന്ധി ചേർന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാം. ബാബരി മസ്ജിദ് മാത്രമല്ല, മറ്റു പള്ളികൾ കൂടി തങ്ങളുടെ അജൻഡയിലുണ്ടെന്നത് അന്നുതന്നെ ഹിന്ദുത്വശക്തികൾ വ്യക്തമാക്കിയതാണ്. കാശി, മഥുര ബാക്കി ഹെ എന്നത് അന്ന് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തിയ പോർവിളികളിലൊന്നായിരുന്നു. ആർ.എസ്.എസോ, മറ്റു സംഘ്പരിവാർ സംഘടനകളോ അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ മറന്നുപോകുന്നില്ലെന്ന കാര്യം പലതവണ തെളിയിച്ചതാണ്. അതാണ് ഇപ്പോൾ കാണുന്നത്.
കാശി, മഥുര പോലുള്ള പ്രദേശങ്ങളിലെ പള്ളികളും തങ്ങൾ ലക്ഷ്യമിടുന്നതാണെന്ന് വ്യക്തമാക്കി വെല്ലുവിളികൾ ഉയർത്തിയ സമയത്താണ് 1991ൽ കേന്ദ്ര സർക്കാർ പ്ലേസസ് ഓഫ് വർഷിപ്പ് (സ്‌പെഷൽ പ്രൊവിഷൻസ്) ആക്ട് 1991 കൊണ്ടുവരുന്നത്. ഈ നിയമം അനുസരിച്ച് ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15 ന്റെ അവസ്ഥയിൽനിന്ന് മാറ്റാൻ കഴിയില്ല. അതായത് 1947 മുമ്പുള്ള കാലത്തെ കഥകളുമായി വന്ന് ആരാധനാലയങ്ങളുടെ നിലനിൽക്കുന്ന അവസ്ഥ മാറ്റാൻ പാടില്ലെന്നായിരുന്നു ആ നിയമത്തിന്റെ കാതൽ.നിയമത്തിന്റെ മൂന്നാം വകുപ്പ് ആരാധനാലയങ്ങളുടെ നിലവിലുള്ള സ്ഥിതി ഒരു തരത്തിലും മാറ്റാൻ പാടില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ ഈ നിയമമുള്ള സാഹചര്യത്തിൽ ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാവേണ്ടതല്ല. സ്വാഭാവികമായും ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഇപ്പോഴത്തെ ഹരജികൾ നിലനിൽക്കേണ്ടതുമല്ല. എന്നാൽ സംഭവിച്ചതെന്താണ് ? സുപ്രിംകോടതിയിൽ പോലും ഇതുമായി ബന്ധപ്പെട്ട ഹരജികൾ എത്തുന്നു. സുപ്രിംകോടതി കേസ് ജില്ലാ കോടതി പരിഗണിക്കണമെന്ന് പറയുകയാണ് ചെയ്തത്. അല്ലാതെ 1991ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആ ഹരജികൾ തള്ളുകയല്ല ഉണ്ടായത്. സുപ്രിംകോടതിയുടെ ആ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പ്രശ്‌നങ്ങൾ ഇപ്പോൾ സജീവമാകുന്നത്.
എന്തുകൊണ്ടാണ് 'വിശ്വാസ' സംബന്ധമായ പ്രശ്‌നങ്ങൾക്ക് വസ്തുതകളെയും അതുപോലെ, നിയമത്തെക്കാളും പ്രാധാന്യം കിട്ടുന്നത് എന്നത് വലിയ പ്രശ്‌നമാണ്. ഇത് യഥാർഥത്തിൽ ഇപ്പോൾ തുടങ്ങിയതുമല്ല. അയോധ്യ കേസിലെ വിധികൾ, കീഴ്ക്കോടതി മുതൽ സുപ്രിംകോടതി വരെയുള്ളവയിൽ വസ്തുതകളെക്കാളും നിയമത്തെക്കാളും ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന് പ്രാധാന്യം കൊടുത്തതായി കാണാം. അതിന്റെ തുടർച്ചയാണ് കീഴ്‌ക്കോടതി മുതൽ സുപ്രിംകോടതി വരെ ജ്ഞാൻവാപി വിഷയത്തിലും കാണുന്നത്. ചരിത്രം ദുരന്തമായി തന്നെ ആവർത്തിക്കുകയാണോ?
1991ലെ നിയമത്തെ പൂർണമായി അവഗണിച്ചുവെന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് ഗോവിന്ദ് മാഥൂർ എഴുതിയ ഒരു ലേഖനത്തിൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. ആ നിയമത്തെ ഉൾക്കൊള്ളുക മാത്രമല്ല, ആ നിയമം എന്തുകൊണ്ടുണ്ടായി എന്ന കാര്യവും കോടതികൾ പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 1991ൽ നിയമം കൊണ്ടുവന്നപ്പോൾ അതിനെ ബി.ജെ.പിയും സംഘവും ശക്തമായി എതിർത്തിരുന്നു. നിയമം നിലവിൽ വന്നിട്ടും അവർക്ക് തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ അതേപോലെ തുടരാൻ കഴിയുന്നുവെന്നാണ് ഇപ്പോഴത്തെ സംഗതികളിൽനിന്ന് വ്യക്തമാകുന്നത്.
ബാബരി മസ്ജിദ് വർഗീയവാദികൾക്ക് തകർക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തതിന്റെ ചില തനിയാവർത്തനങ്ങൾ ഇപ്പോഴത്തെ സംഭവങ്ങളിലും കാണാം. ജ്ഞാൻവാപിയിൽ സർവേയ്ക്ക് ഉത്തരവിടുന്നു, അവിടെ ശിവലിംഗം കണ്ടതായി അവകാശപ്പെടുന്നു. ആ ഭാഗം സംരക്ഷിക്കപ്പെടണമെന്ന് കോടതി നിർദേശിക്കുന്നു. അങ്ങനെ പതുക്കെ പള്ളിയിൽനിന്ന് 'തർക്ക മന്ദിരം' എന്ന പദവിയിലേക്ക് ആ ആരാധനാലയത്തെ മാറ്റാനുള്ള ശ്രമമാണ് മുന്നോട്ടുപോകുന്നത്. അങ്ങനെ സംഭവിച്ചതിൽ നീതിന്യായ സംവിധാനത്തിന്റെ പങ്ക് എത്രയാണെന്ന് വ്യക്തമാണ്.
1949 ഡിസംബർ 22ാം തീയതിയാണ് ഹിന്ദുത്വ വർഗീയവാദികൾ കെ.കെ നായർ എന്ന ഉദ്യോഗസ്ഥന്റെ പിന്തുണയോടെ ബാബരി മസ്ജിദിൽ രാമവിഗ്രഹം ഒളിച്ചുകടത്തിയത്. പിന്നീട് കെ.കെ നായർ ജനസംഘത്തിന്റെ സ്ഥാനാർഥിയായി എന്നത് മറ്റൊരു കാര്യം. ആ കുത്സിത നീക്കത്തിന്റെ അപകടം തിരിച്ചറിഞ്ഞവരിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി വിശ്വാസികൾ ആരാധിച്ചിരുന്ന മസ്ജിദുകൾക്ക് നേരെ നീക്കങ്ങൾ ഉണ്ടാകുമ്പോൾ ജവഹർലാൽ നെഹ്‌റുവിനെ പോലെ ഒരു രാഷ്ട്രനേതാവ് ഇല്ലെന്ന് മാത്രമല്ല, ആരാധനാലയങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം പോലും കണ്ണടക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വ പൊതുബോധത്തിന്റെ ഇരകളായി ഭരണകൂടത്തിന്റെ എല്ലാ മേഖലകളും മാറുന്ന ദുരിത കാഴ്ചയാണിത്. അല്ലെങ്കിൽ സത്യാനന്തര കാലം നീതിന്യായ സംവിധാനങ്ങളെയും സ്വാധീനിക്കുകയാണോ എന്നും സംശയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."