റിങ്കുവിന്റെ അവസാന ആളിക്കത്തലില്‍ തട്ടകത്തില്‍ തോറ്റ് ഗുജറാത്ത്
അഹമ്മദാബാദ്: സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് മുന്നില്‍ തോല്‍വി വഴങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ ആവേശം അവസാന നിമിഷം വരെ നിന്ന പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്താണ് വിജയിച്ചത്.
ജയ, പരാജയങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ റിങ്കു സിങിന്റെ വെടിക്കെട്ടാണ് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്. അവസാന ഓവറില്‍ 29 റണ്‍സായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. യഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. പിന്നീട് തുടരെ അഞ്ച് സിക്സുകള്‍ തൂക്കി റിങ്കു ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 21 പന്തില്‍ ആറ് സിക്സും ഒരു ഫോറും സഹിതം റിങ്കു 48 റണ്‍സ് വാരി പുറത്താകാതെ നിന്നു. അവസാന പന്തില്‍ നാല് റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ഈ പന്തും സിക്സര്‍ പറത്തിയാണ് കൊല്‍ക്കത്ത അവിശ്വസനീയ വിജയം തൊട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."