താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയിട്ട് രണ്ടു ദിവസം;ഇരുട്ടില്‍ തപ്പി പൊലിസ്, കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പ്രവാസിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നായി അഞ്ച് പൊലിസ് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി പേരെ പൊലിസ് ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷാഫിയെ ഏതെങ്കിലും ഒളി സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കാമെന്നാണ് പൊലിസ് വിലയിരുത്തല്‍.
അതിനിടെ, തട്ടിക്കൊണ്ടുപോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ വെള്ള കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍, നമ്പര്‍ വ്യക്തമായിട്ടില്ല. കാര്‍ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരമില്ല.
വെള്ള കാറിലാണ് ഭര്‍ത്താവിനെ കൊണ്ടുപോയതെന്ന് ഷാഫിയുടെ ഭാര്യ നേരത്തെ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
ഏഴാം തീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അഞ്ജാത സംഘം പരപ്പന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. ഭാര്യ സനിയയെയും കാറില്‍ കയറ്റിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. പിടിവലിക്കിടെ ഗുണ്ടകള്‍ കൊണ്ടുവന്ന പിസ്റ്റളിന്റെ പൊട്ടിയ ഭാഗങ്ങള്‍ പൊലിസ് കണ്ടെടുത്തിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലിസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായില്‍ നടന്ന സാന്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പൊലിസ് അന്വേഷണം. ഇതിലുള്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
പുലര്‍ച്ചെ നാല് മണിവരെ താമരശ്ശേരിയില്‍ തുടര്‍ന്ന റൂറല്‍ എസ് പിയും സംഘവും കൊടുവളളി കേന്ദ്രീകരിച്ച് കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുളളവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുളളതായി പൊലീസിന് വിവരം കിട്ടിയത്. സൗദിയില്‍ സ്വര്‍ണം പൊട്ടിക്കലുമായി ഷാഫിക്ക് ബന്ധമുണ്ടെന്നും ഇതാവാം തട്ടിക്കൊണ്ടുപോകലിന് പുറകിലെന്നുമായിരുന്നു ഇവര്‍ നല്കിയ വിവരം. ഇത് പൂര്‍ണമായി പൊലിസ് വിശ്വസിച്ചിട്ടില്ല. എങ്കിലും ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."