HOME
DETAILS
MAL
ലൈലയോടുളള പ്രണയം
backup
May 30 2021 | 05:05 AM
മജ്‌നൂന് ലൈലയോടുള്ള പ്രണയം എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒരു ദിവസം സംശയാലുക്കളായ ഏതാനും യുവാക്കള്‍ തെരുവിലൂടെ നടന്നുപോവുകയായിരുന്ന മജ്‌നുവിനെ തടഞ്ഞുവച്ചു. അവന്റെ തല നിറയെ ലൈലയെ കുറിച്ചുള്ള ചിന്തകളായിരുന്നു.
'ഹേയ്! മജ്‌നൂന്‍,' ലൈലയെ കുറിച്ചുള്ള ചിന്തകളില്‍ പരിസരം മറന്നു നില്‍ക്കുകയായിരുന്ന മജ്‌നുവിനെ ഒരു യുവാവ് തട്ടിവിളിച്ചു. 'നീ എന്തിനാണിങ്ങനെ ഭ്രാന്തമായി ലൈലയെ സ്‌നേഹിക്കുന്നത് എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. അതിനുമാത്രം അവളില്‍ എന്താണു നീ കാണുന്നത്? അത്ര അഴകുള്ളവളൊന്നുമല്ലല്ലോ അവള്‍'. തടഞ്ഞുവച്ച സംഘത്തിനു വേണ്ടി യുവാവു ചോദിച്ചു.
ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം എന്താണെന്നു പിടികിട്ടാതെ മജ്‌നൂന്‍ അവനെ അമ്പരപ്പോടെ നോക്കി. എന്തിനാണ് ആളുകള്‍ തന്നെ വളഞ്ഞിരിക്കുന്നത് എന്നും ലൈലയുടെ കാമുകനു മനസിലായില്ല.
'മജ്‌നൂന്‍! ഇങ്ങനെ അന്തംവിട്ടു നില്‍ക്കാതെ. നീ ഞങ്ങളുടെ കൂടെ വരൂ. നല്ല മൊഞ്ചത്തികളായ നൂറുകണക്കിനു പെണ്‍കുട്ടികളെ ഞങ്ങള്‍ നിനക്കു കാണിച്ചു തരാം. പിന്നീട് നീ ലൈലയെ നോക്കുക പോലുമില്ല!'- കുട്ടത്തിലെ മറ്റൊരു യുവാവ് മധുരമൂറുന്ന സ്വരത്തില്‍ പറഞ്ഞു. തന്റെ സംസാര ചാതുരിയില്‍ തെല്ല് അഭിമാനവും അവന് ഉണ്ടായിരുന്നു.
'കണ്ണിനു കാഴ്ചയില്ലാത്തവരാണു നിങ്ങള്‍'- മജ്‌നൂന്‍ തിരിച്ചടിച്ചു, 'നിങ്ങള്‍ക്ക് ഒരിക്കലും ലൈലയുടെ സൗന്ദര്യം കാണാനാവുകയില്ല. പുറമെയുള്ളത് മാത്രം കാണുന്നവര്‍ വിഡ്ഢികളാണ്'. ഇത്രയും പറഞ്ഞ് പോവാന്‍ തുനിഞ്ഞ മജ്‌നൂന്‍ തിരിഞ്ഞുനിന്ന് അവിടെ കൂടിയവരോടായി പറഞ്ഞു: 'ഞാന്‍ നിങ്ങളോട് ഒരു കാര്യം കൂടി പറയട്ടെ. പുറംകാഴ്ചകളില്‍ അഭിരമിക്കുന്നവര്‍ ചഷകത്തിന്റെ പുറം മാത്രം കാണുകയും അതിനകത്തിരിക്കുന്ന വീഞ്ഞ് കാണാതിരിക്കുകയും ചെയ്യുന്നവരെ പോലെയാണ്. അവര്‍ പാത്രത്തിന്റെ പുറംഭംഗി കാണുന്നു. അകത്ത് എന്താണുളളത് എന്നറിയുന്നില്ല. ഞാന്‍ അകത്തുളളത് കാണുന്നു. അതിന്റെ രുചി അറിഞ്ഞ് ആസ്വദിക്കുന്നു. നിങ്ങള്‍ക്ക് സുര്‍ക്ക കുടിക്കാന്‍ ആണ് വിധി. ലൈലയുടെ സ്‌നേഹം നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല. ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതാണു ലഭിക്കുക'.
ഇതു പറഞ്ഞ് മജ്‌നൂന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തലയുയര്‍ത്തിപ്പിടിച്ചു നടന്ന് അപ്രത്യക്ഷനായി. അവന്റെ ഹൃദയത്തില്‍ ലൈലയോടുള്ള പ്രണയം പൂര്‍വോപരി ശക്തിയായി അലതല്ലുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."