മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്
മുഹമ്മദ്
പ്രഭുവിന്റെ വീട്ടിലെ ജീവിതം അവനു മടുത്തു. അര്‍ഹിക്കുന്ന വിലയും നിലയും ലഭിക്കുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഈ നിലയില്‍ തുടരാനാവില്ലെന്നു ചിന്തിച്ച് അവന്‍ പ്രഭുവിനോട് പറഞ്ഞു:
'ഞാന്‍ പോവുകയാണ്. ദേശാടനക്കിളികളെ പോലെ എവിടേക്കെങ്കിലും പോവുകയാണ്'.
പ്രഭുവിനു കാര്യം മനസിലായില്ല. നെറ്റിചുളിച്ച് അദ്ദേഹം ചോദിച്ചു: 'എന്താണു നീ പറയുന്നത്?'
'ഞാനിവിടം വിടുകയാണെന്ന്... ഈ വീട്ടില്‍ ഞാനൊരു ഉപകരണം മാത്രമാണല്ലോ. മനുഷ്യനെന്ന വിലപോലും എനിക്കു ലഭിക്കുന്നില്ല'.
'ഇവിടംവിട്ടാല്‍ വില കിട്ടുമോ?'
'കിട്ടും..'
'അതെങ്ങനെ..?'
'അങ്ങ് പൂവന്‍കോഴിയെ ശ്രദ്ധിച്ചിട്ടില്ലേ... അതിന്റെ ശിരസില്‍ പൂ കാണാം. സൗന്ദര്യത്തിന്റെ ചിഹ്നമാണത്. അതിന്റെ കാലിലെ കൂര്‍ത്ത നഖം കണ്ടിട്ടില്ലേ. ശക്തിയെയാണതു സൂചിപ്പിക്കുന്നത്. ഏതു ശത്രുവിനു മുന്നിലും ഉറച്ചുനില്‍ക്കുന്ന സ്വഭാവം നിരീക്ഷിച്ചിട്ടില്ലേ... ധീരതയാണതു കാണിക്കുന്നത്.
ഭക്ഷണം കിട്ടിയാല്‍ പ്രത്യേകതരം ശബ്ദമുണ്ടാക്കി മറ്റു കോഴികളെ ക്ഷണിക്കുന്നതു കണ്ടിട്ടില്ലേ... നിസ്വാര്‍ഥതയ്ക്കുള്ള തെളിവാണത്. എന്നും വെളുപ്പിനു മനുഷ്യരെ വിളിച്ചുണര്‍ത്തുന്നതു കേട്ടിട്ടില്ലേ... സത്യസന്ധതയ്ക്കും കൃത്യനിഷ്ഠതയ്ക്കുമുള്ള പ്രമാണമാണത്. ഇങ്ങനെ നിരവധിയായ ഗുണങ്ങളുണ്ടായിട്ടും അത് അറുക്കപ്പെടുന്നു. പല പ്രകാരത്തില്‍ പാചകം ചെയ്യപ്പെടുന്നു. ആവേശപൂര്‍വം ഭക്ഷിക്കപ്പെടുന്നു. കാരണം, മനുഷ്യന്റെ കൈപിടിയിലൊതുങ്ങുന്ന ജീവിയാണത്. നാടൊട്ടുക്കും യഥേഷ്ടമുണ്ടുതാനും.
അതേസമയം, ദേശാടനപ്പക്ഷിയെ നോക്കൂ. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് അതു സഞ്ചരിക്കും. അങ്ങയുടെ പറമ്പില്‍ വിരുന്നെത്തിയാല്‍ കുളത്തിലെ മത്സ്യങ്ങളെയും മറ്റും കൊത്തിത്തിന്നും. പൂവന്‍കോഴിക്കു പറഞ്ഞത്ര പ്രത്യേകതകളൊന്നും അതിനില്ലതാനും. എന്നാലും അതിനെ നോവിക്കാന്‍ ആരും സന്നദ്ധമാകാറില്ല. നോവിക്കില്ലെന്നു മാത്രമല്ല, നോവേല്‍ക്കുന്ന സാഹചര്യങ്ങളില്‍നിന്ന് അതിനെ മോചിപ്പിക്കുകയും ചെയ്യും. കാരണം, കൈപിടിയിലൊതുങ്ങാത്ത ജീവിയാണത്. കോഴികളെ പോലെ യഥേഷ്ടം കാണപ്പെടാറുമില്ല. ഒരു സ്ഥലത്തു മാത്രം ഒതുങ്ങിക്കൂടുന്ന സ്വഭാവവുമില്ലതിന്. എവിടെയും ഒരു വിരുന്നുകാരെ പോലെയിരിക്കും'.
മുല്ലയ്ക്ക് എത്ര മണമുണ്ടെങ്കിലും സ്വന്തം മുറ്റത്താകുമ്പോള്‍ മണം കുറയും. എന്നാല്‍ മുറ്റത്തും മണമുള്ള മുല്ലയാവാനുള്ള മാര്‍ഗം അപൂര്‍വമായിരിക്കുക എന്നതാണ്. എന്നും ഒരേ വ്യക്തിയായി നിലകൊള്ളുന്നതിനു പകരം ഓരോ ദിവസവും പുതിയ വ്യക്തിയായി ജനിച്ചുകൊണ്ടേയിരിക്കുക. എല്ലാവരെയുംപോലെ ഒരാള്‍ എന്നതിനു പകരം ആരെയും പോലെയല്ലാത്ത ഒരാളായി മാറുക. എന്നും കാണുന്നവര്‍ക്കിടയില്‍ ഒതുങ്ങുന്നതിനു പകരം എന്നും കാണാത്തവര്‍ക്കിടയില്‍ വിരുന്നുകാരാവുക. മാറിക്കൊണ്ടേയിരിക്കുക. എന്നും ഒന്നുതന്നെ ചെയ്യുന്നതിനു പകരം ഓരോ ദിവസവും ഓരോ കൗതുകങ്ങള്‍ സൃഷ്ടിക്കുക.
എന്നും പുതിയൊരാളായി ജനിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ അതിമാനുഷനായിരിക്കും. പുതിയതിനാണ് എവിടെയും വിലയുണ്ടാവുക. ജനിച്ച ദിവസത്തെ കുഞ്ഞിനു കിട്ടുന്ന പരിഗണനയും പരിലാളനയും എത്രയാണെന്നു ചിന്തിച്ചുനോക്കൂ. എന്നും കാണുന്ന പെണ്ണ് ഒരുനാള്‍ പുതുപ്പെണ്ണായി മാറിയാല്‍ അവള്‍ ശ്രദ്ധേയയാവുന്നതു ശ്രദ്ധിച്ചിട്ടില്ലേ. വലിയ സദ്യകള്‍ വിളമ്പിയാണ് ആളുകള്‍ പുതിയ വീട്ടിലേക്കു താമസം മാറാറുള്ളത്. പുതിയ വാഹനം കൈയില്‍ കിട്ടുന്ന ദിവസം മനസിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
കുല്ലു ജദീദിന്‍ ലദീദ് എന്നാണു മൊഴി. പുതിയതേതും രുചികരമായിരിക്കും. ദിവസങ്ങള്‍ കഴിയുംതോറും പഴയ മനുഷ്യനായി മാറുന്നതിനു പകരം ഓരോ ദിവസവും പുതിയ മനുഷ്യനായി ജനിക്കുമ്പോള്‍ നിങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടേയിരിക്കും. ഉറക്കില്‍നിന്ന് ഉണരുകയല്ല, മരണത്തില്‍നിന്ന് പുതുജന്മത്തിലേക്കു കടന്നുവരികയാണ് ദിവസവും അതിനു ചെയ്യേണ്ടത്. ഉറക്കില്‍നിന്ന് ഉണരുമ്പോള്‍ നിങ്ങള്‍ ഇന്നലത്തേതിന്റെ തുടര്‍ച്ചയായി മാറുന്നു. മരണത്തില്‍നിന്ന് ഉണരുമ്പോള്‍ നിങ്ങള്‍ പുതുതായി ജനിക്കുന്നു. പുതുതായി ജനിച്ചവര്‍ക്കു പ്രത്യേക പരിഗണന കിട്ടും. നാട്ടില്‍ മാത്രമല്ല, വീട്ടിലും വീട്ടറയിലും വരെ.
സ്വന്തം കഴിവുകളുമായി ഒരിടത്ത് ഒതുങ്ങുമ്പോള്‍ ചുറ്റിലുമുള്ളവര്‍ക്കു നിങ്ങള്‍ കൗതുക പുരുഷനല്ലാതായി മാറുന്നു. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിലയും നിലയും മാത്രമേ പിന്നീട് നിങ്ങള്‍ക്കും ലഭിക്കുകയുള്ളൂ. പതിനാലാം രാവിലെ പൗര്‍ണിക്കു പ്രത്യേക പരിഗണനയാണ്. കാരണം അതെന്നും കാണപ്പെടാത്ത വിസ്മയമാണ്. എന്നും കാണുന്ന സൂര്യന് ആളുകള്‍ക്കിടയില്‍ വിലയില്ല. എന്നാല്‍ ഗ്രഹണം ബാധിച്ച സൂര്യനെ കാണാന്‍ അവര്‍ക്ക് ആവേശമാണ്. അത് അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണെന്നതുതന്നെ കാരണം. വാഹനങ്ങള്‍ക്കിടയില്‍ വിമാനത്തെ വേഗം ശ്രദ്ധിക്കും. കാരണം, മറ്റു വാഹനങ്ങളെ പോലെ എളുപ്പത്തില്‍ കാണപ്പെടാറുള്ളതല്ലത്. കല്ലുകള്‍ക്കിടയില്‍ മാണിക്യക്കല്ലിനു പ്രത്യേകത ലഭിക്കുന്നതെന്തു കൊണ്ടാണ്? അതിന്റെ അപൂര്‍വതതന്നെ കാരണം.
ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് അപൂര്‍വ മനുഷ്യനാവാന്‍ കഴിയുമോ? ആ അപൂര്‍വത ദിവസേന നിലനിര്‍ത്താന്‍ കഴിയുമോ? എങ്കില്‍ മുറ്റത്തും നിങ്ങള്‍ മണമുള്ള മുല്ലയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."