'ബി.ജെ.പി നേതാക്കളുടെ 'ഈസ്റ്റര്‍ സന്ദര്‍ശനം' ക്രൈസ്തവര്‍ക്കെതിരായ ക്രൂരതകള്‍ മറച്ചുവെക്കാന്‍' വി.ഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവെക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേള്‍ക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്‌ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്.
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.
ലോകാരാധ്യയായ മദര്‍ തെരേസക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇതുവരെ ആര്‍.എസ്.എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്ന് പിന്നോക്കം പോയിട്ടുമില്ല.
ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."