കൊച്ചി ബിനാലെ - കലയുടെ സമന്വയം
ജലീല്‍ അരൂക്കുറ്റി
കലാവബോധത്തിന്റെയും ബഹുമുഖ സാധ്യതകളുടെയും വിവിധ തുറകളിലൂടെ സഞ്ചരിച്ച് കലയുടെ മാറുന്ന സമവാക്യങ്ങളെ നിറച്ചിരുത്തുകയാണ് കൊച്ചി മുസ്‌രിസ് ബിനാലെ. കാലികത, കല, സംവേദനം തുടങ്ങിയവയെ ചേര്‍ത്തുപിടിച്ച് പുതിയ സാഹചര്യങ്ങളിലേക്ക് മുനവയ്ക്കുന്ന വേദിയായി ബിനാലെ പരിണമിച്ചിരിക്കുന്നു. കൊച്ചിയെ എല്ലാത്തിന്റെയും നവീന സമന്വയ ഭൂമിയാക്കി മാറ്റിയ മുസ്‌രിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് റെക്കോര്‍ഡ് തിരുത്തി നാളെ പര്യവസാനിക്കുകയാണ്.
വിദേശികളും സ്വദേശികളുമായ 88 കലാകാരന്മാരുടെ 200 സൃഷ്ടികളും ആശയങ്ങളുമാണ് സാംസ്‌കാരിക സംഗമഭൂമിയായ പശ്ചിമകൊച്ചിയെ ലോക ബിനാലെ ഭൂപടത്തില്‍ വീണ്ടും ഷോക്കേസ് ചെയ്തത്. കൊവിഡ് പ്രതിസന്ധിമൂലം നടക്കാതെപോയ 2020 ബിനാലെ പതിപ്പാണ് ഇക്കുറി സാക്ഷാത്കരിച്ചത്. ബിനാലെ ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക വേളയാണെന്ന പ്രത്യേകതയുമുണ്ടായിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാംപതിപ്പ് അരങ്ങേറിയ 2018ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിനായി ഇവിടെയെത്തിയത്. ഈവര്‍ഷം റെക്കോര്‍ഡ് ഭേദിച്ച്് ഒമ്പതു ലക്ഷത്തിലധികം പേര്‍ ബിനാലെ സന്ദര്‍ശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. സങ്കീര്‍ണങ്ങളായ പ്രതിഷ്ഠാപനങ്ങളും (ഇന്‍സ്റ്റലേഷന്‍) കലാചിന്തകളും കൊണ്ട് സമകാല കലാവേദിയില്‍ അന്താരാഷ്ട്ര പ്രസിദ്ധയായ ഇന്ത്യന്‍ വംശജ സിംഗപ്പൂര്‍ സ്വദേശിനി ഷുബിഗി റാവുവായിരുന്നു ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യുറേറ്റര്‍. 2022 ഡിസംബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തില്‍ 14 വേദികളിലായി നാളെ വരെ അറബിക്കടലിന്റെ റാണിക്ക് കലയുടെ വസന്തം തീര്‍ത്താണ് ബിനാലെക്കു തിരശ്ശീല വീഴുന്നത്. ഇത്തവണ പ്രവര്‍ത്തനങ്ങള്‍ക്കായി ആസ്പിന്‍വാള്‍ ഹൗസ് ലഭ്യമാകാന്‍ വൈകിയതും വിദേശങ്ങളില്‍നിന്ന് കലാസൃഷ്ടികള്‍ കൊച്ചിയില്‍ എത്തിക്കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ വന്നതും ബിനാലെയുടെ തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രദര്‍ശനം തുടങ്ങിയതോടെ മുന്‍വര്‍ഷങ്ങളേക്കാള്‍ സ്വീകാര്യത ലഭിച്ചുവെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
പ്രാദേശിക വാസ്തുകലയെ നിലനിര്‍ത്തുന്നതിനൊപ്പം നവമായ പൊതുബോധത്തെ അരക്കിട്ടുറപ്പിക്കാനും ബിനാലെയിലൂടെ കഴിഞ്ഞുവെന്നാണ് ക്യുറേറ്റര്‍ ഷുബിഗി പറയുന്നത്. 2020ലെ ബിനാലെയിലേക്ക് വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടോ യൂറോപ്യോ ഡി ഡിസൈനില്‍ വച്ചായിരുന്നു ഷുബിഗിയെ ക്യുറേറ്ററായി പ്രഖ്യാപിച്ചത്. മുംബൈയില്‍ ജനിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത 47കാരിയായ ഷുബിഗി റാവു ശ്രദ്ധേയ എഴുത്തുകാരികൂടിയാണ്. പശ്ചിമ കൊച്ചിക്കു പുറമെ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ മികച്ച 34 സമകാല കലാകാരന്‍മാരുടെ നൂറ്റമ്പതോളം സൃഷ്ടികളും പ്രദര്‍ശിപ്പിച്ചിരുന്നു.
നവോര്‍ജത്തില്‍ സ്റ്റുഡൻ്റ്സ് ബിനാലെ
ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സര്‍ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെ ഇത്തവണയും ശ്രദ്ധേയമായി. മട്ടാഞ്ചേരി വി.കെ.എല്‍ വെയര്‍ഹൗസിലെ വേദിയില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ നിന്നുള്ള 51 അവതരണങ്ങള്‍ നാലു വേദികളിലായി വേറിട്ട പുത്തന്‍ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോര്‍ജമാണ് പ്രസരിപ്പിച്ചത്. അന്താരാഷ്ട്രതലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴു ക്യുറേറ്റര്‍മാര്‍ അണിയിച്ചൊരുക്കിയ 'ഇന്‍ ദി മേക്കിങ്' എന്ന പ്രമേയത്തിലൂന്നിയ പ്രദര്‍ശനത്തില്‍ ഭാഗമായത് 196 കലാവിദ്യാര്‍ഥികളാണ്. ഇതില്‍ ശ്രദ്ധേയ സാന്നിധ്യമായത് ചിത്രകാരിയും നടിയുമായ ആന്ധ്രാ സ്വദേശിനി കെ. ശാന്താദേവിയാണ്.
തെലുങ്ക് നാടകങ്ങളിലും സിനിമയിലും എം. രുക്മിണി എന്നറിയപ്പെടുന്ന ഈ കലാകാരി ഇപ്പോള്‍ 65ാം വയസില്‍ ഫൈന്‍ ആര്‍ട്‌സ് ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു.
തഞ്ചാവൂര്‍ പെയിന്റിങ്, ഡോട്ട് പെയിന്റിങ് തുടങ്ങി ചിത്രകലയുടെ പല വകഭേദങ്ങളിലും പ്രാവീണ്യമുള്ള ശാന്താദേവി എച്ചിങ്, പ്രിന്റ്, മ്യൂറല്‍ എന്നിവയും ചെയ്യാറുണ്ട്. ബിനാലെ വേദിയില്‍ പ്രകൃതിസൗന്ദര്യം പ്രകടമാകുന്ന സൃഷ്ടികളിലൂടെയാണ് ശാന്താദേവി ശ്രദ്ധേയയായത്. സാധാരണത്വത്തെ വീക്ഷണകോണിന്റെ വ്യത്യസ്തതയിലൂടെ കീഴ്‌മേല്‍മറിച്ച് അവതരിപ്പിക്കുന്ന ഗോവ സ്വദേശിനി അഫ്ര ഷെഫീഖ്, വൈവിധ്യങ്ങളുടെ കലാകാരി ബംഗളൂരു സ്വദേശി അംശു ചുക്കി, ക്യുറേറ്റര്‍ - എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായ ന്യൂഡല്‍ഹി സ്വദേശി ആരുഷി വാട്‌സ്, ഡല്‍ഹിയില്‍ കലാചരിത്രാധ്യാപകനും ആര്‍ട്ടിസ്റ്റുമായ മലയാളി പ്രേംജിഷ് ആചാരി, ആര്‍ട്ടിസ്റ്റും ഗവേഷകയുമായ ഡല്‍ഹി സ്വദേശി സുവാനി സുരി, മുംബൈ ക്ലാര്‍ക്ക് ഹൗസ് ഇനീഷ്യേറ്റീവില്‍ ദൃശ്യകലാവതാരക സാവിയ ലോപ്പസ്, യോഗേഷ് ബാര്‍വെ എന്നിവരാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സുപ്രധാന ഘടകമായ സ്റ്റുഡന്റ്‌സ് ബിനാലെ വിഭാവന ചെയ്ത ക്യുറേറ്റര്‍മാര്‍. കേരളത്തില്‍ നിന്ന് സെലിന്‍ ജേക്കബ്, നന്ദു കൃഷ്ണ എന്നിവരുടെ സൃഷ്ടികള്‍ക്കു പുറമെ കെ .എം.ഇ.എ ആര്‍ക്കിടെക്ചര്‍ കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കശ്മിര്‍ വിഷയമാക്കി വലിയൊരു പ്രതിഷ്ഠാപനവും അവതരിപ്പിച്ചു.
ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായി 'എംബസി'
ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ബിനാലെയില്‍ 'എംബസി' ശ്രദ്ധനേടി. പ്രമുഖ ആസ്‌ത്രേലിയന്‍ കലാകാരന്‍ റിച്ചാര്‍ഡ് ബെല്‍ തമ്പ് ഒരുക്കിയാണ് 'എംബസി' എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദിമജനവിഭാഗങ്ങള്‍ അധിനിവേശാനന്തര കാലത്തും നേരിടുന്ന വിവേചനവും ചൂഷണവും പ്രമേയമാക്കി ആവിഷ്‌കരിച്ച പ്രതിഷ്ഠാപനംആഗോളതലത്തില്‍ തന്നെ ആദിമസമൂഹത്തിന്റെ പ്രതിരോധത്തിനായി ആഹ്വാനം ചെയ്യുന്നതായിരുന്നു. ഇപ്പോഴും മനസുകളില്‍ വേരറ്റുപോകാതെ നിലനില്‍ക്കുന്ന യജമാനന്‍-അടിമ മനോഭാവം ഏറ്റവും വെറുക്കപ്പെടേണ്ട ഒന്നായാണ് കണക്കാക്കുന്നതെന്ന് ആദിമവംശജന്‍ കൂടിയായ 70കാരന്‍ റിച്ചാര്‍ഡ് ബെല്‍ പറയുന്നു. 'എംബസി' അന്താരാഷ്ട്ര തലത്തില്‍ ആദിമജനസമൂഹത്തിന്റെ ദുരവസ്ഥയുടെ സൂചകമെന്ന നിലയ്ക്ക് ഏറ്റെടുക്കപ്പെട്ടതായും റിച്ചാര്‍ഡ് ബെല്‍ ചൂണ്ടിക്കാട്ടി. ആദിമജനങ്ങളുടെ ചെറുത്തുനില്‍പ്പും ക്ഷേമവും ഉറപ്പാക്കാനും അവര്‍ക്കായി ശബ്ദിക്കുന്ന പ്രസ്ഥാനങ്ങളുടെ ഐക്യദാര്‍ഢ്യത്തിനുമായി അവതരണങ്ങളും വിഡിയോ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടത്താനുള്ള ഇടമായാണ് 'അബൊറിജിനല്‍ എംബസി' എന്ന തമ്പ് പ്രവര്‍ത്തിച്ചത്. 'എംബസി' ലോകത്തെ പ്രമുഖ സമകാലീന കലാമേളകളില്‍ അവതരിപ്പിച്ച ശേഷമാണ് കൊച്ചിയിലെത്തിയത്.
കോംഗോയില്‍നിന്നൊരു 'ടോക്‌സിസിറ്റി'
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രശസ്തമായ ലുബുംബാഷി ബിനാലെയുടെ ഈ വര്‍ഷത്തെ പ്രമേയമായ 'വിഷലിപ്ത നഗര'ത്തിനു പ്രതിഷ്ഠാപന (ഇന്‍സ്റ്റലേഷന്‍)ത്തിലൂടെ കൊച്ചി ബിനാലെയില്‍ തുടര്‍ച്ചയുണ്ടായി. വിവിധ ജീവിതതലങ്ങളെ അതിസങ്കീര്‍ണമായി ബാധിച്ച അവസ്ഥയെന്ന നിലയ്ക്ക് 'ടോക്‌സിസിറ്റി'യെ ഗൗനിച്ച് നടത്തുന്ന അന്വേഷണമാണ് കോംഗോയിലെ സമകാല കലാകാരന്മാരുടെ കൂട്ടായ്മ പിച്ച ക്യൂറേറ്റ് ചെയ്ത ഇന്‍സ്റ്റലേഷനിലൂടെ അവതരിപ്പിച്ചത്.
ടോക്‌സിക്, സിറ്റി എന്നീ വാക്കുകള്‍ സംയോജിപ്പിച്ച് പ്രതിഷ്ഠാനത്തിനു 'ടോക്‌സിസിറ്റി' എന്ന പേരു നല്‍കിയത് അതിന്റെ ആശയം ഗൗരവത്തോടെ ശ്രദ്ധിക്കപ്പെടുന്നതിനാണെന്ന് ആവിഷ്‌കാരത്തിന്റെ സീനോഗ്രാഫറും പ്രൊഡക്ഷന്‍ മാനേജരുമായ ഐസക് സഹാനി ഡറ്റോ പറഞ്ഞു. നഗരപരിസരത്തെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തിന്റെ ദയനീയത ഇതില്‍ പ്രതിഫലിക്കുന്നു. ധനികനാട്ടിലെ ദരിദ്രരെ ഓഡിയോ, വിഡിയോ, ചിത്രങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയ സങ്കേതങ്ങളിലൂടെയാണ് ആവിഷ്‌കരിച്ചത്. ഇടപെടലുകളുടെ ചരിത്രപരമായ പരിണതി നഗരജീവിതത്തിനു സമ്മാനിച്ചത് നിശിതമായി ചോദ്യം ചെയ്യുന്ന 'ടോക്‌സിസിറ്റി' മുഖ്യമായും ലുബുംബാഷി നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയതെങ്കിലും ലോകത്തിലെ മുഴുവന്‍ നഗരങ്ങള്‍ക്കും പ്രസക്തമാകുന്നു.
പുനര്‍ജനിച്ച ഗോവന്‍ ഗ്രാമം
മുങ്ങിപ്പോയ ഗ്രാമത്തിന് അതിന്റെ തനിമയില്‍ കലാചാരുതയോടെ ബിനാലെയില്‍ പുനരാവിഷ്‌കാരം. ഗോവയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ സഹില്‍ നായിക്കിന്റെ 'ഓള്‍ ഈസ് വാട്ടര്‍ ആന്‍ഡ് ടു വാട്ടര്‍ വീ മസ്റ്റ് റിട്ടേണ്‍' എന്ന ശില്‍പവിദ്യയും സാങ്കേതികവിദ്യയും ഉള്‍ച്ചേര്‍ന്ന പ്രതിഷ്ഠാപനം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തതകളും ദുരിതങ്ങളും ലോകം നേരിടുന്ന കാലത്ത് ഓര്‍മപ്പെടുത്തലും താക്കീതുമായിരുന്നു.
1961ല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍നിന്ന് ഗോവ മോചിതമായി വൈകാതെ ആദ്യ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോദ്കര്‍ ആധുനികമായ അണക്കെട്ട് കമ്മിഷന്‍ ചെയ്തു. ഇരുപതോളം ഗ്രാമങ്ങളും ഏക്കര്‍കണക്കിനു കണ്ടലിന്റെ ഉള്‍പ്പെടെ കാടും പാടങ്ങളും ജലാശയങ്ങളും റിസര്‍വോയര്‍ മുക്കിക്കളയുമെന്ന ആശങ്കകള്‍ക്കിടയിലും ഡാം പണിയുകയായിരുന്നു. പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ പദ്ധതിപ്രദേശത്തെ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. മേഖലയാകെ പതുക്കെപ്പതുക്കെ വെള്ളത്തില്‍ മുങ്ങി.
ഗ്രാമീണര്‍ പലായനത്തിനു നിര്‍ബന്ധിതരായി. മുവ്വായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 1980കളില്‍ വേനല്‍ക്കാലത്ത് മേഖലയിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍, നേരത്തെ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളില്‍ ഒന്നായ കുര്‍ദി വീണ്ടും ദൃശ്യമായി. ഗ്രാമീണര്‍ പലരും പഴയ നാട്ടിലേക്കു തിരിച്ചെത്തി. പിന്നീട് ഓരോ വേനലിലും വെള്ളമൊഴിയുമ്പോള്‍ ചരിത്രപ്രധാന ഗ്രാമമായ കുര്‍ദിയിലേക്ക് നൂറുകണക്കിനു ഗ്രാമീണര്‍ മടങ്ങിയെത്തുന്നത് പതിവായി. തന്റെ അയല്‍പ്രദേശമായ കുര്‍ദിയിലെത്തി കലാകാരന്‍ സഹില്‍ നായിക് ജനങ്ങളുമായി അടുത്തിടപഴകി.
അവരുടെ വാമൊഴി ചരിതവും പാട്ടുകളും ശേഖരിച്ചു. അവിടുത്തെ പ്രകൃതി വിശദമായി രേഖപ്പെടുത്തി. സഹിലിന്റെ ഏഴുവര്‍ഷത്തെ നിരന്തരശ്രമത്തിന്റെ കലാപൂര്‍ണതയാണ് ബിനാലെയുടെ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുക്കിയ പ്രതിഷ്ഠാപനം.
മിന്‍ മ മയിങ്ങിൻ്റെ ദൃശ്യതയും പ്രവാസവും
പ്രാദേശികമായി സ്പ്രിങ് റെവല്യൂഷന്‍ എന്നറിയപ്പെടുന്ന 2021ലെ മ്യാന്‍മര്‍ പ്രക്ഷോഭകാലത്ത് പട്ടാളം തടങ്കലിലാക്കുന്നതില്‍നിന്ന് തന്നെ രക്ഷിച്ചത് ഇന്ത്യന്‍ കുടുംബമെന്ന് കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്ന സമകാലീന കലാകാരി മിന്‍ മ മയിങ്. മറ്റെവിടെ ആയിരിക്കുന്നതിലും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്നും ഫോര്‍ട്ടുകൊച്ചിയില്‍ ബിനാലെ വേദികളിലെത്തിയ അവര്‍ പറഞ്ഞു. 2021ലെ പട്ടാള അട്ടിമറിക്കുശേഷം മ്യാന്‍മറില്‍നിന്ന് പലായനത്തിന് നിര്‍ബന്ധിതയായ മിന്‍ മ മയിങ് അഭയം തേടിയ അമേരിക്കയില്‍നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ 'വീട്ടിലെന്ന പോലെ' എന്നാണ് സന്തോഷഭരിതയായി പ്രതികരിച്ചത്. കലാപ്രവര്‍ത്തകരെ പട്ടാളം തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്ന്, സ്പ്രിങ് റെവല്യൂഷന്‍ കാലം ഓര്‍മിച്ച് മിന്‍ മ മയിങ് പറയുന്നു. ഒടുവില്‍ ഇന്ത്യന്‍ കുടുംബം അഭയമേകി.
ഞാന്‍ അവരോട് ഇന്ത്യന്‍ വേഷവും നെറ്റിയില്‍ തൊടാന്‍ ഒരു പൊട്ടും തരാന്‍ അഭ്യര്‍ഥിച്ചു. പട്ടാളക്കാരില്‍നിന്ന് രക്ഷപ്പെടാന്‍ വേഷപ്രച്ഛന്നയാകുകയായിരുന്നു ലക്ഷ്യം. പട്ടാളം തിരച്ചിലിനെത്തിയപ്പോള്‍ ഞങ്ങള്‍ എട്ടുപേരില്‍ വേഷം മാറിയ എന്നെ മാത്രം സൈനികര്‍ തിരിച്ചറിഞ്ഞില്ല. എന്റെ കൂടെയുണ്ടായിരുന്ന ഏഴുപേരെയും സൈന്യം പിടികൂടി. മൂന്നു പതിറ്റാണ്ടോളമായി തുടരുന്ന പട്ടാള സ്വേച്ഛാധിപത്യത്തിന്റെയും പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ അസ്വസ്ഥതകളുടെയും ഫലമായി കലാപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പൊതുജനവും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പെടാപ്പാടു പെടുകയായാണെന്ന് മിന്‍ മ മയിങ് പറയുന്നു.
പലരും നാട്ടില്‍നിന്ന് പലായനം ചെയ്യുന്നു. പ്രവാസത്തിലായ ശേഷം ആളുകളോട് തുറന്നിടപഴകുന്നത്, ഒരു കാപ്പി കുടിക്കുന്നതും സംസാരിക്കുന്നതും ഇപ്പോള്‍ കൊച്ചിയിലെത്തിയപ്പോഴാണെന്ന് അവര്‍ പറഞ്ഞു. സൈനിക സ്വേച്ഛാധിപത്യത്തിന് ഇരകളായി രാജ്യത്തിനകത്തും പുറത്തും കഴിയുന്ന മ്യാന്‍മറുകാരെ സംബന്ധിച്ച പരസ്പരബന്ധിതമായ 'ബട്ട് ഇന്‍ മൈ ഡ്രീംസ്(2022 മുതല്‍ )', 'ഫേസസ് ഓഫ് ചേഞ്ചസ്' എന്നീ രണ്ടു പ്രൊജക്ടുകളാണ് ഫോട്ടോഗ്രാഫറായ മിന്‍ മ മയിങ്ങിന്റേതായി ബിനാലെയില്‍ അവതരിപ്പിച്ചത്.
വേദന പകര്‍ത്തി നീര്‍ജ കോത്താരി
'വേദനയില്‍ സാന്ത്വനവും അതില്‍നിന്നുള്ള രക്ഷാമാര്‍ഗവുമായി സര്‍ഗാത്മകതയെ കാണുന്ന എന്നെപ്പോലൊരു ആര്‍ട്ടിസ്റ്റിന് ഓരോ ദിവസവും കാഠിന്യത്തിന്റെയും പിടച്ചിലിന്റേതുമാണ്. ഇപ്പോള്‍ വേദന ജീവിതത്തിന്റെ ഭാഗമാക്കി അതിനൊപ്പം ഞാന്‍ ജീവിക്കുന്നു. കല ആവിഷ്‌കരിക്കുകയെന്നത് അഭയതാവളമാക്കി എന്നെത്തന്നെ പരിചരിക്കുകയെന്ന മുഴുസമയ ജോലിയില്‍നിന്ന് ഞാന്‍ വിടുതല്‍ നേടിയെടുക്കുകയാണ്. '- കൊച്ചി ബിനാലെയിലെ പ്രശസ്ത ആര്‍ട്ടിസ്റ്റ് ബംഗാള്‍ സ്വദേശിനി നീര്‍ജ കോത്താരി തന്റെ സൃഷ്ടികള്‍ക്ക് ആമുഖമായി പറഞ്ഞു. മോട്ടോര്‍ സെന്‍സറി ന്യൂറോപ്പതി അതിജീവിതയായ നീര്‍ജയുടെ ആവിഷ്‌കാരങ്ങള്‍ കുത്തുകളും വൃത്തങ്ങളും സംഖ്യകളും മുഖേനയാണ് സംവദിക്കുന്നത്. രോഗചികിത്സയുടെ നാളുകളിലേക്കും ബാല്യകാലത്തേക്കുമാണ് അതു നീര്‍ജയെ കൊണ്ടെത്തിച്ചത്. റീഹാബിലിറ്റേഷന്‍ കാലം അവര്‍ക്കു വ്യായാമങ്ങളുടെയും എണ്ണമെടുക്കലിന്റെയും സമയത്തിന്റെയും മാത്രമായിരുന്നു. കുട്ടിക്കാലമാകട്ടെ, സംഖ്യകളും കുത്തുകളും ഇടംപിടിച്ച കളികളുടേതും. ഇതെല്ലാമാണ് കൊച്ചി ബിനാലെയുടെ ആസ്പിന്‍വാള്‍ ഹൗസ് പ്രദര്‍ശനവേദിയില്‍ നീര്‍ജ കോത്താരി ഒരുക്കിയ ആവിഷ്‌കാരത്തില്‍ പ്രകാശിതമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."