HOME
DETAILS

ഇരകൾക്കിടയിലാണ്സഖ്യം വേണ്ടത്

  
backup
April 10 2023 | 21:04 PM

political-unity-amoung-victims


തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രിസ്ത്യൻ പള്ളികളിൽ കയറിയിറങ്ങുന്നതിന്റെ തിരക്കിലാണ് ബി.ജെ.പി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിക്കുകയും മെഴുകുതിരി കത്തിച്ച് പ്രാർഥനകളുടെ ഭാഗമാവുകയും ചെയ്തു. ഇതിനുപിന്നാലെ ക്രിസ്ത്യൻ പുരോഹിതൻമാർ ബി.ജെ.പിക്കനുകൂലമായ പ്രസ്താവനകൾ തുടർച്ചയായി നടത്തുന്നുണ്ട്. യു.പിയിൽ മുസ്‌ലിംകളെ കൂടെനിർത്താനുള്ള ബി.ജെ.പി ശ്രമം മറ്റൊരുവശത്ത് നടക്കുന്നു. ഈ മാസം 30ന് നടക്കാൻ പോകുന്ന മോദിയുടെ 100ാമത് മൻകി ബാത്ത് ന്യൂനപക്ഷങ്ങളെ അഭിമുഖീകരിക്കുന്നതായിരിക്കുമെന്നാണ് കരുതുന്നത്. യു.പിയിലെ മദ്‌റസകളിലും ദർഗകളിലും ഇത് കേൾപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്ന തിരക്കിലാണ് ബി.ജെ.പി. യു.പിയിലെ മുസ്‌ലിംകൾക്കിടയിലെ പിന്നോക്കമായ പസ്മാന്ദ വിഭാഗത്തെയാണ് ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
ഇതിനിടയിലും രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലകളും പരസ്യമായ ചാട്ടവാറടികളും ആൾക്കൂട്ട ആക്രമണവും മുസ്‌ലിംകളുടെ വീടുതകർക്കലും നടക്കുന്നു. മദ്‌റസകൾ അടച്ചുപൂട്ടൽ അസമിലെ ബി.ജെ.പി സർക്കാരിന്റെ ഔദ്യോഗിക പദ്ധതിയാണ്. വംശഹത്യാ ആഹ്വാനങ്ങൾ പതിവുകാഴ്ചയാവുകയും പൊലിസ് നടപടിയെടുക്കാതെ നോക്കിനിൽക്കുകയും ചെയ്യുകയാണ്.

വടക്കുകിഴക്കൽ ഡൽഹിയിൽ കഴിഞ്ഞദിവസം ഹിന്ദുരാഷ്ട്ര പഞ്ചായത്ത് നടത്തിയ ഒരുവിഭാഗം വടക്കുകിഴക്കൻ ഡൽഹിയെ ആദ്യത്തെ ഹിന്ദുരാഷ്ട്ര ജില്ലയായി പ്രഖ്യാപിക്കുകയും മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും പൊലിസ് അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നത് മാത്രം കുറ്റമാക്കി 188 എന്ന ദുർബലമായ വകുപ്പ് ഉപയോഗിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
ക്രിസ്ത്യൻ ചർച്ചുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് കുറവൊന്നുമില്ല. മതപ്രചാരണം നടത്തിയതിന്റെ പേരിൽ ഡൽഹി അതിർത്തിയിൽ വരെ പാസ്റ്റർമാർ ആക്രമിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന സംഘ്പരിവാർ ആക്രമണങ്ങൾ തടയാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനെല്ലാമിടയിലാണ് ബി.ജെ.പി ന്യൂനപക്ഷങ്ങളെ കണ്ണെറിഞ്ഞ് നോക്കുന്നത്. സംഘ്പരിവാറും ക്രിസ്ത്യൻ സമൂഹവും തമ്മിൽ യോജിച്ചുപോകാവുന്ന ഒരു മേഖലയുമില്ല. എന്നാൽ, സമീപകാലത്തായി ചില ക്രിസ്ത്യൻ പാതിരിമാരും അല്ലാത്തവരുമായ ഒരുവിഭാഗത്തെ മുസ്‌ലിം വിരുദ്ധത ശക്തമായി ബാധിച്ചിരിക്കുന്നു. അതാണ് ഇപ്പോൾ ദുർബലമായ പുറന്തോട് പൊട്ടി പുറത്തുവന്നിരിക്കുന്നത്.
ബി.ജെ.പിയുമായൊരു സഖ്യം ഉത്തരേന്ത്യയിലെ തങ്ങളുടെ സ്ഥാപനങ്ങൾ സുരക്ഷിതമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിസ്ത്യൻ പുരോഹിത സമൂഹമെന്ന് കരുതണം. ഫാസിസം എന്താണെന്ന വസ്തുതയെ ചരിത്രത്തിൽ നിന്ന് ഉൾക്കൊള്ളാനാണ് ക്രിസ്ത്യൻ സഭാ നേതൃത്വം ശ്രമിക്കേണ്ടത്. ഹോളോകോസ്റ്റ് കാലത്ത് ജർമനിയിൽ നാസികളുടെ സഹായികളായിരുന്നു ഒരുവിഭാഗം ജൂതൻമാർ. അവർ വ്യാപകമായി നാസി പാർട്ടികളിൽ ചേർന്നു. സൈന്യത്തിൽച്ചേർന്ന് ഹിറ്റ്‌ലർക്കായി യുദ്ധവും ചെയ്തു. ഹിറ്റ്‌ലർ ജൂതവിരുദ്ധനല്ലെന്നും മോശക്കാരായ ചില ജൂതൻമാരെ മാത്രമാണ് എതിർക്കുന്നതെന്നുമായിരുന്നു ഇവരുടെ പ്രചാരണം.


ജൂതൻമാരെ കൂട്ടക്കൊലയിലേക്ക് നയിക്കുന്ന ന്യൂറംബർഗ് നിയമം തങ്ങളെ ബാധിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ജൂതൻമാരുണ്ടായിരുന്നു ജർമനിയിൽ. എന്നാൽ, ഹിറ്റ്‌ലറുടെ കാഴ്ചപ്പാടിൽ എല്ലാവരും കൊല്ലപ്പെടേണ്ടവരായിരുന്നു. സംഘ്പരിവാറിന്റെ ശത്രുക്കളുടെ പട്ടിക ഗോൾവാൾക്കർ 1965ൽത്തന്നെ എഴുതിവച്ചിട്ടുണ്ട്. അതിൽ ഒന്നാമത് നിൽക്കുന്നത് മുസ്‌ലിംകളാണ്. രണ്ടാമത് ക്രിസ്ത്യാനികളാണ്. ഈ പട്ടികയുള്ള ഗോൾവൾക്കറുടെ വിചാരധാര ഇന്നും ആർ.എസ്.എസിന്റെ വേദപുസ്തകമാണ്. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൂണ്യഭൂമി, മതം ജന്മംകൊണ്ട ദേശം എന്നിവ ഇന്ത്യയിലല്ലാത്തതിനാൽ ഈ രണ്ടു വിഭാഗത്തെയും ഇന്ത്യക്കാരായിപ്പോലും കാണാനാവില്ലെന്നായിരുന്നു ഗോൾവാൾക്കറുടെ കാഴ്ചപ്പാട്. ഇതുതന്നെയാണ് ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോഴും പിന്തുടരുന്നത്. അതിനപ്പുറത്തേക്ക് ബി.ജെ.പിയും സർക്കാരും വളരുമെന്ന് കരുതുന്നത് മൗഢ്യമാവും.

ആർ.എസ്.എസ് ഇടയ്ക്കിടെ പറയുന്ന സമത്വവാദത്തെ പിൻപറ്റി ആർ.എസ്.എസ് നേതാവും പാഞ്ചജന്യയുടെ മുൻ എഡിറ്ററുമായ തരുൺ വിജയ് ഒരിക്കൽ മധ്യഇന്ത്യയിലെ, ദലിതുകൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, അദ്ദേഹത്തിനും കൂടെവന്ന ദലിതുകൾക്കും മേൽജാതിക്കാരുടെ മർദനമാണു നേരിടേണ്ടിവന്നത്. ആർ.എസ്.എസിലെ ആരും തരുൺ വിജയിനെ പിന്തുണച്ചില്ല. അതായത്, മാറ്റമൊന്നും സംഘ്പരിവാറിനുണ്ടായിട്ടില്ല. ദലിത് പ്രേമവും ആദിവാസി പ്രേമവും ക്രിസ്ത്യൻ പ്രേമവുമെല്ലാം അവരുടെ ലക്ഷ്യപൂർത്തീകരണത്തിലേക്കുള്ള വഴികളാണ്. വേട്ടക്കാരുമായുളള സഖ്യം താൽക്കാലികമായി മാത്രമേ സുരക്ഷിതബോധമുണ്ടാക്കൂ. എന്നാൽ, അതിന് ആയുസുണ്ടാകില്ല.


ഇരകൾ തമ്മിലാണ്, വേട്ടക്കാരുമായല്ല സഖ്യം സ്ഥാപിക്കേണ്ടതെന്ന ബോധ്യം സഭാനേതൃത്വത്തിനുണ്ടാകണം. രാജ്യത്തെ മുസ്‌ലിംകൾ ക്രിസ്ത്യാനികളെ സഹോദര സമൂഹമായാണ് കാണുന്നത്. ഒരുമേശയ്ക്ക് ചുറ്റുമിരുന്നാൽ മാറാവുന്നതേയുള്ളൂ പരസ്പരമുള്ള തെറ്റായ ധാരണകൾ. അത് മനസിലാക്കാനുള്ള വിവേകം ക്രിസ്ത്യൻ നേതൃത്വത്തിന് നഷ്ടപ്പെട്ടിട്ടില്ല. ഇരുവിഭാഗത്തിന്റെയും നേതൃത്വങ്ങൾ ചർച്ചയ്ക്ക് തയാറാവുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  18 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  19 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  23 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago