സൈബര്‍ തട്ടിപ്പ്: നഷ്ടപ്പെട്ട പണം പൊരുതി നേടി യുവാവ്
കൊല്ലം; സൈബര്‍ തട്ടിപ്പിലൂടെ 75000 രൂപ നഷ്ടപ്പെട്ട കൊല്ലം സ്വദേശിയായ യുവാവിന് ആറുമാസങ്ങള്‍ക്കു ശേഷം പണം തിരികെ നല്‍കി ബാങ്ക്. കൊല്ലം കണ്ണനല്ലൂര്‍ പുന്നവിള വീട്ടില്‍ ശ്രീജിത്തിനാണ് എസ്.ബി.ഐ പണം തിരികെ നല്‍കിയത്.
2021 ഒക്ടോബര്‍ 17നാണ് എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍നിന്ന് അഞ്ചു തവണയായി 14,850 രൂപ വീതം 74,250 രൂപ നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട ഉടന്‍ കൊല്ലം സൈബര്‍ പൊലിസിലും എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് വിഭാഗത്തിലും ഉപഭോക്തൃ പരാതി പരിഹാര സെല്ലിലും പരാതി നല്‍കി. എന്നാല്‍ ഇവിടെ നീതി ലഭിച്ചില്ലെന്ന് ശ്രീജിത്ത് 'സുപ്രഭാതത്തോട് 'പറഞ്ഞു.
തുടര്‍ന്ന് ശ്രീജിത്ത് ബാങ്കിങ് ഒംബുഡ്‌സ്മാന് പരാതി നല്‍കി. എന്നാല്‍ എസ്.ബി.ഐ നല്‍കിയ മറുപടി തൃപ്തികരമാണെന്നും പണം തിരികെ അടയ്ക്കണമെന്നുമാണ് ഒംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചത്. ഈ നിര്‍ദേശത്തെത്തുടര്‍ന്ന് പണം തിരികെ അടച്ചു. സെപ്റ്റംബര്‍ 24ന് ക്രെഡിറ്റ് കാര്‍ഡ് ബില്‍ ശ്രീജിത്തിന് ലഭിച്ചു. നവംബര്‍ നാലിന് നഷ്ടപ്പെട്ട തുക അദ്ദേഹം അടയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട പത്തോളം പേരെ ഒപ്പംകൂട്ടി. പണം നഷ്ടപ്പെട്ടവരെല്ലാം എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളായിരുന്നു. ഇവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്, ദേശീയ സൈബര്‍ സെക്യൂരിറ്റി തലവന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ശ്രീജിത്ത് ഉള്‍പ്പെടെ തട്ടിപ്പിന് ഇരയായവരുടെ പരാതി ഒന്നിച്ച് എത്തിയതോടെ ബാങ്ക് പണം തിരികെ നല്‍കാന്‍ നിര്‍ബന്ധിതരായി. പരാതി നല്‍കിയ പതിനൊന്നുപേരില്‍ പത്ത് പേരുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്കും നഷ്ടപെട്ട പണം തിരികെ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."