ആത്മഹത്യ വിധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
കുടുംബ ആത്മഹത്യകള്‍ നിത്യവാര്‍ത്തകളായി മാറിക്കഴിഞ്ഞ കേരളത്തിന്റെ മനഃസാക്ഷിയെ വല്ലാതെ നടുക്കിക്കളഞ്ഞൊരു സംഭവമാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ടമലയിലുണ്ടായത്. വിധവയും സ്‌കൂള്‍ പാചകത്തൊഴിലാളിയുമായ വിമലകുമാരിയെന്ന 58കാരി, എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായി മാനസിക വെല്ലുവിളി നേരിടുന്നവളായി മാറിയ മകള്‍ രേഷ്മ(28)യെ കൊന്ന് ജീവനൊടുക്കിയ സംഭവം. മകളെ പരിപാലിക്കലും ജോലിക്കു പോയി അന്നം കണ്ടെത്തലും ഒരുമിച്ചു കൊണ്ടുപോകാനാവാതെ വന്നപ്പോഴാണ് വിമലകുമാരി ഈ കടുംകൈ ചെയ്തത്. തീര്‍ത്തും നിസ്സഹായമായ മനുഷ്യാവസ്ഥയുടെ മുന്നില്‍ ഇരുള്‍ മാത്രം കണ്ടപ്പോഴാണ് ആ അമ്മ മകളെ കൊന്ന് ജീവത്യാഗമെന്ന മാര്‍ഗം കണ്ടെത്തിയത്. മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നൊരു സമൂഹത്തിന് ഒരിക്കലും കണ്ടുസഹിക്കാനാവാത്തതാണ് ഈ ദുരന്തം.
ഭരണകൂടം വിതച്ച ക്രൂരതയുടെ ഇരകളാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പന്ത്രണ്ടായിരത്തോളം ഏക്കര്‍ വരുന്ന കശുമാവിന്‍തോട്ടത്തിനു മുകളിലേക്ക് എന്‍ഡോസള്‍ഫാനെന്ന കീടനാശിനിയുമായി 1978ല്‍ പറന്നെത്തിത്തുടങ്ങിയ ഹെലികോപ്റ്ററുകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വിതറുന്നത് കടുത്ത രാസവിഷമാണെന്ന് നാട്ടുകാരറിഞ്ഞില്ല. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട അതിമാരകമായ കീടനാശിനിയാണിതെന്ന് കേരളത്തിലെ പരിസ്ഥിതിസ്‌നേഹികളും മറ്റും അറിഞ്ഞുതുടങ്ങിയത് ഇത്തിരി വൈകിയാണ്. തുടര്‍ന്ന് വിവിധ കോണുകളില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നു. എന്നിട്ടും 2000 വരെ ആ മഹാപാതകം തുടര്‍ന്നു എന്നുമാത്രമല്ല, എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ദോഷകരമല്ലെന്നു പറയുന്ന ചില ശാസ്ത്രജ്ഞരെ രംഗത്തിറക്കി വിഷയപ്രയോഗത്തെ ന്യായീകരിക്കാനുള്ള ശ്രമം പോലും നടത്തി ഭരണകൂടം. പിന്നീട് ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ എന്‍ഡോസള്‍ഫാനെതിരേ നടത്തിയ പോരാട്ടം കനക്കുകയും കോടതി ഇടപെടലുകളുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് വിഷവര്‍ഷം നിര്‍ത്തിവച്ചത്.
അപ്പോഴേക്കും പതിനായിരക്കണക്കിനാളുകള്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിന് ഇരകളായിക്കഴിഞ്ഞിരുന്നു. അവരെയും കടന്ന് അടുത്ത തലമുറകളിലേക്കും അതു വ്യാപിച്ചു. അവരില്‍ പലരും ശാരീരിക വെല്ലുവിളി നേരിടുന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരും ചിലര്‍ നിത്യയശയ്യാവലംബികളുമായി. കുറച്ചുപേര്‍ സാധാരണ ജീവിതത്തിലേക്ക് ഇനിയൊരു മടക്കമില്ലെന്ന ധാരണയില്‍ ആത്മഹത്യ ചെയ്തു.
മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്തൊക്കെയോ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതിലേറെയും വിഷയത്തോടുള്ള സര്‍ക്കാര്‍ അവഗണന മൂലവും ബ്യൂറോക്രസിയുടെ യന്ത്രഭാഗങ്ങളില്‍ തട്ടിത്തടഞ്ഞും ലക്ഷ്യത്തിലെത്താതെപോയി. എഴുന്നേറ്റു നില്‍ക്കാന്‍ പോലും പ്രാപ്തിയില്ലാത്തവരടക്കമുള്ള ദുരിതബാധിതര്‍ നീതിക്കു കേണ് ദിവസങ്ങളോളം സെക്രട്ടേറിയറ്റിനു മുന്നില്‍ ഇരിക്കുന്ന ഹൃദയഭേദകമായ കാഴ്ചയും കേരളം കണ്ടു.
ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുച്ഛമായ തുകകളാണ് ദുരിതബാധിതര്‍ക്ക് അനുവദിച്ചുപോന്നത്. ഇതില്‍ സുപ്രിം കോടതിക്ക് ഇടപെടേണ്ടിയും വന്നു. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും മറ്റു ദുരിതബാധിതര്‍ക്ക് മൂന്നു ലക്ഷം വീതവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ആ തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍നിന്ന് ഈടാക്കണമെന്നും അവര്‍ നല്‍കിയില്ലെങ്കില്‍ തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും 2010ല്‍ സുപ്രിംകോടതി വിധി വന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങിയില്ല. ഇതിനെതിരേ കോടതിയലക്ഷ്യ ഹരജിയുമായി ദുരിതബാധിതര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. വിധിയെ തുടര്‍ന്ന് ഇതുവരെ ഈ തുക കിട്ടിയത് വളരെ കുറച്ചുപേര്‍ക്കു മാത്രം. ഏതവസ്ഥയിലുള്ള മനുഷ്യരെയാണ് ഇങ്ങനെ സെക്രട്ടേറിയറ്റ് നടയിലും കോടതിയിലുമൊക്കെ എത്തിച്ച് ദ്രോഹിക്കുന്നതെന്നോര്‍ക്കണം.
ഏറ്റവുമൊടുവില്‍ ഈ തുക നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം 200 കോടി അനുവദിച്ചിട്ടുമുണ്ട്. അതിലും നീങ്ങിയത് വളരെ കുറഞ്ഞ തുക മാത്രം. ഭൂരിഭാഗവും എവിടെയൊക്കെയോ ആയി ചുവപ്പു നാടകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതുകൂടാതെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്ത തുച്ഛമായ പെന്‍ഷന്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നേരത്തെ കിട്ടിപ്പോന്ന 500 രൂപ വെട്ടിക്കുറച്ചാണ് നല്‍കിയതും.
ദുരിതബാധിതര്‍ക്കുവേണ്ടി സത്യസന്ധവും കൃത്യവുമായ ഒരു പുനരധിവാസ പാക്കേജ് ഇല്ലാതെപോകുന്നതാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് സംഭവിക്കുന്ന ഏറ്റവും വലിയ അനാസ്ഥ. കുറെ കാശുകൊടുത്ത് മാത്രമോ മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ അവര്‍ക്കുള്ള കേന്ദ്രങ്ങളില്‍ തള്ളിവിട്ടോ തീര്‍ക്കാവുന്നതല്ല ഈ പുനരധിവാസം. ഒരു കെയര്‍ഹോമില്‍ അന്തേവാസിയായിരുന്ന രേഷ്മ, കൊവിഡ് കാലത്ത് വീട്ടില്‍ വന്നതിനു ശേഷം തിരിച്ചുപോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിമലകുമാരിക്ക് മകളെ കൊന്ന് ജീവനൊടുക്കേണ്ടിവന്നത്. ലോകഗതികളില്‍നിന്നൊക്കെ വേറിട്ട് നിസ്സഹായമായിപ്പോയ ആ പാവം മനസ്സ് അമ്മയുടെ തണല്‍ ആഗ്രഹിച്ചുപോയത് സ്വാഭാവികം.
ഇതുപോലുള്ളവര്‍ക്ക് ആവശ്യമായ സൗകര്യമുള്ള ഇടങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനും തുച്ഛമായ തുകയ്ക്ക് പുറത്തുപോയി പണിയെടുത്ത് അന്നംതേടേണ്ട അവസ്ഥയില്ലാതെ അവര്‍ക്ക് മക്കളെ പരിചരിക്കാനുമാവുന്ന സംവിധാനമുണ്ടാകണം. അതു ചെയ്താല്‍ പോലും ഭരണകൂടം അവരോടു ചെയ്ത കൊടുംക്രൂരതയ്ക്ക് പ്രായശ്ചിത്തമാവില്ല. എന്നാല്‍ ഇത്രയെങ്കിലും ചെയ്യേണ്ടത് കേവല മനുഷ്യത്വമുള്ളൊരു ഭരണകൂടത്തിന്റെ ബാധ്യതയാണ്. കേരളീയ സമൂഹത്തില്‍ കരുണയുടെ തരിമ്പെങ്കിലും അവശേഷിക്കുന്നവരുടെ ശബ്ദം അതിനായി ഉയരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."