പൗരത്വ നിയമം: കേന്ദ്രത്തിന്റെ നടപടി സുപ്രിംകോടതിയിലെ നിലപാടിന് വിരുദ്ധം
ന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളൊഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധം. മുസ്‌ലിംലീഗ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചട്ടം തയാറാക്കിയിട്ടില്ലെന്നും ഉടനടി നടപ്പാക്കില്ലെന്നും സ്റ്റേ ചെയ്യരുതെന്നുമുള്ള നിലപാട് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറല്‍ സ്വീകരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിലവില്‍ ലീഗിന്റേതും കേരളത്തിന്റേതുമുള്‍പ്പെടെ 140ഓളം ഹരജികളാണുള്ളത്. വിഷയത്തില്‍ ആദ്യമായി കോടതിയെ സമീപിച്ചത് ലീഗാണ്.
കോടതിയുടെ തീരുമാനം വരുന്നതുവരെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലായിരുന്നു ലീഗിനുവേണ്ടി ഹാജരായത്. കേസില്‍ വാദം നടക്കവെ, സി.എ.എ സംബന്ധിച്ച് ചട്ടമോ രൂപരേഖയോ പോലും ആയിട്ടില്ലെന്നും അതിനാല്‍ നടപ്പാക്കാന്‍ സമയമെടുക്കുമെന്നും ഈ സാഹചര്യത്തില്‍ സ്റ്റേ ചെയ്യേണ്ടതില്ലെന്നുമാണ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഇതു മുഖവിലയ്‌ക്കെടുത്ത കോടതി, ഹരജികളില്‍ അന്തിമവാദം നടത്തി തീര്‍പ്പു കല്‍പ്പിക്കാമെന്നു പറഞ്ഞു. ഇതിനിടെയാണ് കൊവിഡ് രൂക്ഷമായതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും. അതോടെ നടപടികള്‍ക്കു താമസം നേരിടുകയായിരുന്നു.
ഇതിനിടെയാണ് പൗരത്വനിയമം നടപ്പാക്കിത്തുടങ്ങുന്നതിന്റെ ഭാഗമായി കേന്ദ്രം വിജ്ഞാപനമിറക്കിയത്. അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു വന്ന ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ 13 ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി വെള്ളിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
2019ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ സി.എ.എ കഴിഞ്ഞവര്‍ഷം ജനുവരി 10 മുതലാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ചട്ടം രൂപീകരിച്ചിരുന്നില്ല. കൊവിഡ് കാരണമാണ് ചട്ടങ്ങള്‍ സംബന്ധിച്ച നടപടികളിലേക്ക് നീങ്ങാത്തതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പാര്‍ലമെന്റില്‍ ഒരു ബില്‍ പാസായാല്‍ നിയമങ്ങള്‍ക്കായി ചട്ടങ്ങള്‍ വേഗത്തിലുണ്ടാക്കണം. ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തില്‍ ചട്ടങ്ങളുണ്ടാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ജൂലൈ ഒമ്പതുവരെ സമയം നീട്ടിക്കൊടുത്തിരുന്നു. ഇതു തയാറാക്കുന്നതിനു മുമ്പ് ധൃതിപിടിച്ച് നിയമം നടപ്പാക്കിത്തുടങ്ങിയത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."