ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 99.95 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി
തിരുവനന്തപുരം
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 2022-23 സാമ്പത്തികവർഷം 99.95 കോടി രൂപ ചെലവഴിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിന് ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വിഭിന്ന വിഷയങ്ങളിലുള്ള അക്കാദമിക് ജേണലുകളും ഡാറ്റാ ബേസുകളും അക്കാദമിക സമൂഹത്തിന് ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുന്ന സംസ്ഥാനതല ഇ ജേണൽ കൺസോർഷ്യത്തിന് 20 കോടി രൂപ ചെലവഴിക്കും.
ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വിടവ് മറികടക്കാനും, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം കൂടുതൽ ഫലപ്രദമാക്കാനുള്ള ഡിജികോൾ പദ്ധതിക്ക് 20 കോടി രൂപ വിനിയോഗിക്കും.
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അര ലക്ഷം രൂപ (രണ്ടാം വർഷം പ്രതിമാസം ഒരു ലക്ഷം രൂപ) വീതം നൽകുന്ന 'ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ'ക്കായി 15 കോടി രൂപ നീക്കിവച്ചു. വിവിധ സർവകലാശാലകളിലെയും ലൈബ്രറികളിലെയും അക്കാദമിക് റിസോഴ്‌സുകളുടെ പ്ലാറ്റ്‌ഫോമായ കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്കിന് 10 കോടി രൂപ വിനിയോഗിക്കും.
11 സർവകലാശാലകളുടെയും 147 ലൈബ്രറികളുടെയും അക്കാദമിക് ശേഖരം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. അഫിലിയേറ്റഡ് കോളജുകളുടെ ലൈബ്രറികളെയും ഈ ഡിജിറ്റൽ ശൃംഖലയിൽ കൊണ്ടുവരുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് ഈ തുക. തൊട്ടടുത്ത കോളജുകൾ തമ്മിൽ ആൾശേഷിയും വിഭവശേഷിയും പശ്ചാത്തല സൗകര്യവും പരസ്പരം പങ്കിടുന്ന ക്ലസ്റ്റർ കോളജ് പദ്ധതിയിൽ ആരംഭിക്കുന്ന മൂന്ന് പുതിയ ക്ലസ്റ്ററുകൾക്കായി 10 കോടി രൂപ നീക്കിവച്ചു.
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗവേഷകരും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായ മലയാളികളെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടുകൂടി സഹകരിപ്പിക്കുന്ന ബ്രെയിൻ ഗെയിൻ പദ്ധതിക്ക് അഞ്ചുകോടി രൂപ വിനിയോഗിക്കും. നൊബേൽ ജേതാക്കളുമായുള്ള ജ്ഞാനവിനിമയം പദ്ധതിക്ക് അഞ്ചുകോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."