വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുരാഷ്ട്ര ജില്ലാ പ്രഖ്യാപനവുമായി സംഘ്പരിവാര്‍; അനുമതിയില്ലാതെ പരിപാടി നടത്തിയതിനു മാത്രം കേസെടുത്ത് പൊലിസ്
ന്യൂഡല്‍ഹി: 2020ല്‍ 53 പേര്‍ കൊല്ലപ്പെട്ട കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹില്‍ ആദ്യത്തെ ഹിന്ദുരാഷ്ട്ര ജില്ലാ പ്രഖ്യാപനവുമായി സംഘ്പരിവാര്‍ സംഘടന. മുസ്‌ലിംകളെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചടങ്ങില്‍ ശിവാസ്ത്ര വിതരണവും ഹിന്ദുരാജ്യത്തിനായുള്ള പ്രതിജ്ഞയെടുക്കലും നടന്നു. ഞായറാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാര്‍ നഗറിലാണ് ഹിന്ദു രാഷ്ട്ര പഞ്ചായത്തെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
സംഘാടകര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അനുമതിയില്ലാതെ ചടങ്ങ് സംഘടിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം (പൊലിസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കല്‍) വകുപ്പ് മാത്രം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ഡോ. സത്യനാരായണ ജതിയയും ബി.ജെ.പി നേതാവും മുന്‍ നോര്‍ത്ത് ഡല്‍ഹി മേയര്‍ അവതാര്‍ ഗുപ്തയും ചടങ്ങില്‍ പങ്കെടുത്തു.
വടക്കുകിഴക്കന്‍ ഡല്‍ഹിയെ രാജ്യത്തെ ആദ്യത്തെ ഹിന്ദുരാഷ്ട്ര ജില്ലയാക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച ബി.ജെ.പി നേതാവും യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റുമായ ജയ് ഭഗവാന്‍ ഗോയല്‍ പറഞ്ഞു. ഗോയലാണ് പരിപാടിയുടെ പ്രധാന സംഘാടകന്‍. മുസ്‌ലിംകളുമായി വാണിജ്യ ഇടപാടുകള്‍ നടത്തരുതെന്നും വീടുകളോ വസ്തുക്കളോ മുസ്‌ലിംകള്‍ക്ക് വില്‍ക്കരുതെന്നും ഗോയല്‍ ആഹ്വാനം ചെയ്തു.
ഹിന്ദുക്കള്‍ക്കായി പഞ്ചായത്ത് തലത്തിലും അസംബ്ലി മണ്ഡലതലത്തിനും യൂനിറ്റുകള്‍ സജ്ജീകരിച്ചതായും ഗോയല്‍ പറഞ്ഞു. പരിപാടിയുടെ ലക്ഷ്യം, അതിലെ പ്രസംഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഡല്‍ഹി പൊലിസ് ഡപ്യൂട്ടി കമ്മിഷണര്‍ ജോയ് തിര്‍കി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."