HOME
DETAILS
MAL
ലക്ഷദ്വീപ് ലക്ഷദ്വീപായി നിലനില്‍ക്കട്ടേ...
backup
May 30 2021 | 05:05 AM
ലക്ഷദ്വീപ് നമ്മുടെ ദൈനംദിന ചര്‍ച്ചകളിലെ സജീവ വിഷയമായി മാറുകയാണ്. ലക്ഷദ്വീപ് എന്നു കേള്‍ക്കുമ്പോഴും ലക്ഷദ്വീപിന്റെ ചിത്രം കാണുമ്പോഴും ഒരാശ്വാസത്തിന്റെ ഇളംതെന്നലായാണ് മുന്‍പ് നമുക്കനുഭവപ്പെട്ടതെങ്കില്‍, പാരമ്പര്യ ശീലങ്ങളില്‍ ജീവിച്ചിരുന്ന ഒരു ജനതയുടെ നിലനില്‍പിനായുള്ള ആശങ്കയാണ് ഇപ്പോള്‍ ഈ ദ്വീപിനെക്കുറിച്ചുള്ള ചിന്തകളോടൊപ്പം നമുക്ക് മുന്നിലേക്ക് വരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായി കഴിഞ്ഞ ഡിസംബറില്‍ ദ്വീപിലേക്ക് കാലുകുത്തിയ പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന വ്യക്തിയാണ്, ശാന്തതയുടെ തുരുത്തെന്ന് കവികളും കലാകാരന്മാരുമൊക്കെ വിശേഷിപ്പിച്ച ഈ ദ്വീപിനെ ഇന്ന് അശാന്തി പര്‍വത്തിലേക്കെത്തിച്ചിരിക്കുന്നത്.
നന്മയെ ഇഷ്ടപ്പെടുന്നവരും ശാന്തി ലോകത്ത് നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെപ്പോലെ തന്നെ ലോകമെങ്ങുമുള്ള സാമൂഹ്യ ശാസ്ത്രജ്ഞരും ഏറെ ആശങ്കയോടെയാണ് ഈ ഗോത്രവിഭാഗ
(Scheduled Tribe) ത്തിന് നേരെയുള്ള ടൂറിസ്റ്റ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള, സംഘ്പരിവാര്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നുവെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള പുതിയ നീക്കത്തെ കാണുന്നത്. കാരണം ലക്ഷദ്വീപ് എന്ന ഭൂപ്രദേശത്തെ തങ്ങളുടെ ജീവന്റെ ഒരംശം പോലെ കാണുന്ന, പ്രകൃതിയോടിണങ്ങിയുള്ള, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നോക്കി ജീവിക്കുന്ന ജനവിഭാഗത്തിനു പകരം ഉപഭോഗത്വരയും കച്ചവട താല്‍പര്യവും മാത്രമുള്ള ഒരു വിഭാഗത്തെ കൊണ്ടുവന്നുള്ള ഇറക്കുമതി സംസ്‌കാരം ഈ ദ്വീപിന്റെ ഇല്ലായ്മയിലേക്കായിരിക്കും അത്യന്തികമായി എത്തിച്ചേരുകയെന്ന തിരിച്ചറിവുകൊണ്ടുകൂടിയാണത്.
ഫാറൂഖ് കോളജ് സാമൂഹ്യശാസ്ത്ര വിഭാഗം തലവനായി മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച കേരളത്തിലെ പ്രമുഖ സോഷ്യോളജിസ്റ്റും എഴുത്തുകാരനും കൗണ്‍സിലറും ഇപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം വിസിറ്റിങ് പ്രൊഫസറുമായ എന്‍.പി ഹാഫിസ് മുഹമ്മദ് ഈ വിഷയത്തിലുള്ള തന്റെ കാഴ്ചപ്പാടുകളുമായി നമ്മോട് സംവദിക്കുകയാണ്
സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒരു പ്രദേശമാണ് ലക്ഷദ്വീപും അവിടത്തെ ജനവിഭാഗവുമെല്ലാം? എന്തുകൊണ്ടാണിത്?
കരയില്‍ നിന്ന് അകന്നു കിടക്കുന്ന, അറബിക്കടലിന്റെ ഒരു ഭാഗത്തായി കിടക്കുന്ന ദ്വീപുകളാണിവ. ഒന്‍പതാം നൂറ്റാണ്ടിന് മുന്‍പ് തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ജനസമൂഹമാണെങ്കിലും കരയോട്, കേരളവുമായി പ്രത്യേകിച്ച് കോഴിക്കോടുമായി ഏറെ ബന്ധമുണ്ടായിരുന്ന ജനവിഭാഗമായിരുന്നു ദ്വീപുകാര്‍.
കേരളത്തിലെ ചില തീരദേശ മേഖലയിലെപ്പോലെ മരുമക്കത്തായ സമ്പ്രദായം പൂര്‍ണമായി പിന്‍പറ്റുന്നവരാണിവര്‍. പകല്‍ മുഴുവന്‍ സ്വന്തം വീട്ടില്‍ മാതാവിനോടൊപ്പം കഴിയുന്ന ഇവര്‍, രാത്രിയില്‍ ഭാര്യയോടൊപ്പം ഭാര്യവീട്ടിലാണുണ്ടാകാറ്. കോഴിക്കോട് തെക്കേപ്പുറം, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, മുന്‍പ് പൊന്നാനിയിലും ഈ സമ്പ്രദായം വ്യാപകമായിട്ടുണ്ടായിരുന്നു. നാട്ടില്‍ ഈ പറഞ്ഞ പ്രദേശങ്ങളിലടക്കം ഇതിന് ഏറെ മാറ്റം സംഭവിച്ചെങ്കിലും ലക്ഷദ്വീപില്‍ ഇപ്പോഴും പൂര്‍ണമായി പുതിയാപ്പിള രീതി തന്നെയാണ് പിന്തുടരുന്നത്.
സ്വത്തവകാശം പൂര്‍ണമായും സ്ത്രീകള്‍ക്കാണ്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സ്വത്തുപോലും മരുമക്കത്തായ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന രീതിയാണവിടെയുള്ളത്. ഇങ്ങനെ കുടുംബ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു വ്യവസ്ഥിതിക്കാണ് അവിടെ കൂടുതല്‍ മുന്‍തൂക്കം. ഇത് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ലോകത്തൊന്നാകെ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന വിഷയമായതുകൊണ്ട് ഈ മേഖലയിലെ പഠനങ്ങളില്‍ ദ്വീപിനെ വേറിട്ട് നിരീക്ഷിക്കാന്‍ പലപ്പോഴും കാരണമായിട്ടുണ്ട്.
ലക്ഷദ്വീപിനെക്കുറിച്ച് സവിശേഷമായി നടന്ന പഠനങ്ങളും മറ്റും ഏതെല്ലാമാണ്?
ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ സാമൂഹ്യ ശാസ്ത്രാവലോകനം നടത്തി ശ്രദ്ധേയയായിട്ടുള്ള പ്രൊഫ. ലീലാ ദുബെയുടേതാണ് ആദ്യമായി പറയുവാനുള്ളത്. മരുമക്കത്തായവും ഇസ്‌ലാമും എന്ന വിഷയത്തിലൂന്നി ലക്ഷദ്വീപിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പ്രത്യേകമായി ഇവര്‍ പഠനം നടത്തിയിട്ടുണ്ട്. ഇതുപോലെ മറ്റൊരാള്‍ പ്രൊഫ. ഇട്ടമാനാണ്. മറ്റൊരാള്‍ ഡോ. എ.ആര്‍ കുട്ടിയാണ്.
കവരത്തിയിലെ പൂട്ടിക്കിടക്കുന്ന ജയിലും കുറ്റകൃത്യങ്ങളിലേക്ക് വഴി നടക്കാനിഷ്ടപ്പെടാത്ത ജനതയുമെല്ലാം എപ്പോഴും വേറിട്ടുനില്‍ക്കപ്പെടുന്ന ഘടകങ്ങളാണ്, എന്താണിതിന്റെ രഹസ്യം?
പകയില്ല, വിദ്വേഷമില്ല, വെറുപ്പില്ലാത്ത ജനത എന്നുള്ളത് തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണം. മറ്റൊന്ന് അധികാര മോഹമില്ലായ്മയാണ്. ലക്ഷദ്വീപിലെ കോയ വിഭാഗത്തിന് മാത്രമാണ് അല്‍പമെങ്കിലും അധികാര താല്‍പര്യമുള്ളത്. മാല്‍മീസ്, മേലേചേരിമാര്‍ എന്നിവരടക്കം ഭൂരിഭാഗം ജനവിഭാഗത്തിനും അത്യാഗ്രഹങ്ങള്‍ കുറവാണ്. ആഗ്രഹങ്ങള്‍ തന്നെ അധികമില്ല. മറിച്ച് തങ്ങളുടെ നാട്ടില്‍ നിന്ന് കിട്ടുന്ന ചെറിയ സൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടി ജീവിക്കാനാഗ്രഹിക്കുന്നവരാണവര്‍. ഇതില്‍ നിന്ന് ഭിന്നമായി കുറച്ചുപേരാകട്ടെ കൊച്ചി പോലെ കരകളിലേക്ക് മാറിത്താമസിച്ചിട്ടുമുണ്ട്.
രാത്രി വീടുകളുടെ വാതിലുകള്‍ ഭദ്രമായി അടക്കേണ്ടതില്ല. കാരണം മോഷണത്തിനായി നിങ്ങളെ തേടി ആരും വരികയില്ല. വീടുകളെല്ലാം ഒറ്റ നിലയാണ്. ആകെ ഞാന്‍ കണ്ട ഇരുനില വീട് മുന്‍മന്ത്രി പി.എം സഈദിന്റേതായിരുന്നു. കൂടാതെ ചില സര്‍ക്കാര്‍ ഓഫിസുകളും. ഇങ്ങനെ പരസ്പരം പൂര്‍ണ വിശ്വാസത്തില്‍ അവര്‍ക്കവിടെ കഴിയുവാന്‍ സാധിക്കുന്നുവെന്നുള്ളത് തന്നെയാണ് അവിടത്തെ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നാലിപ്പോള്‍ തെരഞ്ഞെടുപ്പടുക്കുന്ന സമയത്ത് ചില വാശിയും മറ്റുമുണ്ടാകുന്ന ഒരു പതിവുണ്ടാകുന്നത് കാണാറുണ്ട്.
സാമൂഹ്യശാസ്ത്ര പഠന സംബന്ധമായി അവിടെ പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ട്?
പലപ്രാവശ്യം ദ്വീപില്‍ പോയിട്ടുണ്ടെങ്കിലും 1997ല്‍ ഫാറൂഖ് കോളജ് സോഷ്യോളജി വിദ്യാര്‍ഥികളുമായി ഒരു പഠനത്തിനായി പോയപ്പോഴാണ് ദ്വീപ് ജനതയുടെ സ്‌നേഹം ഏറെ അടുത്തറിഞ്ഞനുഭവിക്കുവാന്‍ കഴിഞ്ഞത്. അവരുടെ നൈര്‍മല്യം അപ്പോഴാണ് കൂടുതല്‍ അനുഭവിച്ചറിഞ്ഞത്. ഞങ്ങള്‍ കവരത്തിയില്‍ കപ്പലിറങ്ങിയ ഉടനെ പോര്‍ട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതുമാത്രമാണ് ഓര്‍മ. ബാക്കി തിരിച്ചുവരുന്നതു വരെ ഒരു ചായപോലും പുറമേ നിന്ന് കുടിക്കുവാന്‍ അവര്‍ സമ്മതിച്ചിട്ടില്ല.
അന്ന് സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ലക്ഷദ്വീപില്‍ പോയി വരുവാന്‍ ഓരോരുത്തര്‍ക്കും ചെലവായത് വെറും ഇരുനൂറ് രൂപ മാത്രമാണ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കേള്‍ക്കുന്നവര്‍ക്കത്ഭുതം തോന്നും. ഇതുപോലെയാണ് അവരുടെ സൗഹൃദ മനോഭാവം. നമ്മെക്കാള്‍ എത്രയോ ഉയരത്തിലാണ്. ഒരു ശതമാനം വരുന്ന, ഇടയ്ക്കിടക്ക് ഉദ്യോഗസ്ഥരായി വരുന്ന ജനവിഭാഗത്തിനായി അവിടെ ഉണ്ടാക്കിയ ക്ഷേത്രത്തെക്കുറിച്ചെല്ലാം നവമാധ്യമങ്ങളില്‍ വന്നത് നാമെല്ലാവരും വായിച്ചതല്ലേ?
ഇപ്പോഴത്തെ അധികാരികളുടെ ലക്ഷദ്വീപിനെതിരെയുള്ള നീക്കത്തെ സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലക്ക് എങ്ങനെയാണ് കാണുന്നത്?
എനിക്ക് തോന്നുന്നത്, ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായുള്ള നീക്കമാണ്. സാമൂഹ്യശാസ്ത്രപരമായി ഒരു ഗോത്രവിഭാഗത്തിന്റെ വേരുകള്‍ നിര്‍ദാക്ഷിണ്യം മുറിച്ചുമാറ്റുന്നത് വലിയ പ്രത്യാഘാതങ്ങളായിരിക്കും നമ്മുടെ സാമൂഹ്യവ്യവസ്ഥയില്‍ ഉണ്ടാക്കുക.
ഇന്ത്യയിലെ ഗോത്രവിഭാഗങ്ങളെ ഹൈന്ദവവത്ക്കരിക്കുക എന്ന സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായിട്ടുള്ള നീക്കത്തിന്റെ തുടര്‍ച്ച തന്നെയാണിത്. സിംപിള്‍ റിലീജ്യന്റെ വക്താവായിരുന്ന ഘടോല്‍ക്കച്ചനെ പോലും ഹൈന്ദവ ബിംബമാക്കി മാറ്റിയെടുത്തതൊക്കെ ഇതിന്റെ ഭാഗമായാണ്. ആദ്യ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുതന്നെ പട്ടികവര്‍ഗ വിഭാഗമെന്ന ഇവരുടെ സവിശേഷമായ ആനുകൂല്യം എടുത്തുകളയുവാനുള്ള നീക്കങ്ങള്‍ക്ക് വരെ തുടക്കം കുറിച്ചിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
ലക്ഷദ്വീപിന്റെ ടൂറിസവികസനത്തിലൂടെ ദ്വീപിനെ കൂടുതല്‍ പുരോഗതിയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന അധികൃതരുടെ വിശദീകരണത്തെ കുറിച്ച്?
ഒരു നാടിന്റെ സാംസ്‌കാരിക തനിമയെയും പാരമ്പര്യത്തെയും അവിടത്തെ ജനങ്ങളെയുമെല്ലാം ഇല്ലാതാക്കിക്കൊണ്ടാണോ ടൂറിസവികസനം കൊണ്ടുവരേണ്ടത്? നെഹ്‌റുവിന്റെ കാലം മുതലേ ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകവും പരിസ്ഥിതി സന്തുലനവുമെല്ലാം നിലനിര്‍ത്തിയാണ് ടൂറിസ വികസനമടക്കം കൊണ്ടുവന്നത്. എന്നാലിപ്പോള്‍ നടക്കുന്നത്, മറ്റെന്തോ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നാണ് ദ്വീപുകാരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് ഭൂമി ക്രയവിക്രയത്തിനടക്കം സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് കുത്തക കോര്‍പറേറ്റുകള്‍ക്ക് വലിയ തടസമാണ്.
കൊവിഡ് പ്രൊട്ടോകോള്‍ ബോധപൂര്‍വം ലംഘിപ്പിച്ച് രോഗവ്യാപനം ശക്തമാക്കിയതിനു പിന്നിലും ഈ ജനവിഭാഗത്തെ ഇവിടെ നിന്നു പുകച്ചു പുറത്തുചാടിക്കുകയെന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന ദ്വീപ് നിവാസികളുടെ സംശയത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്, അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നതിനടക്കം കര്‍ശന നിയന്ത്രണം കൊണ്ടുവരുവാനുള്ള പുതിയ തീരുമാനം വരുമ്പോഴും തോന്നുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."