എട്ടുവര്‍ഷങ്ങള്‍, വായ്ത്താരി മാത്രം ബാക്കി
സ്വപ്‌നങ്ങള്‍ വിറ്റാണ് 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് നല്ലകാലം വരാന്‍ പോകുന്നുവെന്നായിരുന്നു ഇതില്‍ ആദ്യത്തേത്. മോദിയെ വികസന നായകനായി ഉയര്‍ത്തിക്കാട്ടാന്‍ കോര്‍പറേറ്റുകളും മാധ്യമങ്ങളും മത്സരിച്ചു. ഓരോ വര്‍ഷവും രണ്ടു കോടി പുതിയ തൊഴിലവസരങ്ങളെന്നായിരുന്നു വാഗ്ദാനം. രാജ്യം ഗുജറാത്ത് പോലെ പുരോഗതിയിലേക്ക് കുതിക്കും; അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാകാന്‍ പോകുന്നു; അഴിമതി ഇല്ലാതാകും; മികച്ച ജനാധിപത്യം സ്ഥാപിക്കും എന്നൊക്കെയായിരുന്നു വാഗ്ദത്തങ്ങള്‍. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടുമെന്നും വിദേശത്തുള്ള കള്ളപ്പണം രാജ്യത്തെത്തിക്കുമെന്നൊക്കെ വീമ്പിളക്കി. മിഥ്യാഭ്രമത്തിലായ ജനം ഒരിക്കലല്ല, 2019ല്‍ രണ്ടാമതും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു.
എന്നാല്‍, മോദി അധികാരത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും നടുവില്‍ നട്ടംതിരിയുകയാണ് ജനം. തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനത്തിലെത്തി. മൊത്തവ്യാപാര പണപ്പെരുപ്പം 30 വര്‍ഷത്തെ ഏറ്റവും ഉയരത്തിലാണുള്ളത്. പെട്രോള്‍ വില 100 കടന്ന് കുതിക്കുന്നു. രാജ്യത്തെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന് മാത്രമല്ല വിജയ് മല്യയെയും നിരവ് മോദിയെയും മേഹുല്‍ ചോക്‌സിയെയും പോലുള്ള വ്യവസായികള്‍ രാജ്യത്തിന്റെ സമ്പത്തും കൈയടക്കി വിദേശത്തേക്ക് കടന്നു. വാഗ്ദത്ത നീതി പുലര്‍ന്നില്ലെന്ന് മാത്രമല്ല, ജനം രണ്ടായി വിഭജിക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങള്‍ വിലക്കെടുക്കപ്പെടുകയും ചെയ്തു. സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പുകള്‍ സര്‍ക്കാരിന്റെ പാവകളാണിന്ന്. അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണത്തിനുള്ള അനുമതികള്‍ പിന്‍വലിക്കുകയെന്ന കടുത്ത നടപടി പല സംസ്ഥാനങ്ങള്‍ക്കും സ്വീകരിക്കേണ്ടിവന്നു. ആരോപണ വിധേയര്‍ ബി.ജെ.പിയിലേക്ക് കൂറുമാറുന്നതോടെ അന്വേഷണവും അപ്രത്യക്ഷമായി.
സര്‍ക്കാരിന്റെ അപ്രീതിക്ക് ഇടയാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജഡ്ജിമാരെ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് അതിവേഗം സ്ഥലം മാറ്റുന്ന നടപടിയുണ്ടായി. സുപ്രിംകോടതിയില്‍ നിന്ന് ജഡ്ജിമാര്‍ പ്രധാനമന്ത്രിയെ പ്രശംസിക്കാന്‍ തുടങ്ങി. ബാബരി കേസില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഏറ്റുമുട്ടല്‍ക്കൊലകളില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥന്‍ കശ്മിര്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി പൊലിസ് മേധാവിയുമൊക്കെയായി. അതിര്‍ത്തികള്‍ സുരക്ഷിതമായില്ല, പകരം കശ്മിരിലും ലഡാക്കിലും ജവാന്‍മാര്‍ ദിനേനയെന്നോണം കൊല്ലപ്പെട്ടു. ഉറി, പുല്‍വാമ ആക്രമണങ്ങള്‍ മോദിയുടെ കാലത്തുണ്ടായതാണ്. ദെപ്‌സാങ്ങിലും ഗോഗ്‌റ ഹോട്ട് സ്പ്രങ്ങിലും പാന്‍ഗോങ്ങിലുമെല്ലാം രണ്ടു വര്‍ഷത്തിനിടയില്‍ ചൈന രാജ്യത്തിന്റെ ഭൂമി കവര്‍ന്നു. അരുണാചലില്‍ ഭൂമി കൈയേറി പാര്‍പ്പിട കേന്ദ്രം പണിതു. വായ്ത്താരികള്‍ക്കപ്പുറത്തുള്ള നയതന്ത്ര ശക്തിയിലേക്ക് മോദി സര്‍ക്കാരിന്റെ വിദേശനയമെത്തിയില്ല.
നോട്ടുനിരോധനം പോലുള്ള വിഡ്ഢിത്തങ്ങള്‍ ജനങ്ങളെ തെരുവിലാക്കി. ചെറുകിട നിര്‍മാണ ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി. വികസന സൂചികകളില്‍ രാജ്യം താഴോട്ടുപോയി. രാജ്യത്തെ ജനം കൊടിയ ദുരിതത്തിലാണ്. എട്ടു വര്‍ഷത്തിനിടയില്‍ 12 കോടി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രാജ്യത്തെ ജനതയെ കൂട്ടമരണത്തില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തുന്നത് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുക്ഷാ പദ്ധതിയുമൊക്കെ മാത്രമാണെന്ന് കാണണം. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഭ്യന്തര ഉത്പാദന വളര്‍ച്ചയിലുണ്ടായ ഇടിവും നിര്‍മാണ മേഖലയിലുണ്ടായ തളര്‍ച്ചയുമെല്ലാം സാമ്പത്തിക നയത്തിലെ പാളിച്ച മൂലമുണ്ടായതാണ്.
2016ലെ നോട്ടു നിരോധനം മുതല്‍ പാതി തളര്‍ന്ന സാമ്പത്തിക വ്യവസ്ഥയാണ് നിലവിലുള്ളത്. എട്ടു വര്‍ഷത്തിനിടയില്‍ 53,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് അരങ്ങേറിയത്.ഈ കാലയളവില്‍ 14,000 കോടി പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴേയ്ക്ക് തള്ളപ്പെട്ടു. ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ട് നിതി ആയോഗിന് രൂപം നല്‍കിയത് സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. ജി.എസ്.ടി എന്ന പേരില്‍ പുതിയ നികുതിഘടന കൊണ്ടുവന്നത് ആവശ്യമായ ആലോചനാ വിശാലതയില്ലാതെയാണ്. 2017 മുതല്‍ 1100 ഭേദഗതികളാണ് ജി.എസ്.ടിയില്‍ കൊണ്ടുവന്നത്. ഇത് ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. 2014ല്‍ 55 ലക്ഷം കോടി രൂപയായിരുന്ന കടം 135 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതിനിടയില്‍ ബി.ജെ.പി അമ്പരപ്പിക്കും വിധം സമ്പന്നമായി. 201920ല്‍ 4,847 കോടി രൂപയുടെ ആസ്തിയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കൊവിഡിനെത്തുടര്‍ന്ന് അശാസ്ത്രീയ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായി. കൊവിഡ് കാലത്ത് രാജ്യത്തെ 142 അതിസമ്പന്നരുടെ ആസ്തി 30 ലക്ഷം കോടി ഉയര്‍ന്നു.
അച്ചാദിന്‍ വന്നതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുന്നില്‍ വയ്ക്കാനാവാത്ത സാഹചര്യത്തില്‍ ഹിന്ദുത്വഅജന്‍ഡയുടെ ആക്രോശങ്ങളുമായി പുതിയ ഉന്മാദ രാഷ്ട്രീയത്തിന്റെ വിപണനത്തിലാണ് മോദി സര്‍ക്കാര്‍. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം മാത്രം മതിയാവില്ല. പശുക്കൊലകളില്‍ ഹിന്ദുത്വവാദത്തിന് ആവേശം കുറഞ്ഞിരിക്കുന്നു. അതിനാല്‍, ആള്‍ക്കൂട്ടത്തെ മിഥ്യാഭ്രമത്തിലാക്കാന്‍ ജ്ഞാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്, ഖുതുബ് മിനാര്‍ പോലുള്ള പുതിയ വിഷയങ്ങളുണ്ട്. ഏക സിവില്‍കോഡ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വരാനിരിക്കുന്നു. സി.എ.എ നടപ്പാക്കിത്തുടങ്ങും. രാജ്യവ്യാപക പൗരത്വപ്പട്ടിക വരും. മുസ്‌ലിംകളെ അപരവത്കരിച്ച് രണ്ടാം പൗരന്മാരാക്കാനും തുടര്‍ന്ന് നിഷ്‌കാസിതരാക്കാനുമുള്ള നീക്കം ഇനിയും ശക്തിപ്പെടും. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന എതിര്‍പ്പുകളൊന്നും ഹിന്ദുത്വ അജന്‍ഡയിലുള്ള ലക്ഷ്യ പൂര്‍ത്തീകരണത്തില്‍ നിന്ന് മോദി സര്‍ക്കാരിനെ പിന്തിരിപ്പിക്കില്ല. വരാനിരിക്കുന്ന നാളുകളില്‍ ഹിന്ദുത്വവാദികളുടെ തേര്‍വാഴ്ച കൂടുതല്‍ ശക്തമാകാനേ സാധ്യതയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."