വീണ്ടും പരീക്ഷ; രണ്ടാം സെമസ്റ്റര്‍ ബിരുദ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് സര്‍വകലാശാലയുടെ കുറ്റസമ്മതം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020 ബാച്ചിലെ ബിരുദ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് അവസാനം സര്‍വകലാശാലയുടെ കുറ്റസമ്മതം . ആദ്യഘട്ടത്തില്‍ മുവായിരത്തി അഞ്ഞൂറോളം ഉത്തരക്കടലാസുകള്‍ കാണാനില്ലെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇതോടെ സിന്‍ഡിക്കേറ്റംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി, ഒരു പേപ്പര്‍ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തി ഇക്കാര്യം തെളിയിക്കുമെന്നും പറഞ്ഞിരുന്നു.
ഉത്തരക്കടലാസ് നഷ്ടപ്പെട്ടു എന്ന് വാര്‍ത്ത നല്കിയ പത്രങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനും യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് തിരച്ചില്‍ നടത്തി കുറേ പേപ്പറുകള്‍ കണ്ടെടുത്തത്. കണ്ടെടുത്ത പേപ്പറില്‍ വിദ്യാര്‍ഥികളുടെ പേര് ,രജിസ്റ്റര്‍ നമ്പര്‍ ,എഴുതിയ പേപ്പറിന്റെ പേര് ഉള്‍പ്പെടെ സര്‍വകലാശാല പുറത്തുവിട്ടതോടെ പരീക്ഷ എഴുതിയ പലരുടെയും ഉത്തരക്കടലാസുകള്‍ ഇല്ലെന്ന് വ്യക്തമായി.
ബി.എ വിഭാഗത്തില്‍ നിന്ന് കാണാതായ ഉത്തരക്കടലാസുകളുടെ ലിസ്റ്റാണ് പരീക്ഷാഭവന് പുറത്തിറക്കിയിരിക്കുന്നത്.
ബാക്കിയുള്ള സെക് ഷനുകളില്‍ നിന്ന് കാണാതായ ഉത്തരക്കടലാസുകളുടെ വിവരങ്ങള്‍ സര്‍വകലാശാല ഇനിയും പുറത്തുവിട്ടിട്ടില്ല. ഉത്തരക്കടലാസ് കാണാതായവരുടെ പരീക്ഷ വീണ്ടും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടില്ലെന്ന യൂനിവേഴ്സിറ്റിയുടെ വാദം പൊളിയുകയായിരുന്നു.
അതേസമയം ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച സമിതി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."