നോമ്പനുഭവങ്ങളിലെ പ്രതാപം
എന്‍.എസ് അബ്ദുല്‍ ഹമീദ്
രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചെങ്കോട്ട മുതല്‍ ചാന്ദിനി ചൗക്ക് വരെ പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉദ്ദേശിച്ചിരുന്നു. വെകീട്ട് ഏഴ് മണിക്കാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുക എന്ന് അറിയിപ്പുണ്ടായിരുന്നു. ടി.
എന്‍ പ്രതാപന്‍ ആറര മണിക്ക് തന്നെ ചെങ്കോട്ടയുടെ പരിസരത്തെത്തി. സമയം 6.39. ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ബാങ്കൊലി ഉയര്‍ന്നു.
കൈയില്‍ കരുതിയിരുന്ന ഈത്തപ്പഴവും കരിക്കിന്‍ വെള്ളവും ഉപയോഗിച്ച് പ്രതാപന്‍ നോമ്പ് തുറക്കുകയാണ്. കഴിഞ്ഞ മുപ്പത്തെട്ട് വര്‍ഷമായി റമദാനില്‍ പ്രതാപന്‍ മുപ്പത് ദിവസവും നോമ്പുകാരനാണ്. പരിപാടികളും പ്രതിഷേധങ്ങളും എന്തുമാകട്ടെ, അദ്ദേഹത്തിന്റെ ചിട്ടകളും ചട്ടങ്ങളുമുള്ള നോമ്പുകാലം കൗതുകം നിറഞ്ഞ ഒന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടി.എന്‍ പ്രതാപന്റെ കൂടെ നോമ്പുകാലത്തുള്ള സഹജീവിതം ഈ ആശ്ചര്യങ്ങളെയൊക്കെ ഒരു ശീലമാക്കിയിട്ടുണ്ട്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന ടി.എന്‍ പ്രതാപന്‍. സഹപാഠികള്‍ ഗഫൂറും അഷ്‌റഫും. അഷ്‌റഫ്, തളിക്കുളം ജമാഅത്ത് പള്ളിയുടെ മുതവല്ലിയുടെ മകനാണ്. ഗഫൂറിന്റെ ഉപ്പ തോളില്‍ കാപും കോട്ടയും ചുമന്ന് പച്ച മത്സ്യം വില്‍ക്കുന്നു. തീരദേശത്തെ മതസൗഹാര്‍ദം തെളിനീരുപോലെ നിറഞ്ഞൊഴുകുന്ന സുവര്‍ണ കാലം. അയൽപ്പക്കത്തെ വിശപ്പ് സ്വന്തം വിശപ്പായി കണ്ടും സങ്കടങ്ങളും സന്തോഷങ്ങളും ആചാര-ആഘോഷങ്ങളും ഒന്നിച്ച് പങ്കുവയ്ക്കുന്ന പച്ചമനുഷ്യരുടെ നന്മയില്‍ വിഷം കലരാത്ത തെളിഞ്ഞ കാലം.
ആ കാലത്തിന്റെ നന്മയിലൂടെ നടന്ന് വരുന്ന ഈ കുട്ടിക്ക് ഗഫൂറിന്റെയും അഷ്‌റഫിന്റെയും കൃത്യതയാര്‍ന്ന റമദാന്‍ മാസക്കാല വൃതാനുഭവത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തത് സ്വാഭാവികം. സ്‌കൂളിലെ 'നെല്ലിക്കമ്മായി'യുടെ ഉപ്പും നെല്ലിക്കയും സ്‌കൂള്‍ കിണറ്റിലെ വെള്ളവും വല്ലപ്പോഴും അഷ്‌റഫിന്റെ ചോറ്റ് പാത്രത്തിലെ പങ്കുമായിരുന്നു പ്രതാപന്റെ ഉച്ചഭക്ഷണം. മിക്കദിവസവും അഷ്‌റഫ് പ്രതാപനെയും കൂട്ടിയാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. റമദാന്‍ മാസക്കാലത്ത് അഷ്‌റഫിന്റെ ഈ ചോറുണ്ടാവില്ല. ഒരിക്കല്‍ പ്രതാപന്‍ അതേകുറിച്ച് അഷ്‌റഫിനോട് ചോദിച്ചു. 'നോമ്പുകാലമല്ലേ, പകല്‍ നമ്മള്‍ ഭക്ഷണം കഴിക്കില്ല'- അഷ്‌റഫ് പ്രതാപനോട് നോമ്പിനെ കുറിച്ചുപറഞ്ഞു.
ഉറ്റമിത്രങ്ങളുടെ അന്നപാനീയ വർജനം സൗഹൃദത്തിന്റെ ഓരത്തിരുന്ന് ഞാനും അനുഭവിക്കുകയാണെന്ന് പ്രതാപന്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറയുന്നുണ്ട്. അയൽപക്കത്തെ രാവിയുമ്മയുടെ ജീരകക്കഞ്ഞിയും പത്തിരിയും മീന്‍കറിയും നോമ്പു കാല ചീരണിയായി സ്വീകരിക്കാറുള്ള കാളിക്കുട്ടിയമ്മ മകനെ ചേര്‍ത്തുപിടിച്ചു. കൂടെയുള്ളവരുടെ മനസും ജീവിതവും മനസിലാക്കാനും അവരുടെ സന്തോഷ സന്താപങ്ങളില്‍ പങ്കുചേരാനും മാത്രം അവന്‍ വലുതായതില്‍ അഭിമാനമായിരിക്കണം അന്നേരം ആ അമ്മയുടെ മനസില്‍.
സ്‌നേഹത്തിന്റെ തണലില്‍ പ്രതാപന്‍ സൗഹൃദത്തിന്റെ ഹൃദയം പങ്കുവയ്ക്കാന്‍ ശീലിച്ചു. ആ എട്ടാം ക്ലാസുകാരന്‍ പിന്നീട് റമദാന്‍ നോമ്പ് ഒരു സപര്യയാക്കി. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പരമാവധി നോമ്പും നോല്‍ക്കാനാരംഭിച്ചു. കെ.എസ്.യു ജില്ലാ-സംസ്ഥാന നേതാവായിരിക്കെയും പിന്നീട് യുവജന രാഷ്ട്രീയത്തില്‍ തിരക്കുള്ള നേതാവായപ്പോഴുമെല്ലാം പഴയ ആ സൗഹൃദത്തിന്റെ നന്മയില്‍, അന്നത്തെ പങ്കുവയ്ക്കലിനോടുള്ള കൃതജ്ഞതയുടെ പേരില്‍, ആത്മബന്ധങ്ങളുടെ ആഴം നല്‍കിയ പ്രചോദനത്തില്‍ പ്രതാപന്‍ നോമ്പനുഷ്ഠാനം തുടര്‍ന്ന്. പതുക്കെ നോമ്പിന്റെ പ്രത്യേകതകളും വിശ്വാസികളുടെ സമീപനവും ഇല്ലാത്തവര്‍ക്ക് നോമ്പു നല്‍കുന്ന ഗുണങ്ങളും പതിയെ പ്രതാപന്‍ നിരീക്ഷിച്ചും വായിച്ചും സംഭാഷങ്ങളിലൂടെയും ഉള്‍ക്കൊണ്ടു.
ഒരു സത്യവിശ്വാസിയുടെ നോമ്പും അതിന്റെ ആത്മീയ ചൈതന്യവും അതിലൂടെ അവന്‍ ആർജിക്കുന്ന പ്രതിഫലങ്ങളും അഭൗമമായ അനുഭൂതികളുമൊന്നും തന്നെ തനിക്ക് വന്നുചേരില്ലെന്നറിഞ്ഞിട്ടും തന്റേതായ വഴിയില്‍, തന്റേതായ അന്വേഷണങ്ങളിലൂടെ നോമ്പിന്റെയും അതിന്റെ അന്തഃസത്തയുടെയും ആത്മീയമായ പൊരുളുകളുടെയും വെളിച്ചം തേടുകയായിരുന്നു പ്രതാപന്‍. 'എന്റെ നോമ്പുകാലം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവിതപാഠമാണ്. നോമ്പ് കൊണ്ടുദ്ദേശിക്കുന്ന പല ചിട്ടകളും വിശ്വാസികള്‍ തന്നെ മറന്ന ഒരു കാലത്ത് ഞാന്‍ അവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അങ്ങനെ തേടിപ്പിടിക്കുന്ന പൊരുളുകളില്‍ പലതും കണിശമായി ജീവിതത്തിന്റെ ഭാഗമാക്കുന്നുമുണ്ട്'- ടി.എന്‍ പ്രതാപന്‍ പറയുന്നു.
ടി.എന്‍ പ്രതാപന്റെ കൂടെ നിയമസഭാ സാമാജികനായിരുന്ന കെ.എം ഷാജിയുടെ ഒരു പ്രസംഗം ഈയടുത്ത് സമൂഹമാധ്യമങ്ങളിലെവിടെയോ കേള്‍ക്കാനിടയായി. നോമ്പുകാലത്തെ ഭക്ഷണത്തിലെ മിതത്വത്തെ കുറിച്ചാണ് സംസാരം. മാതൃകയാക്കേണ്ടത് പ്രതാപനെയാണെന്ന് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലില്‍ ഒരുമിച്ചിരുന്ന് നോമ്പു തുറന്ന, അത്താഴം കഴിച്ച അനുഭവമുള്ള ഷാജി പ്രസംഗിക്കുന്നത് രസകരമായ, ചിന്തിപ്പിക്കുന്ന അനുഭവമാണെന്ന് തോന്നി. കേട്ടതിനേക്കാള്‍ കൃത്യതയുള്ള പ്രതാപന്റെ നോമ്പുകാലം ഇപ്പോള്‍ നേരിട്ടു കണ്ടറിയുന്നുണ്ട്.
സുബ്ഹി വാങ്കു കൊടുക്കുന്നത് എപ്പോഴെന്നു നോക്കി അതിനുമുന്നെ എഴുന്നേല്‍ക്കും. മൂന്ന് ഈത്തപ്പഴം, കരിക്ക് വെള്ളമോ അതിന്റെ കഴമ്പ് ചേര്‍ത്തുണ്ടാക്കിയ ജ്യൂസോ, ഒരു റോബസ്റ്റ് പഴമോ കഴിക്കും. അത്താഴം അതാണ്. പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോള്‍ മാത്രമാണല്ലോ അദ്ദേഹം ഡല്‍ഹിയിലുള്ളത്. ഈയിടെയായി സെഷന്‍ മുഴുവന്‍ പ്രക്ഷുബ്ധമാണ്. പ്രതിപക്ഷ നിരയില്‍ ഏറ്റവും ഉത്സാഹിയായ സമരക്കാരനാണ് പ്രതാപനെന്ന് എല്ലാവരും സമ്മതിക്കും. അതാണ് സഭയിലെ പെര്‍ഫോമെന്‍സ്. മുദ്രാവാക്യവും പ്രതിഷേധവുമായി സഭയിലും പൊലിസിനോട് മല്ലിട്ട് തെരുവിലും സജീവമാകുന്ന പ്രതാപനോട് ഇത്രയും പോരാ അത്താഴമെന്ന് ഒരു ദിവസം ഞാന്‍ പറഞ്ഞു. 'ഇതുതന്നെ അധികമാണ്. ഈ കഴിക്കുന്നതിന്റെ പിന്‍ബലത്തിലല്ല ഞാന്‍ ഒച്ചയിടുന്നതും പൊലിസിനോട് മല്‍പ്പിടുത്തം നടത്തുന്നതുമൊക്കെ. എന്റെ ആരോഗ്യവും ഊർജവുമൊക്കെ നോമ്പു തന്നെയാണ്. അത്താഴം കഴിക്കുന്നത് നോമ്പ് എടുക്കുന്നതിന്റെ മര്യാദ പൂര്‍ത്തിയാകാനാണ്'. ഇത്രയും പറഞ്ഞ് പ്രതാപന്‍ തന്റെ മുറിയിലേക്ക് തിരിച്ചു നടന്നു. ഇനി വായനയും എഴുത്തും. സൂര്യന്‍ ഉദിക്കുന്നതോടെ ചെറിയ യോഗ പരിശീലനം.
പാര്‍ലമെന്റോ നാട്ടില്‍ ചെന്നാല്‍ പൊതുപരിപാടികളോ ഒന്നും കുറയുന്നില്ല. എല്ലാം പതിവുപോലെ നടക്കും. നോമ്പ് തുറന്നാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ഗ്രീന്‍ സാലഡ് കഴിക്കും. പച്ചക്കറി നുറുക്കിയത്. വളരെ അപൂര്‍വമായി എപ്പോഴെങ്കിലും ഒരു ഗ്ലാസ് കഞ്ഞിയും. അത്രയേയുള്ളൂ. തീ തൊടാത്ത, എണ്ണയില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. മിത ഭക്ഷണം, മിത ഭാഷണം, സൂക്ഷ്മത, ദൈവ സമര്‍പ്പണം, സ്വയം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍, മറ്റുള്ളവരെ അറിയാനുള്ള മനസ് രൂപപ്പെടുത്തല്‍, ഉൾക്കൊള്ളൽ, ദയ തുടങ്ങി ഒരു സത്യവിശ്വാസിയുടെ നോമ്പു ശൈലി നീണ്ടുപോകുന്നു. പ്രതാപന്‍ ഇതെല്ലം മനസിലാക്കുന്നുണ്ട്. സമരങ്ങളൊഴിച്ചാല്‍ സംസാരം കുറവാണ്; ശബ്ദവും വാക്കുകളും. നോമ്പുകാലത്തെ സമര പരിപാടികളിലും നോമ്പിന്റെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.
വിശ്വാസിക്ക് നോമ്പ് മറ്റുള്ള ആരാധനകള്‍ പോലെയല്ല. ഇത് അവനും സ്രഷ്ടാവും തമ്മിലുള്ള രഹസ്യാത്മകമായ ആരാധനയാണ്. പടച്ചവനിേലക്ക് നന്മ നിറഞ്ഞ ജീവിതം കൊണ്ട് അടുക്കാനുള്ള സന്ദര്‍ഭമാണ്. അദ്ദേഹത്തിനോ? നോമ്പ് എന്താണ്? എട്ടാം ക്ലാസിലെ സൗഹൃദത്തില്‍ നിന്ന് തുടങ്ങി ഇത്രയും വർഷം കൊണ്ട് നോമ്പ് എന്തായി മാറി? നോമ്പ് പ്രതാപനെ എന്താക്കി മാറ്റി?
'മുപ്പത്തെട്ടു വര്‍ഷമായി റമദാനിലെ ഒറ്റ നോമ്പും ഞാന്‍ നഷ്ടപ്പെടുത്താറില്ല. സാധാരണ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആത്മീയമായ പ്രതിഫലം എനിക്കു ലഭിക്കില്ലെന്നറിയാം. അതാഗ്രഹിക്കുന്നതും നീതിയല്ലലോ. എന്നാല്‍ നോമ്പിന്റെ ഒരു സാര്‍വത്രിക പ്രഭാവം എനിക്കനുഭവമാണ്. അതിന്റെ സ്വാധീനം ഞാന്‍ കൃത്യമായി മനസിലാക്കിയതാണ്. സ്വയം ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല വഴിയാണത്. അകമെയും പുറമെയും നമ്മള്‍ സ്ഫുടം ചെയ്യപ്പെടുമെന്നത് തീര്‍ച്ചയാണ്. ഓര്‍മവച്ച കാലം മുതലേയുള്ള ഏറ്റവും തീക്ഷ്ണമായ ഓർമ വിശപ്പിന്റേതാണ്. അതെനിക്ക് നന്നായി അറിയാം. കാലം മാറിയപ്പോള്‍ പഴയ പട്ടിണിയും ദാരിദ്ര്യവുമൊക്കെ കുറേയധികം ഇല്ലാതായി. അന്നത്തെ സാമൂഹിക സാഹചര്യങ്ങളൊക്കെ മാറിപ്പോയി.
എങ്കിലും നോമ്പുകാലം, അത് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നതാണ്. നോമ്പ് എനിക്ക് മിതത്വമാണ്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മിതത്വം കൊണ്ട് പരിഹൃതമാകും എന്നത് ഒരു സത്യമാണ്. എന്റെ അനുഭവം അതാണ്. ഒപ്പം, സ്വയം കണ്ടെത്താനുള്ള ശ്രമത്തില്‍ ഈ വ്രതാനുഷ്ഠാനം നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും കരുത്തും ചെറുതല്ല'- പ്രതാപന്റെ വാക്കുകളില്‍ ഒരു സംതൃപ്തിയുണ്ട്. ദുബലമായ വിചാര വികാരങ്ങളെ നിയന്ത്രിക്കാന്‍ മാത്രം വ്രതാനുഷ്ഠാനത്തിലൂടെ ത്രാണി നേടിയ ഒരാളുടെ ആത്മവിശ്വാസമാണിതെന്ന് അദ്ദേഹം പറയുന്നു.
എടുത്തുചാട്ടം, അസൂയ, അര്‍ഹിക്കാത്തത് ആഗ്രഹിക്കല്‍, അര്‍ഹിച്ചത് നഷ്ടപ്പെട്ടുപോകുമോ എന്ന വേണ്ടാത്ത വേവലാതികള്‍ എന്നുതുടങ്ങിയ ചിന്തകളെയെല്ലാം മനസില്‍ നിന്നെടുത്തു കളയാന്‍, നിത്യജീവിതത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവശ്യമായ മനക്കരുത്തും ആർജിക്കാന്‍ നോമ്പുകള്‍ സഹായകമായെന്ന് ടി.എന്‍ പ്രതാപന്‍ പറയുന്നു. നമുക്കുള്ളത് നമുക്കു ലഭിക്കും. അര്‍ഹിക്കാത്തത് ആഗ്രഹിച്ചുപോകരുത് എന്നുതുടങ്ങിയ ചിന്തകള്‍ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
'ആ കരളുറപ്പ് വ്രതാനുഷ്ഠാനത്തിന്റെ ആലയില്‍ ഊതിക്കാച്ചിയെടുത്തതാണ്'- പ്രതാപന്‍ പറയുന്നു.
'പതിനൊന്ന് മാസക്കാലത്തെ നമ്മുടെ അന്നപാനീയങ്ങളുടെ ചെലവുകളും റമദാന്‍ മാസത്തിലെ ചെലവുകളും താരതമ്യം ചെയ്തുനോക്കുമ്പോള്‍ നമുക്ക് കിട്ടുന്ന അന്തരം കൂട്ടിയും കിഴിച്ചും പരിശോധിക്കണം. നമ്മുടെ അടുക്കളകളും നമ്മുടെ അവിടുത്തെ അധ്വാനവും ഇതുപോലെ താരതമ്യത്തിന് വിധേയമാക്കണം. നമ്മുടെ അന്നനാളവും ആമാശയവും ഒരു 'വേസ്റ്റ് ബോക്‌സ്' അല്ലെന്ന ബോധ്യം നമുക്ക് എപ്പോഴും വേണം. അത് നോമ്പു കാലത്തെങ്കിലും നമുക്ക് ഉണ്ടാക്കിയെടുക്കാനും പിന്നീടങ്ങോട്ട് ശീലിക്കാനും കഴിയണം. നോക്കിലും വാക്കിലും സാമ്പത്തിക വിനിമയത്തിലും മിതത്വം വേണം. ഈ സൂക്ഷ്മതായാണ് ഒരു നോമ്പുകാരന്റെ ശക്തി. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ ഇരവില്‍ മുഴുവന്‍ ഭക്ഷണത്തോട് മല്ലിടുന്ന രീതികൊണ്ട് നോമ്പിന്റെ ഗുണകളുണ്ടാകുമോ എന്ന് ചിന്തിക്കണം.' പ്രതാപന്‍ ഓര്‍മ്മപ്പെടുത്തുന്നത് ഒരു വലിയ സന്ദേശമാണ്.
പ്രതാപന്‍ ഒരു ദൈവവിശ്വാസിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ മത ദര്‍ശനങ്ങളുണ്ട്. എല്ലാവര്‍ഷവും വ്രതമെടുത്ത് ശബരിമലക്ക് പോകാറുണ്ട്. 'പൂരം' നാളില്‍ കുടുംബത്തോടൊപ്പം ഗുരുവായൂരമ്പലത്തില്‍ മുടങ്ങാത്ത ക്ഷേത്ര ദര്‍ശനം. വേളാങ്കണ്ണി മാതാവിന്റെ അടുത്തും പ്രതാപന്‍ സ്ഥിരസന്ദര്‍ശകനാണ്. ഉത്തരേന്ത്യയിലെ അജ്മീറും നിസാമുദ്ദീന്‍ ദർഗകളും പ്രതാപന്റെ പ്രിയപ്പെട്ട ഇടങ്ങള്‍ തന്നെ. പ്രതാപന്‍-രമ ദമ്പതികളുടെ മക്കളായ ആഷിഖും ആന്‍സിയും ഇതേവഴിയില്‍ നന്മകളുടെ മത ചിന്തകളും മാനവിക സങ്കല്‍പ്പങ്ങളുമായി വളരുന്നു. പ്രതാപന്റെ നോമ്പും മക്കളുടെ പേരും വരെ വലിയ വിവാദങ്ങളിലേക്ക് തൽപര കക്ഷികള്‍ വിഷയമാക്കി വലിച്ചിഴക്കാറുണ്ട്. അപ്പോഴെല്ലാം, 'വളര്‍ന്നു വന്ന സാമൂഹികതയുടെ, പാരസ്പര്യ ചിന്തകളുള്ള കുട്ടിക്കാലത്തിന്റെ, സൗഹൃദങ്ങളുടെ, മാനവികതയുടെ, നന്മയുടെ പ്രതീകവും പ്രതിനിധാനവുമായി ഞാനും എന്റെ കുടുംബവും എന്റെ മക്കളും എന്റെ ജീവിതവും ഇവിടെയുണ്ടാകും' എന്നുമാത്രം മറുപടി പറഞ്ഞ് പ്രതാപന്‍ തന്റെ പൊതുജീവിതം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."