HOME
DETAILS
MAL
80:20 കോടതി വിധിയുടെ മറുപുറം
backup
May 30 2021 | 20:05 PM
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നടപ്പിലാക്കിവരുന്ന സ്‌കോളര്‍ഷിപ്പുകളുടെ ഗുണഭോക്തൃത അനുപാതം മുസ്‌ലിംകള്‍ക്ക് 80 ശതമാനവും ക്രിസ്ത്യാനികള്‍ക്ക് 20 ശതമാനവും നല്‍കി വന്നതിനെതിരേ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ എന്ന വ്യക്തി നല്‍കിയ ഹരജിയിന്‍മേല്‍ എല്ലാ സ്‌കോളര്‍ഷിപ്പുകളുടെയും നടത്തിപ്പില്‍ 80:20 എന്ന അനുപാതമാണ് ബഹു. കേരള ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ എസ്. മണി കുമാറും ഷാജി പി. ചാലിയും ഈ വിധിക്കാധാരമായി ഉദ്ധരിക്കുന്നത് 2005 ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ, ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരേ ചിന്നയ്യ എന്ന വ്യക്തി ബോധിപ്പിച്ച പരാതിയാണ്. പട്ടികജാതി, പട്ടികവര്‍ഗത്തിനുള്ളില്‍ ഒരു ഉപവര്‍ഗമോ ഉപസമുദായമോ പാടില്ലെന്ന വിധി ന്യായമാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ഇതിന് സമാനമായി ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആക്ട് സെക്ഷന്‍ 2(ഇ) പ്രകാരം, അംഗീകൃത ദേശീയ ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനര്‍ എന്നിവര്‍ക്കിടയിലും വേര്‍തിരിവ് പാടില്ല എന്നതാണ് കണ്ടെത്തല്‍. അതിനാല്‍, ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകളുടെ ഗുണഭോക്തൃ അനുപാതം 80:20 എന്നത് റദ്ദാക്കുകയാണുണ്ടായത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത് കേന്ദ്രത്തില്‍ സച്ചാര്‍ കമ്മിറ്റിയും കേരളത്തില്‍ പാലോളി കമ്മിറ്റിയും മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടെത്തിയ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തികരംഗത്തെ പിന്നോക്കാവസ്ഥയെത്തുടര്‍ന്നായിരുന്നു.
എന്നാല്‍, ന്യൂനപക്ഷം എന്നതിനെക്കാള്‍ പിന്നോക്ക വിഭാഗങ്ങളുടെ അവസര സമത്വം ഉറപ്പിക്കാനുള്ള പദ്ധതി നിര്‍വഹണമായിരുന്നു ഇതെന്നത് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയോ അതില്‍ കോടതിക്ക് അവധാനതക്കുറവുണ്ടാവുകയോ ചെയ്തിരിക്കുന്നു. യഥാര്‍ഥത്തില്‍, ഈ കോടതി ഉത്തരവിലൂടെ മുസ്‌ലിം - ക്രിസ്ത്യന്‍ അനുപാതം മാത്രമല്ല റദ്ദ് ചെയ്തിരിക്കുന്നത്; മറിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ മുഴുവന്‍ പദ്ധതി നിര്‍വഹണവും പ്രവര്‍ത്തനങ്ങളുമാണ് നിശ്ചലമായിരിക്കുന്നത്. ഗുണഭോക്തൃതാനുപാതം ജനസംഖ്യാനുപാതികമായി പുനരാവിഷ്‌ക്കരിച്ചു കൊണ്ട് സര്‍ക്കാര്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയും വകുപ്പിന് കീഴില്‍ ഇനി പ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നര്‍ഥം. കോടതി റദ്ദാക്കപ്പെട്ട മൂന്ന് ഉത്തരവുകളില്‍ ഒന്നാമത്തെതിന്റെ ഉദ്ദേശ്യം അതാണ്. 16/08/2008 ലെ 278/2008 എന്ന ഉത്തരവിന്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ്, മദ്‌റസാധ്യാപക ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമാണ് ഇതിലൂടെ സ്തംഭിക്കപ്പെട്ടിരിക്കുന്നത്.
റദ്ദ് ചെയ്യപ്പെട്ടതില്‍, രണ്ടാമത്തെ ഉത്തരവായ 22/02/2011 ലെ 57/2011 എന്ന ഉത്തരവ് പ്രകാരമാണ് ശരിക്കും സംസ്ഥാനത്താദ്യമായി മുസ്‌ലിംകള്‍ക്ക് മാത്രമായി രൂപീകരിക്കപ്പെട്ട വകുപ്പിന് കീഴില്‍ സച്ചാര്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏതാനും ചില പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത്. തത്ഫലമായി, വകുപ്പിന് കീഴിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് പത്ത് മുതല്‍ ഇരുപത് ശതമാനം വരെ ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവകര്‍ക്കും കൂടി അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. മുസ്‌ലിംകള്‍ക്ക് പുറമെ ഇരുപത് ശതമാനം മറ്റ് വിഭാഗങ്ങള്‍ക്ക് കൂടി അനുവദിച്ചു കൊണ്ട് വകുപ്പ് പുറപ്പെടുവിച്ച നാളിത് വരെയുള്ള ഏക ഉത്തരവാണിത്. അച്യുതാനന്ദന്‍ സര്‍ക്കാരിന് കീഴില്‍ പാലോളി മുഹമ്മദ് കുട്ടി വകുപ്പ് മന്ത്രിയായിരിക്കവേയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
കോടതി റദ്ദ് ചെയ്യപ്പെട്ട മൂന്നാമത്തെ ഉത്തരവ്, 8/ 5/2015 ലെ 3427/2015 എന്ന ഒരു ഭരണാനുമതിയാണ്. പാലോളി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് സി.എ/സി.എസ് / ഐ .സി.ഡബ്ല്യു തുടങ്ങിയ കോഴ്‌സുകള്‍ക്കായി എന്റോള്‍ ചെയ്യപ്പെടുന്നവരുടെ എണ്ണം മറ്റ് ഏതൊരു വിഭാഗത്തെക്കാളും കുറവാണെന്ന് കണ്ടെത്തിയിരുന്നു. അതേത്തുടര്‍ന്ന്, 2014- 2015 സാമ്പത്തിക വര്‍ഷം പ്രസ്തുത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നിര്‍ധനരായ കുട്ടികളുടെ സര്‍ക്കാര്‍ ഫീസ് റീ ഇംബേഴ്‌സ്‌മെന്റ് ചെയ്യാന്‍ രൂപം കൊടുത്ത ഒരു പദ്ധതിയാണിത്. അതിന്‍പ്രകാരം ബജറ്റ് വിഹിതം അനുവദിച്ച് കിട്ടുന്നതിലേക്കായി വകുപ്പ് സെക്രട്ടറിക്ക് കീഴില്‍ നടക്കുന്ന വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങ്ങിനെത്തുടര്‍ന്ന് ഭരണാനുമതി പുറപ്പെടുവിക്കുന്ന ഒരു സ്വാഭാവിക ഉത്തരവ് മാത്രമാണിത്. ഇത്തരം ഉത്തരവുകളില്‍ ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കും. അക്കൂട്ടത്തില്‍ മറ്റ് നിര്‍ദേശങ്ങള്‍ക്കൊപ്പം 2011 ലെ ഉത്തരവനുസരിച്ച് ഇരുപത് ശതമാനം മറ്റ് വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഈ ഉത്തരവ് 2015 ലെ പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ അസാധുവാകുകയും ചെയ്തു. 2015 ല്‍ കടന്നുപോയ ഒരു ബസ് നിര്‍ത്താനായി 2021 മെയ് 28 ന് അതിന്റെ പുറകില്‍ കൈ കാണിച്ചത് പോലെയായി ഈ ഉത്തരവ് കൂടി റദ്ദാക്കിയതിലൂടെ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഈ ഉത്തരവ് കൂടി നല്‍കി കോടതിയെക്കൂടി തെറ്റിദ്ധരിപ്പിക്കേണ്ടതായുണ്ടായിരുന്നോ എന്ന് ഹരജിക്കാരനായ ജസ്റ്റിനോട് ഈ ലേഖകന്‍ ചോദിക്കുകയുണ്ടായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി ക്രിസ്ത്യാനികള്‍ക്ക് കൂടി ഇരുപത് ശതമാനം ആനുകൂല്യങ്ങള്‍ നീക്കിവച്ചതെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന് വിധേയമായ ഉത്തരവ് കൂടിയാണിത്.
കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങള്‍
2006 ലെ സച്ചാര്‍ ശുപാര്‍ശകളെത്തുടര്‍ന്ന്, 2008 ല്‍ പൊതുഭരണ വകുപ്പിന് കീഴില്‍ ഒരു ന്യൂനപക്ഷ സെല്‍ രൂപീകരിച്ചു. സ്വത്വം, സുരക്ഷ, സന്തുലിതത്വം എന്നീ മൂന്ന് ഘടകങ്ങള്‍ ഇതര വിഭാഗങ്ങളെപ്പോലെ മുസ്‌ലിംകള്‍ക്കും ലഭ്യമാക്കുക എന്നതാണ് സച്ചാര്‍ ശുപാര്‍ശയുടെ ആത്മാംശം. ഇതേത്തുടര്‍ന്ന്, ഇപ്പോള്‍ കോടതി റദ്ദ് ചെയ്ത 278/2008 എന്ന ഉത്തരവ് പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി ഏതാനും പദ്ധതികളും ആരംഭിച്ചു. പക്ഷേ, മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി പാലോളി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ ക്ഷേമ സെല്ലിന് പിന്നോക്ക മുസ്‌ലിം ക്ഷേമ സെല്‍ എന്നോ പിന്നോക്ക മുസ്‌ലിം ക്ഷേമ വകുപ്പെന്നോ പേര് നല്‍കാന്‍ കഴിയാതെ പോയതാണ് മുസ്‌ലിം സമുദായത്തെ ഇപ്പോഴത്തെ ദുരവസ്ഥയിലേയ്ക്ക് എത്തിച്ച പ്രഥമ കാരണം. 2011 ഫെബുവരി 22 ന് മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി ആരംഭിച്ച ചില ക്ഷേമ പദ്ധതികളില്‍ ഇരുപത് ശതമാനം ക്രൈസ്തവര്‍ക്ക് കൂടി അനുവദിക്കപ്പെട്ടതാണ് കോടതി വ്യവഹാരത്തിലേയ്ക്ക് നയിച്ച രണ്ടാമത്തെ കാരണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ, വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനാണെന്ന ആത്യന്തിക ലക്ഷ്യം വിസ്മരിച്ചുകൊണ്ട്, വകുപ്പിന് ഒരു പൊതുമുഖം സൃഷ്ടിക്കാന്‍ നടത്തിയ വ്യഥാ ശ്രമങ്ങള്‍ ക്രൈസ്തവര്‍ക്ക് കൂടി തുല്യാവകാശം ഉള്ളതാണെന്ന ധാരണ പൊതുബോധ്യത്തില്‍ സൃഷ്ടിക്കാന്‍ ഇടയാക്കി.
കേരളത്തിലെ അഭ്യസ്തവിദ്യരായ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലെ പ്രാതിനിധ്യം എസ്.സി/എസ്.ടിയെക്കാളും പുറകിലാണ്. ഇത് പരിഹരിക്കാന്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്ന പേരില്‍ ആരംഭിച്ച സൗജന്യ മത്സര പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് എന്ന് പുനര്‍നാമകരണം ചെയ്തു. നേരത്തെ മുതല്‍ വകുപ്പിലൂടെ ലഭ്യമാക്കിയിരുന്ന ചില സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് 'മദര്‍ തെരേസ', 'ജോസഫ് മുണ്ടശ്ശേരി' തുടങ്ങിയ പേരുകള്‍ നല്‍കി. ഇതോടെ, ക്രൈസ്തവ വിഭാഗത്തിന്റെ പുണ്യാത്മാവായ മദര്‍ തെരേസയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പിന് പോലും ക്രിസ്ത്യാനികളായ തങ്ങള്‍ക്ക് വെറും ഇരുപത് ശതമാനത്തിന് മാത്രമേ അര്‍ഹതയുള്ളൂ എന്ന ചോദ്യം അരമനകള്‍ക്കുള്ളില്‍ ആത്മീയ രോഷം ആളിക്കത്തിച്ചു. അതോടെ, സംഘ്പരിവാര്‍ കുബുദ്ധികള്‍ അതേറ്റെടുത്ത് ഭൂരിപക്ഷ സമുദായത്തിന്റെ കൂടി കൈയടി ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ത്തു. കൂടാതെ, മദ്‌റസാധ്യാപകര്‍ക്കും മറ്റും ഇടതുപക്ഷ സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുന്നു എന്ന വ്യാജേന തെറ്റിദ്ധാരണാജനകമായ വകുപ്പ് മന്ത്രിയുടെ കൂടെക്കൂടെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളും പരസ്യ പോസ്റ്ററുകളുമൊക്കെ ഒന്നും കിട്ടാത്ത മുസ്‌ലിം സമുദായത്തിന് പതിനായിരം കോടിക്കണക്കിന് ആനുകൂല്യം കിട്ടുന്നു എന്ന് വരുത്തിത്തീര്‍ത്തു.
അനവസരത്തില്‍ വകുപ്പ് മന്ത്രി സ്വീകരിച്ച ഇത്തരം നടപടികളാണ് കോടതിയിലൂടെയെങ്കിലും പരിഹാരം കാണാം എന്ന തീരുമാനത്തിലേയ്ക്ക് ജസ്റ്റിന്‍മാരെ മുന്നോട്ടുനയിച്ചത്. മുന്‍ മന്ത്രി തന്നെ അഭിപ്രായപ്പെട്ടത് പോലെ യു.ഡി.എഫ് ഭരണകാലത്ത്, പാലോളി നിര്‍ദേശിച്ച ഇരുപത് ശതമാനം ക്രിസ്ത്യാനികള്‍ക്ക് നല്‍കിയിട്ടും സമൂഹമധ്യേ വിമര്‍ശനവിധേയമാകാതെ പോയ കാരണവും സ്വയം വിലയിരുത്തപ്പെടേണ്ടതാണ്. അതും 2016 ലെ 107 കോടി രൂപയില്‍ നിന്നും 2021 ലെ 42 കോടിയില്‍ വരെ കൊണ്ടെത്തിച്ചിട്ടു പോലും.
പദ്ധതി-ആനുകൂല്യങ്ങള്‍ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായിട്ടാണ് ലഭ്യമാക്കേണ്ടതെങ്കില്‍, അവസാനമായി സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് നടന്നത് 2011ലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേമപദ്ധതികള്‍ നടപ്പാക്കേണ്ടതെങ്കില്‍, ചില വസ്തുതകള്‍ കൂടി ഇവിടെ ചേര്‍ത്തുവയ്ക്കാം. ഇക്കാര്യത്തില്‍ ആദ്യമായി, സര്‍ക്കാര്‍ നടത്തിപ്പിലെ എല്ലാ പദ്ധതികളും ജനസംഖ്യാനുപാതികമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. നിലവില്‍ ഉന്നതവിദ്യാഭ്യാസരംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും 18 ശതമാനം ക്രൈസ്തവ വിഭാഗത്തിന്റെ കൈവശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുപാതം ഭൂരിപക്ഷ സമുദായത്തേക്കാള്‍ കൂടുതലാണെന്ന് തിരിച്ചറിയാം. 174 എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 50 ശതമാനത്തിലധികവും ഒരു പ്രത്യേക വിഭാഗം കൈവശംവയ്ക്കുന്നുണ്ടിവിടെ. ഭരണസിരാകേന്ദ്രത്തില്‍ 148 ഐ.എ.എസ് ഓഫിസര്‍മാരുണ്ട്. ഇവര്‍ക്ക് കീഴില്‍ അയ്യായിരത്തോളം ഉന്നത ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഇക്കാര്യത്തിലും ജനസംഖ്യാനുപാതികമായി തീരുമാനം ഉണ്ടാകുമോ? ഇവിടന്നങ്ങോട്ടുള്ള സര്‍വ വിഭവവിതരണങ്ങളിലും അവസര സമത്വം ഉറപ്പിക്കാനും സാമൂഹ്യനീതി നടപ്പാക്കാനും തയാറാണെങ്കില്‍ ഈ കോടതി വിധിക്ക് ഒരു അര്‍ഥമുണ്ടെന്ന് കാണാം. മാത്രവുമല്ല, ഇതിനെതിരേ മുസ്‌ലിം സമുദായം അപ്പീല്‍ പോകാനും പാടില്ല. പകരം, ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നു ഇതേവരെ കൈപ്പറ്റിയിട്ടുള്ള അമിതാനുകൂല്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കുക കൂടി വേണം.
2012 ല്‍ രൂപീകരിച്ച മുന്നോക്ക വികസന കോര്‍പറേഷന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ മുന്നോക്ക ക്രൈസ്തവ വിഭാഗക്കാരും നായര്‍, നമ്പൂതിരി വിഭാഗക്കാരുമാണെന്നുള്ള കാര്യം വിസ്മരിക്കരുത്. കൂടാതെ പരിവര്‍ത്തിത ക്രൈസ്ത വിഭാഗത്തിന്റെ ക്ഷേമത്തിനായി 1980 മുതല്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ കണ്‍വര്‍ട്‌സ് ഫ്രം എസ്.സി ആന്റ് റെക്കമെന്‍ഡഡ് കമ്യൂണിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഗുണഭോക്താക്കള്‍ ആ വിഭാഗക്കാരും മാത്രമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ വിഭാഗങ്ങളിലെ വിവിധ കോര്‍പറേഷനുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കുന്ന സാഹചര്യവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തിലാണ് ന്യൂനപക്ഷ മുസ്‌ലിംകള്‍ അനര്‍ഹമായി നേടിയെന്ന് പറയുകയും അതിനെ സാധൂകരിക്കുന്ന രീതിയില്‍ കോടതി ഉത്തരവുകള്‍ വരികയും ചെയ്യുന്നതെന്ന കാര്യം മറക്കരുത്. ഒന്നര ലക്ഷം കോടി രൂപയോളം വരുന്ന സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റില്‍നിന്ന് വെറും 42 കോടി രൂപ മാത്രം വകയിരുത്തിയിട്ടുള്ള ന്യൂനക്ഷ ക്ഷേമ വകുപ്പിനെക്കുറിച്ചുള്ള ഹാലിളക്കമാണിതെന്ന് കൂടി എല്ലാവരും അറിയണം.
(സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്
മുന്‍ ഡയരക്ടറായിരുന്നു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."