താൻ പോരിമ പറയാതെ ഒരു പുസ്തകം
ടി.പി ചെറൂപ്പ
ജീവിതമെഴുത്തിനും ജീവിതം പറച്ചിലിനും ഏറെ പ്രാധാന്യമുള്ള കാലമാണിത്. ചെറുതും വലുതുമായ ജീവിതങ്ങൾ വലിയ രീതിയിൽ പറയപ്പെടുന്ന കാലം. അച്ചടിച്ചു വരുന്ന കൃതികളിൽ സിംഹഭാഗവും ജീവിതങ്ങളായി മാറിയിരിക്കുന്നു.
വ്യക്തികളെക്കുറിച്ച് അറിയാനുള്ള അനുവാചക ത്വര, ജീവിതങ്ങൾ കൂടുതൽ വായിക്കപ്പെടാൻ കാരണമായിത്തീർന്നിട്ടുണ്ട്. എഴുതിയതും എഴുതിച്ചതുമായ പലരുടെയും ജീവിതാനുഭവങ്ങളാൽ സമ്പന്നമാണ് വിശേഷിച്ച്, മലയാളത്തിന്റെ പുസ്തക വിപണി ഇപ്പോൾ.
ഏറെകാലം കേരളത്തിന്റെ വ്യവസായ- പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെ കർമമണ്ഡലം ആസ്പദമാക്കി വിപണിയിലെത്തിയ കോഫി ടേബിൾ പുസ്തകമാണ് 'ആയിരം വഴിത്തിരിവുകൾ'. ഒരു പാലം പണിയുടെ പേരിൽ വിവാദമുണ്ടാക്കി പകപോക്കൽ രാഷ്ട്രീയത്തിന്റെ ഇരയാക്കി മാറ്റപ്പെട്ട ഒരാൾ, താൻ ഭരണാധികാരിയായ കാലത്തിന്റെ വികസനത്തുടിപ്പുകൾ വിശകലനം ചെയ്യുന്നതാണ് ഈ പുസ്തകം. കഥാകൃത്തും മാതൃഭുമി ആഴ്ചപ്പതിപ്പ് പത്രാധിപരുമായ സുഭാഷ് ചന്ദ്രനാണ് ആയിരം വഴിത്തിരിവുകളുടെ മുഖവുര എഴുതിയിരിക്കുന്നത്. പുസ്തകത്തിന് ഇങ്ങനെയൊരു പേരിട്ടതും സുഭാഷ് ചന്ദ്രനാണ്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന്, സ്വന്തം ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത അനുഭവമാണ്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് മായനാട്ട് ഒഴുക്കരയിലാണ് എറണാകുളം കടുങ്ങല്ലൂരുകാരൻ സുഭാഷ് ചന്ദ്രൻ താമസിക്കുന്നത്. ഇടുങ്ങിയ വഴിയുള്ള ഒരു കുന്നത്ത്. മഴക്കാലത്ത് ഒഴുക്കുവെള്ളം കുത്തിയൊലിച്ചെത്തുന്ന ഇടുങ്ങിയ വഴിയറ്റത്ത്.
ഒരിക്കൽ സുഭാഷ് ചന്ദ്രന്റെ വീട്ടിൽ വന്ന ബന്ധു, സോപ്പേട്ടൻ പറഞ്ഞു: നമുക്ക് ഈ കുണ്ടനിടവഴി ഒന്ന് നന്നാക്കി ഗതാഗത യോഗ്യമാക്കണം. മന്ത്രി ഇബ്രാഹിം കുഞ്ഞിനോട് പറയാം'.
കോഴിക്കോട്ടുള്ള തന്റെ ഊടുവഴിക്ക് കളമശ്ശേരിയിൽനിന്ന് ജയിച്ച ഇബ്രാഹിം കുഞ്ഞിന് എന്തുചെയ്യാൻ കഴിയുമെന്നായി സുഭാഷ് ചന്ദ്രൻ. ജയിച്ചത് ഇവിടുന്നല്ലെങ്കിലും സംസ്ഥാനത്ത് എവിടെയും റോഡുണ്ടാക്കിക്കൊടുക്കാൻ കഴിയും മന്ത്രിക്ക് എന്നായി സോപ്പേട്ടൻ.
കേന്ദ്ര സാഹിത്യ അക്കാദമി, വയലാർ, അവാർഡുകൾ നേടിയ വകയിൽ സുഭാഷ് ചന്ദ്രന് ജൻമനാട്ടിൽ ഒരു സ്വീകരണം ഏർപ്പെടുത്തുന്നത് ഈ സന്ദർഭത്തിലാണ്. പ്രധാന സാന്നിധ്യം പൊതുമരാമത്ത് വകുപ്പുമന്ത്രി ഇബ്രാഹിം കുഞ്ഞ്! വേദിയിൽ ഇരുവരും ഒന്നിച്ചിരിക്കവേ സോപ്പേട്ടൻ കയറി വന്നു: ഇവന്റെ വീട്ടിലേക്കുള്ള റോഡ് ശരിപ്പെടുത്തിക്കൊടുക്കാമെന്ന് ഞാൻ വാക്കുകൊടുത്തു. ഇനി എന്താണെന്നു വച്ചാൽ ദാ നേരിട്ടു പറഞ്ഞേക്ക്'.
അധികം വൈകാതെ ഒരു ദിവസം, സുഭാഷ് മുറ്റത്ത് ചെടി നനച്ചു കൊണ്ടിരിക്കെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരു ജീപ്പ് വരുന്നു. എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ. ഒരു ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് റോഡ് അവർ തീരുമാനമാക്കിക്കഴിഞ്ഞിരുന്നു. കടമ്പകൾ വേഗം പമ്പ കടന്നു. തുടർന്നുള്ള കാര്യങ്ങൾ സുഭാഷ് ചന്ദ്രന്റെ ഭാഷയിൽ തന്നെ കേൾക്കാം:
പിന്നീടെല്ലാം ഇടിപിടിയെന്ന് നടന്നു.
ജെ.സി.ബികളും ലോറികളും പണിക്കാരും നിരന്ന് ആ ചെറിയ ഇടവഴി ഉത്സവപ്പറമ്പുപോലെ ഉണർന്നു. എട്ടിഞ്ച് കനമുള്ള കോൺക്രീറ്റ് കട്ടകൾ വന്നു, ചില്ലി മെറ്റൽ, മിഠായി മഴപോലെ ചൊരിഞ്ഞു. കണ്ണടച്ചു തുറക്കും മുമ്പെന്നോണം എന്റെ വീട്ടിലേക്കുള്ള വഴി, കൂറ്റൻ തമിഴൻ ലോറികൾക്കു പോലും സുഗമമായി കയറിയിറങ്ങാവുന്ന കിടിലൻ റോഡായി പരിണമിച്ചു'.
സുഭാഷ് ചന്ദ്രന്റേതു പോലെ സമാനമായ ഒരനുഭവം ഇവിടെ ചേർക്കുകയാണ്. നമ്മൾ സദാ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നവരിൽ ഏറെ നന്മയുണ്ടെന്ന പഠനത്തിന് ഉപകരിക്കും അതെന്ന ബോധ്യത്തോടെ:
ഒരു മീറ്റിങ് കഴിഞ്ഞ് എന്നെ വീട്ടിലെത്തിക്കാൻ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ ബാവ എന്റെ വീട്ടിലേക്ക് വരുന്നു. അദ്ദേഹത്തിന്റെ കാറ് സാഹസപ്പെട്ടാണ് വീട്ടിലേക്കുള്ള റോഡിലൂടെ ഉരുളുന്നത്. കുറേ നേരത്തേക്ക് നിശബ്ദനായ അദ്ദേഹം ചോദിച്ചു: ഈ റോഡ് എന്താ ഇങ്ങനെ. നിങ്ങൾക്ക് എല്ലാവരെയും പരിചയമുണ്ടല്ലോ. ആരോടെങ്കിലും പറഞ്ഞോ ?'.
ഞാൻ പറഞ്ഞു: ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി. ഉള്ളതു കൊണ്ട് പൊരുത്തപ്പെട്ടു'.
രണ്ടാഴ്ച കഴിഞ്ഞ് എറണാകുളത്ത് ചന്ദ്രികയുടെ ഗവേണിങ് ബോഡി മീറ്റിങ്. മന്ത്രി ഇബ്രാഹിം കുഞ്ഞാണ് അധ്യക്ഷൻ. യോഗം തുടങ്ങുംമുമ്പേ ബാവ സാഹിബ് പറഞ്ഞു: ഞാൻ കഴിഞ്ഞദിവസം ചെറൂപ്പയുടെ വീട്ടിൽ പോയി. ആ റോഡിന്റെ കഥ പറയേണ്ട...'.
ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ സ്വതസിദ്ധമായ പതിഞ്ഞ ആ നോട്ടം എന്നെയൊന്ന് നാണിപ്പിച്ചു. പിന്നെ പറഞ്ഞു: ഒരു അപേക്ഷ താ....'.
അപ്പോൾ തന്നെ ഒരു വെള്ളക്കടലാസിൽ അപേക്ഷ. പിന്നെ പഞ്ചായത്താപ്പീസിൽ നിന്ന് കുറച്ചു കടലാസുകൾ.
ഒന്നര മാസം കൊണ്ട്, വയലിൽ നിന്ന് ഒന്നൊന്നര ആൾ ഉയരത്തിൽ കെട്ടിപ്പൊക്കി അത്യുഗ്രൻ റോഡ്. പൊൻപറക്കുന്നിന്റെ ചാരത്തുള്ള പച്ച വിരിച്ച എന്റെ ഗ്രാമം ഇന്ന് കശ്മിർ താഴ്‌വര പോലെ സുന്ദരം.
പി.ഡബ്ല്യു.ഡി മന്ത്രിയായിരിക്കെ താൻപോരിമ പറയാതെ, സംസ്ഥാനത്ത് നടത്തിയ അനേക കോടികളുടെ വികസന പ്രവർത്തനങ്ങളുടെ നിശ്ചല ചിത്രങ്ങളാണ് ആയിരം വഴിത്തിരിവുകൾ എന്ന പുസ്തകത്തിന്റെ ജീവൻ. ഓരോ ഫ്രെയിമിലും തന്റെ സാന്നിധ്യം കൊണ്ട് അവയ്ക്ക് മികവു നൽകുന്നുണ്ട് കേരളത്തിന്റെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.
ചിത്രവിന്യാസകല ഭംഗിയായി നിർവഹിച്ചു സീയം സുമേഷ്. വിനയ തേജസ്വി സാജന്റെ മുഖചിത്ര വിന്യാസവും മികച്ചതായി. കെ.എ ശുഹൈബിന്റെയും കെ.എസ് സാജന്റെയും ചിത്രഗവേഷണ പ്രവൃത്തിയാണ് ഈ പുസ്തകത്തിന്റെ കോഫി ടേബിൾ കാമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."