HOME
DETAILS

മതവും ജാതിയും വിധിനിർണയിക്കുന്ന കർണാടക

  
backup
April 10 2023 | 21:04 PM

caste-and-religious-politics-in-karnataka

സി.വി ശ്രീജിത്ത്

ഇന്ത്യൻ ജാതിവ്യവസ്ഥയുടെ നേർപകർപ്പല്ല, കുറേക്കൂടി സങ്കീർണ സാഹചര്യമാണ് കർണാടകയിലേത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ ജാതി-മത-സമുദായ ഘടകങ്ങൾ ആരെ തുണയ്ക്കും, ആരെ പിണക്കും എന്നത് എല്ലാ പാർട്ടികളുടെയും നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്. ജാതിയും ഉപജാതികളും കളംനിറഞ്ഞാടുന്ന കർണാടകത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-തൊഴിൽ മേഖലകളിൽ രാഷ്ട്രീയപാർട്ടികൾ ചെലുത്തുന്ന സ്വാധീനത്തിന്റെ അളവുകോലാണ് അവരുടെ ജയപരാജയങ്ങൾ നിർണയിക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായും വിവിധ തട്ടുകളിൽ കഴിയുന്ന ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളോളം തന്നെ ജാതി-മത-സമുദായ സമവാക്യങ്ങൾ ജനവിധിയെ നിർണയിക്കും എന്നതാണ് സമീപകാല കർണാടക തെരഞ്ഞെടുപ്പുകൾ നൽകുന്ന വ്യക്തമായ സൂചനകൾ. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ അഴിമതി, വിലക്കയറ്റം, കാർഷിക പ്രതിസന്ധി എന്നിവയിൽ മനംമടുപ്പ് പ്രകടമാക്കുന്നുണ്ടെങ്കിലും അത്തരം ഘടകങ്ങളെ മറികടക്കാനുള്ള ആർജിതശേഷി ജാതി-മത-സമുദായ ഘടകങ്ങൾക്കുണ്ട്. അതാണ് ഒരളവോളം കോൺഗ്രസ്, ബി.ജെ.പി, ജനതാദൾ എസ്(ജെ.ഡി.എസ്) എന്നീ പാർട്ടികളെ ആശങ്കപ്പെടുത്തുന്നതും.


സമൂഹിക ജീവിതത്തിന്റെ ഒരോ അണുവിലും ജാതിയും ഉപജാതികളും വലിയ ഇടപെടൽ നടത്തുന്ന ഇടമാണ് കരുനാട്. അതിന് ഒരുവിധത്തിലുള്ള മറയുമില്ല. ഓരോ കാലത്തും തങ്ങൾക്കനുകൂലമായി ഇത്തരം ഘടകങ്ങളെ രൂപപ്പെടുത്തി, ശാക്തീകരിക്കുന്നതിൽ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വലിയതോതിൽ പങ്കുണ്ട്. എന്നാൽ പിന്നീട് രാഷ്ട്രീയപാർട്ടികളുടെ ഗതിവിഗതികൾ നിർണയിക്കാനുള്ള ശേഷി ജാതി-മത-സമുദായ ശക്തികൾക്കു കൈവന്നു. ഇപ്പോൾ കാര്യങ്ങൾ പാർട്ടികളുടെ കളത്തിലല്ലെന്നു ചുരുക്കം.


മതവും മതാധിഷ്ഠിത രാഷ്ട്രീയവും യഥേഷ്ടം ഉപയോഗിക്കുന്നതിൽ മറകാണിക്കാത്ത ബി.ജെ.പിയാണ് ഇക്കുറി സമുദായ ശക്തികളിൽ നിന്ന് കൂടുതൽ സമ്മർദം നേരിടുന്നത്. കഴിഞ്ഞ മാസം ബസവരാജ് ബൊമ്മെ സർക്കാർ കൊണ്ടുവന്ന പിന്നോക്ക സംവരണ ഭേദഗതി ഉത്തരവാണ് ബി.ജെ.പിക്ക് കാര്യങ്ങൾ കഠിനമാക്കിയത്. നിലവിൽ പട്ടികജാതി വിഭാഗത്തിനുള്ള 15 ശതമാനം സംവരണം 17 ആക്കി ഉയർത്തിയെങ്കിലും ഇത് അർഹതപ്പെട്ട പലരെയും തഴഞ്ഞുകൊണ്ടാണെന്ന ആക്ഷേപം ഇതിനകം ഉയർന്നുകഴിഞ്ഞു. പട്ടിക വിഭാഗമായ ബഞ്ചാര വിഭാഗം തങ്ങളുടെ പട്ടികജാതി വിഭാഗമെന്ന പരിഗണനപോലും നിഷേധിക്കുമോ എന്ന ആശങ്കയിലാണ്. പ്രത്യേക മതപദവി ആവശ്യത്തിൽ കുറഞ്ഞതൊന്നും തൃപ്തിപ്പെടുത്തില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ലിംഗായത്ത് വിഭാഗം ബൊമ്മെ സർക്കാരിന്റെ സംവരണ നടപടിയിൽ തീർത്തും അതൃപ്തിയിലാണ്. പിന്നോക്ക വിഭാഗങ്ങളിൽ പരക്കെ പ്രതിഷേധത്തിന് ഹേതുവായ തീരുമാനം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെങ്കിലും തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് സംവരണ വിഷയം തന്നെയാണ്.


തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബി.ജെ.പി സംവരണത്തിൽ തൊട്ടുകളിച്ചത്. ലക്ഷ്യം കൃത്യമായിരുന്നു. മുസ്‌ലിം സംവരണം എടുത്തുമാറ്റി ഭൂരിപക്ഷ സമുദായ വോട്ട് സ്വന്തമാക്കുക. മുസ്‌ലിംകളുടെ സംവരണാനുകൂല്യം നിഷേധിക്കുന്നതോടെ ഹിന്ദുത്വ കാർഡിനാണ് കൂടുതൽ സ്വീകാര്യത കിട്ടുക. 1995ലാണ് മുസ്‌ലിംകൾക്ക് സംവരണം ഏർപ്പെടുത്തിയത്. അന്നുമുതൽ മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ശക്തിയുക്തം എതിർക്കുന്നവരാണ് ബി.ജെ.പി-ആർ.എസ്.എസ് ശക്തികൾ. എന്നാൽ പിന്നീടുവന്ന ബി.ജെ.പി സർക്കാരുകൾ കൈവെയ്ക്കാൻ മടിച്ച മേഖലയിലാണ് ബൊമ്മെ ഇറങ്ങിക്കളിച്ചത്. മുസ്‌ലിം വിഭാഗത്തിനുള്ള സംവരണം ഒഴിവാക്കണമെന്ന ആലോചനയോ ശുപാർശയോ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷനിൽ നിന്നുണ്ടായില്ലെന്നിരിക്കെ, ഒരു വിഭാഗത്തെ മാറ്റിനിർത്തുന്ന ഏകപക്ഷീയ നടപടിക്കെതിരേ പരക്കെ പ്രതിഷേധം ഉയർന്നു. മുസ്‌ലിം, ക്രിസ്ത്യൻ മതസംവരണം പിൻവലിക്കണമെന്ന് കർണാടകയിലെ ഹിന്ദുത്വശക്തികൾ0 നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഭരണഘടനാ പ്രകാരം മതാടിസ്ഥാനത്തിൽ സംവരണം പാടില്ലെന്ന വാദമാണ് സംഘ്പരിവാറിനുള്ളത്.
ഇതോടൊപ്പം ചില പട്ടികജാതി വിഭാഗങ്ങളിലെ ആഭ്യന്തര സംവരണം പുതുക്കുകയും കൂടി ചെയ്തതോടെ ചില മേഖലകളിൽ നിന്ന് വോട്ടുറപ്പിച്ചു നിർത്താമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ, പ്രതീക്ഷക്ക് വിരുദ്ധമായി പട്ടികജാതിയിലെ ആഭ്യന്തര സംവരണത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ബഞ്ചാര, ലംബാനി സമുദായങ്ങൾ തെരുവിലിറങ്ങിയത് വടക്കൻ കർണാടയിലെ പല മേഖലകളിലും സംഘർഷത്തിനിടയാക്കി. ബി.ജെ.പി നേതാക്കളെ തടയുകയും ഊരുവിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ സംവരണ വിഷയം ഭരണകക്ഷിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.


മുസ്‌ലിംകൾക്ക് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം ഒഴിവാക്കി ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് വീതിച്ചുനൽകാനുള്ള തീരുമാനം തുരുപ്പുചീട്ടാവുമെന്ന് കരുതിയ ബി.ജെ.പിക്ക് അവിടെയും പൊള്ളലേറ്റു. പ്രത്യേക മതപദവി എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുന്ന ലിംഗായത്ത് വിഭാഗം സംവരണം പുതുക്കിയ സർക്കാർ നടപടിക്കെതിരേ പരസ്യമായി രംഗത്തെത്തി. ജനസംഖ്യയിൽ 17 ശതമാനം ലിംഗായത്തുകളാണ്. വൊക്കലിഗ സമുദായത്തിന് 15 ശതമാനം പങ്കാളിത്തമുണ്ട്. മറ്റിതര പിന്നോക്ക വിഭാഗങ്ങൾ(ഒ.ബി.സി) 35 ശതമാനമാണ്. പട്ടികജാതി, വർഗ വിഭാഗം 18 ശതമാനമുണ്ട്. മുസ് ലിംകൾ 12.9 ശതമാനവും ബ്രാഹ്മണർ മൂന്നു ശതമാനവുമാണ്.

നിർണായകം ലിംഗായത്ത്


ബസവണ്ണയെ പിന്തുടരുന്ന ലിംഗായത്ത് സമുദായമാണ് സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സ്വാധീനമുള്ള വിഭാഗം. ബസവണ്ണയ്ക്കുശേഷം മേൽജാതി വിഭാഗമായ വീരശൈവ വിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി യോജിച്ചുപോയ ലിംഗായത്ത് വിഭാഗം പതിയെ വീരശൈവ ലിംഗായത്ത് എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. എണ്ണൂറു വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ലിംഗായത്തുകൾ പിന്നീട് പ്രത്യേക മതവിഭാഗമെന്ന അവകാശവാദം ഉന്നയിച്ചു. 1990വരെ സമുദായത്തിൽ നിർണായ സ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് ലിംഗായത്തുകളുടെ പ്രത്യേക മതമെന്ന ആവശ്യത്തിന് പിന്തുണ നൽകിയെങ്കിലും ലിംഗായത്ത്‌-വീരശൈവ രീതികൾ തുടരണമെന്ന നിലപാടാണ് സമുദായത്തിലെ വീരശൈവ വിഭാഗം സ്വീകരിച്ചത്. 90ൽ വീരേന്ദ്രപാട്ടീലിനെ കോൺഗ്രസ് ദേശീയ നേതൃത്വം മാറ്റിയതോടെയാണ് ലിംഗായത്തുകൾ പാർട്ടിയുമായി അകലാൻ തുടങ്ങിയത്. പ്രത്യേക മതവിഭാഗമായി ലിംഗായത്തുകളെ അംഗീകരിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ സർക്കാർ കേന്ദ്ര സർക്കാരിന് മുന്നിലെത്തിച്ചെങ്കിലും ബി.ജെ.പി അനുകൂലിച്ചില്ല. ലിംഗായത്ത്‌-വീരശൈവ വിഭാഗത്തിന് പ്രത്യേക മതപദവി എന്ന ആവശ്യത്തിന് യെദ്യൂരപ്പ പിന്തുണ നൽകിയെങ്കിലും ലിംഗായത്തുകൾക്ക് മാത്രം മതപദവിയെന്ന ആവശ്യത്തിന് മാത്രമാണ് കോൺഗ്രസ് പിന്തുണ നൽകിയത്.


യെദ്യൂരപ്പ ബി.ജെ.പി വിട്ടതോടെ ലിംഗായത്ത് വോട്ടിൽ വലിയതോതിൽ ഭിന്നിപ്പുണ്ടായി. കോൺഗ്രസിനും ബി.ജെ.പിക്കും മാത്രമായി വീതിച്ചിരുന്ന ലിംഗായത്ത് വോട്ടിന്റെ വലിയഭാഗം യെദ്യൂരപ്പ സ്വന്തമാക്കി. അതേസമയം, ലിംഗായത്തുകൾക്ക് വേണ്ടി മാത്രം ശബ്ദമുയർത്തിയെന്ന പരാതിയുമായി വീരശൈവ വിഭാഗം കോൺഗ്രസിനെ പൂർണമായും മാറ്റിനിർത്തി. 2015ലെ സർവേ പ്രകാരം 9.8 ശതമാനം മാത്രമാണ് ജനസംഖ്യയിലെ പങ്കാളിത്തമെങ്കിലും കോൺഗ്രസ്,ബി.ജെ.പി പക്ഷങ്ങളിൽ ജയപരാജയ സാന്നിധ്യമാകാൻ ലിംഗായത്തുകൾ കഴിയും.


വൊക്കലിഗ സമുദായം


പൊതുവിൽ ഭൂപ്രമാണിമാരും കർഷകരുമാണ് വൊക്കലിഗ സമുദായത്തിലെ പ്രബലവിഭാഗം. മുൻ പ്രധാനമന്ത്രി ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ എസ്.എം കൃഷ്ണ, ഡി.വി സദാനന്ദ ഗൗഡ എന്നിവർ ഈ സമുദായത്തിൽ നിന്നുള്ളവരാണ്. ലിംഗായത്തുകൾക്കു വേണ്ടി നിലകൊള്ളുന്ന കോൺഗ്രസ് പിന്നോക്കക്കാരായ തങ്ങളെ തഴയുന്നതായുള്ള പരാതി ഏറെക്കാലമായി വൊക്കലിഗക്കാർക്കുണ്ട്. പൊതുവിൽ ജനതാദൾ എസിനാണ് സമുദായത്തിന്റെ പിന്തുണ ലഭിക്കാറുള്ളത്. മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സമുദായമായ കുറുംബയ്ക്ക് പട്ടികവർഗ പരിഗണന നൽകാനും വൊക്കലിഗയെ തഴയാൻ ശ്രമിച്ചതും സമുദായത്തിനുള്ളിൽ വലിയ എതിർപ്പിനിടയാക്കിയിരുന്നു. അതേസമയം, തെക്കൻ കർണാടകയിലെ വൊക്കലിഗക്കാർ ജെ.ഡി.എസിനൊപ്പവും ഉത്തര-മധ്യ കർണാടകയിലെ വൊക്കലിഗക്കാർ കോൺഗ്രസിനൊപ്പവുമാണ് നിലകൊള്ളാറുള്ളത്.
ദലിത് സാന്നിധ്യം
2011ലെ സെൻസസ് പ്രകാരം 17 ശതമാനം ദലിത് വിഭാഗങ്ങളാണ് കർണാടകയിലുള്ളത്. അസംഘടിതരും മുഖ്യധാരയിലേക്ക് എത്താത്തവരുമായി അനേകം ജാതി, ഉപജാതി വിഭാഗങ്ങൾ ദലിത് വിഭാഗങ്ങൾക്കുള്ളിലുണ്ട്. മഡിഗ, ആദിജാംബവ എന്നീ ജാതികൾ ഉൾപ്പെടുന്ന ഒരു വിഭാഗവും ചാലവാടി, ഹൊലയ(പുലയ) ജാതികൾ ഉൾപ്പെടുന്ന മറ്റൊരു വിഭാഗവുമാണ് ദലിത് വിഭാഗത്തിലെ പ്രബലർ. ഈ വിഭാഗത്തിന്റെ കൃത്യമായ ജനസംഖ്യാ കണക്കുകൾ ലഭ്യമല്ല. മഡിഗ, ആദിജാംബവ വിഭാഗമാണ് എണ്ണം കൂടുതലുള്ളവരെന്നാണ് അനുമാനം.


പരമ്പരാഗതമായി ഇരുകൂട്ടരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ 2018ലെ തെരഞ്ഞടുപ്പോടെ മഡിഗ ഉൾപ്പെടുന്ന വിഭാഗം കോൺഗ്രസുമായി അൽപം അകൽച്ചയിലാണ്. തങ്ങളേക്കാൾ വർധിച്ച പ്രാധാന്യം ചാലവാടി വിഭാഗത്തിന് നൽകുന്നു എന്നതാണ് മഡിഗയുടെ പരാതി. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖർഗേ, മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വ തുടങ്ങിയവർ ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ, മഡിഗ വിഭാഗത്തെ അനുനയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബൊമ്മെ സർക്കാർ സംവരണത്തിൽ മാറ്റം വരുത്തയത് ദലിത് വോട്ടിൽ വിള്ളലുണ്ടാക്കുമെന്നും തങ്ങളെ തുണയ്ക്കുമെന്നും ബി.ജെ.പിയും കരുതുന്നു. എന്നാൽ ബഞ്ചാര, ലിംബാനി വിഭാഗങ്ങളുടെ തെരുവിലിറങ്ങിയ പ്രതിഷേധം ബി.ജെ.പിയെ അലട്ടുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  2 months ago
No Image

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന്‍ ഷാഹിന്‍

Kerala
  •  2 months ago
No Image

ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം

Saudi-arabia
  •  2 months ago
No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  2 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  2 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  2 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago